സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, January 4, 2011

സമ്പന്നമായ കേരളത്തിലെ യാചകരായ മന്ത്രിമാര്‍‍

സമ്പന്നമായ ഒരു രാജ്യത്തെ രാജാവ്‌ സ്വന്തം പ്രജകളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ അന്യരാജ്യത്തെ ജനങ്ങളുടെ നേരേ കൈ നീട്ടിയതായി ചരിത്രത്തില്‍ കേട്ടിട്ടുണ്ടോ? ഒരിക്കലും ആരും കേട്ടുകാണില്ല. എന്നാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ നാം ഇത്‌ ഇപ്പോള്‍ കേള്‍ക്കുന്നു. ജനാധിപത്യത്തിലെ രാജാക്കന്മാരായ മന്ത്രിമാര്‍ ഇപ്പോള്‍ കേരളത്തില്‍ ഇരുന്നുകൊണ്ടു സ്വന്തം പ്രജകളുടെ ക്ഷേമത്തിനായി അന്യരാജ്യങ്ങളിലെ സമ്പന്നരോടു യാചിക്കുന്നതാണു നാം ഇന്നു കാണുന്നത്‌. കേരളത്തില്‍ സ്‌മാര്‍ട്‌സിറ്റി പണിയാന്‍ ഗള്‍ഫ്‌ രാജ്യത്തെ ഷെയ്‌ക്കുമാരോടും റോഡ്‌ പണിയാന്‍ കൊറിയയിലെ നിര്‍മാണക്കമ്പനികളോടും യാചിക്കുന്നത്‌ ഒരുവിധത്തില്‍ പറഞ്ഞാല്‍ അതിസമ്പന്നനായ രാജാവ്‌ സ്വന്തം നാടു നന്നാക്കാന്‍ അന്യരാജ്യങ്ങളുടെ നേരേ കൈ നീട്ടുന്നതിനു തുല്യമാണ്‌.

ജനങ്ങളോടു യാചിച്ചു സംഭാവന വാങ്ങി ലക്ഷംവീടു പോലുള്ള പലേ സംരംഭങ്ങളും നടത്തിയിട്ടുള്ളവരാണു കേരളത്തിലെ മന്ത്രിമാര്‍. ആ സംരംഭങ്ങള്‍ വിജയകരമായിരുന്നു എന്നതു മറ്റൊരു കാര്യം. ഭരണഭാരമേറ്റ രാജാവ്‌ ജനങ്ങളോടു യാചിച്ചു പണമുണ്ടാക്കി കാര്യം നടത്തിയത്‌ അനഭിലഷണീയമായ ഒരു പ്രവൃത്തി തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷേ, ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു വിശ്വസിക്കുന്നവര്‍ക്ക്‌ എന്തു മാര്‍ഗവുമാകാമല്ലോ?

എല്ലാ രാജാക്കന്മാരും ഭാവനാപരവും ബുദ്ധിപൂര്‍വവുമായ മാര്‍ഗങ്ങളിലൂടെ സമ്പത്തുണ്ടാക്കിയാണു ജനക്ഷേമകരമായ ഭരണം നടത്തിയിട്ടുള്ളത്‌. അല്ലാതെ ഒരു രാജാവും തെരുവിലിറങ്ങി ജനങ്ങളുടെ നേരേ കൈ നീട്ടിയിട്ടില്ല. തിരുവിതാംകൂര്‍ മഹാരാജാവ്‌ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിലിറങ്ങി ജനങ്ങളുടെ മുന്നില്‍ കൈ നീട്ടി നില്‍ക്കുന്നതിനെക്കുറിച്ച്‌ ആര്‍ക്കെങ്കിലും ആലോചിക്കാന്‍ കഴിയുമായിരുന്നോ? അങ്ങനെയൊരവസ്‌ഥയേക്കുറിച്ചു ചിന്തിക്കാന്‍ പോലും മഹാരാജാവിനു കഴിയില്ല. അങ്ങനെയൊരു ദരിദ്രാവസ്‌ഥ രാജ്യത്തിനുണ്ടായാല്‍ അദ്ദേഹം വൈരക്കല്ലു വിഴുങ്ങി ആത്മഹത്യ ചെയ്‌തെന്നിരിക്കും. അല്ലാതെ ജനങ്ങളോടോ അന്യരോടോ യാചിച്ച്‌ ഒരു മഹാരാജാവും ഒരുനിമിഷം പോലും ജീവിക്കുകയില്ല. അതു കുലീനതയുടേയും ആഢ്യത്വത്തിന്റേയും കാര്യം.

കേരളത്തില്‍ ഒരു സ്‌മാര്‍ട്‌സിറ്റി പണിയാന്‍ കേരളത്തിലെ സര്‍ക്കാര്‍ ദുബായിലെ ഷെയ്‌ക്കുമാരുടേയോ അവരുടെ കമ്പനിയുടേയോ പിറകെ നടക്കാന്‍ തുടങ്ങിയിട്ടു പലേ വര്‍ഷങ്ങളായി. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയതാണു സ്‌മാര്‍ട്‌സിറ്റിക്കുവേണ്ടി മുതലിറക്കാനുള്ള ഈ യാചിക്കല്‍. ഒടുവില്‍ ഇടതുപക്ഷമുന്നണി സര്‍ക്കാരിന്റെ താണുവീണു കേണുള്ള അപേക്ഷകള്‍ക്കു മുന്നില്‍ ഷെയ്‌ക്കുമാരുടെ മനസ്‌ അലിയാത്തതുകൊണ്ട്‌ ഗള്‍ഫില്‍ വലിയ ബിസിനസ്‌ നടത്തി വിജയിച്ച്‌ അന്തസ്‌ നേടിയ എം.എ. യൂസഫലിയെ വരെ കേരളമന്ത്രിസഭ നിയോഗിച്ചു.

അങ്ങനെ നോക്കിയാല്‍ ലോകത്തിലെ പല രാജ്യങ്ങളിലേയും കമ്പനികളോടു പല അപേക്ഷകളും കേരളസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. ഇതിനുമുമ്പ്‌ യു.ഡി.എഫ്‌. സര്‍ക്കാരും ഇതുതന്നെയാണു നടത്തിയിരുന്നത്‌. വികസനത്തിന്‌, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിദേശസഹകരണവും വിദേശ മുതല്‍മുടക്കും സ്വീകരിക്കുന്നത്‌, അല്ലെങ്കില്‍ ഏഷ്യന്‍ വികസനബാങ്കിനെ (എ.ഡി.ബി) പോലെയുള്ള സ്‌ഥാപനങ്ങളില്‍നിന്നു വായ്‌പ വാങ്ങുന്നതുമെല്ലാം പുതിയ ആഗോള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നതു സമ്മതിക്കുന്നു.

പക്ഷേ, കേരളം അന്യദേശക്കാരുടെ മുന്നില്‍ ഇങ്ങനെ യാചകരായി മാറേണ്ട കാര്യമുണ്ടോ എന്നു കേരളീയര്‍ ആത്മാര്‍ഥമായി ചിന്തിക്കേണ്ട സമയം ഇപ്പോള്‍ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. കാരണം, കേരളം ഇന്നു ലോകത്തിലെ തന്നെ അതിസമ്പന്നമായ ഒരു ഭൂപ്രദേശമാണ്‌. ഓരോ കേരളീയനും ഞെട്ടിപ്പോകുന്ന യാഥാര്‍ഥ്യങ്ങളാണു നമ്മുടെ മുന്നിലുള്ളത്‌. 2010 മാര്‍ച്ച്‌ വരെയുള്ള ഔദ്യോഗിക കണക്കുകളനുസരിച്ചു കേരളത്തിലെ ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം ഒന്നര ലക്ഷത്തിലധികം കോടി രൂപയാണ്‌. കൃത്യമായി പറഞ്ഞാല്‍ 1,50,052 കോടി രൂപ. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണമേഖലയിലുമായി പ്രവര്‍ത്തിക്കുന്ന അമ്പത്തിരണ്ടു ബാങ്കുകളുടെ മാത്രം കണക്കാണിത്‌. ഇതില്‍ 34,000 കോടി രൂപ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിലുമാണ്‌. ഇതില്‍ നല്ലൊരു ഭാഗം ഗള്‍ഫില്‍ അടക്കം മുപ്പതു വിദേശരാജ്യങ്ങളിലുള്ള പ്രവാസി കേരളീയരുടെ നിക്ഷേപമാണ്‌. ഈ കോടിക്കണക്കിനു രൂപ സ്‌മാര്‍ട്‌സിറ്റിക്കോ മറ്റേതെങ്കിലും വ്യവസായ വാണിജ്യ സംരംഭത്തിനുവേണ്ടിയോ മുതല്‍മുടക്കണമെന്ന്‌ ആവശ്യപ്പെട്ടാല്‍ കേരളീയരായ നിക്ഷേപകര്‍ അതിനു തീര്‍ച്ചയായും സന്നദ്ധരാകും. അവര്‍ക്കു ബാങ്കില്‍ നിന്നു ലഭിക്കുന്ന പലിശയേക്കാള്‍ ഒരു ശതമാനമോ രണ്ടു ശതമാനമോ കൂടുതല്‍ പലിശ നല്‍കാമെന്നു സര്‍ക്കാരിന്‌ ഉറപ്പുനല്‍കാന്‍ കഴിയണമെന്നേയുള്ളൂ. പക്ഷേ, അതു കുറുപ്പിന്റെ ഉറപ്പു പോലെയാകരുതെന്നുമാത്രം. അങ്ങനെയായാല്‍ മരുഭൂമിയിലെ പൊരിയുന്ന വെയിലത്ത്‌ രക്‌തം വിയര്‍പ്പാക്കി പണിയെടുത്തു മലയാളി ഉണ്ടാക്കിയ പണം കടലില്‍ കായം കലക്കിയതുപോലെയാകുമെന്ന്‌ അവര്‍ ഭയപ്പെടുന്നു.

പക്ഷേ അങ്ങനെ സംഭവിക്കുകയില്ലെന്നു തെളിയിക്കപ്പെട്ടിട്ടുള്ള സംസ്‌ഥാനമാണു കേരളം. സര്‍ക്കാര്‍-പൊതുജനസംരംഭം ഇത്ര വിജയകരമായി നടപ്പാക്കിയിട്ടുള്ള ഒരു സംസ്‌ഥാനം ഇന്ത്യയില്‍ വേറെയില്ല. ഏറ്റവും വലിയ ഉദാഹരണം നെടുമ്പാശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ കമ്പനിയാണ്‌. ആ സ്വപ്‌നം പൂവണിഞ്ഞത്‌ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും നിക്ഷേപംകൊണ്ടാണ്‌. അന്നു നെടുമ്പാശേരി വിമാനത്താവളം വരുന്നതിനെതിരേ സര്‍വശക്‌തിയുമുപയോഗിച്ചു സമരംചെയ്‌ത സി.പി.എമ്മിന്റെ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഇന്ന്‌ മുഖ്യമന്ത്രിയാണെന്നു മാത്രമല്ല വിമാനത്താവള കമ്പനിയുടെ ഡയറക്‌ടര്‍ബോര്‍ഡ്‌ ചെയര്‍മാനുമാണ്‌.

ധനികര്‍ക്കു യാത്രചെയ്യാന്‍ പാവപ്പെട്ടവരുടെ നികുതിപ്പണംകൊണ്ട്‌ വിമാനത്താവളം നിര്‍മിക്കുന്നതെന്തിന്‌ എന്നുചോദിച്ച അതേ പാര്‍ട്ടിയുടെ മുഖ്യമന്ത്രി, കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 211.63 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന്‌ കൊടുത്തശേഷം വിമാനക്കമ്പനി 77.5 കോടി രൂപ ലാഭമുണ്ടാക്കി എന്നിപ്പോള്‍ അഭിമാനത്തോടെ പറയുന്നു. കാലം മാറി, സി.പി.എമ്മും മാറി. ഇനി പാര്‍ട്ടി പണ്ടുചെയ്‌ത പമ്പരവിഡ്‌ഢിത്തങ്ങളെക്കുറിച്ചോ വിവരക്കേടിനെക്കുറിച്ചോ പറഞ്ഞുപറഞ്ഞ്‌ ആ പാര്‍ട്ടിയുടെ നേതൃത്വത്തെ നോവിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലല്ലോ? അല്ലെങ്കില്‍ കമ്പ്യൂട്ടറിനെ എതിര്‍ത്ത ഹിമാലയന്‍ വിഡ്‌ഢിത്തത്തെക്കുറിച്ചെല്ലാം നമുക്ക്‌ ഓര്‍ക്കേണ്ടിവരുമല്ലോ? പഴയതെല്ലാം നമുക്കു മറക്കാം. കാരണം നാം ജീവിക്കുന്നത്‌ 21-ാം നൂറ്റാണ്ടിലാണല്ലോ?

പക്ഷേ, ഒരുകാര്യം നമുക്ക്‌ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. അതു നെടുമ്പാശേരി വിമാനത്താവളം നിര്‍മിക്കുന്നതു സായ്‌പന്മാര്‍ക്കു കേരളത്തില്‍ വന്നു വ്യഭിചരിച്ചു മടങ്ങിപ്പോകാനാണെന്നു ലേഖനമെഴുതിയ ഒരു പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തകനും കേരളത്തിലുണ്ടായി എന്നതാണ്‌. ഒരു വിദേശീയന്‍ വന്ന്‌ കറന്‍സി നീട്ടിയാല്‍ തുണിയുരിയുന്നവരാണു കേരളത്തിലുള്ളതെന്ന്‌ എഴുതിയ ആ കപട പരിസ്‌ഥിതിവാദി എത്ര നികൃഷ്‌ടനായിരിക്കണം. രണ്ടായിരം വര്‍ഷമായി ജൂതന്മാരും അറബികളും പിന്നീട്‌ ഫ്രഞ്ചുകാരും ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും വന്നിറങ്ങിയ നാടാണ്‌ കേരളം. അവരുടെ മുന്നില്‍ മാനം വിറ്റവരായിരുന്നോ മലയാളിപ്പെണ്ണുങ്ങള്‍? സ്വന്തം നാട്ടിലെ അമ്മപെങ്ങന്മാരെക്കുറിച്ച്‌ ഒരു മതിപ്പും വിശ്വാസവുമില്ലാത്ത നികൃഷ്‌ടര്‍ക്ക്‌ എന്തും വിളിച്ചുപറയാമല്ലോ? കേരളത്തില്‍ രംഗത്തിറങ്ങിയിട്ടുള്ള കുറേ കപട പരിസ്‌ഥിതി മൗലികവാദികളുടെ രഹസ്യ അജന്‍ഡ എന്താണെന്നതിനെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന അഭിപ്രായക്കാരനാണു ഞാന്‍. കാരണം, നെടുമ്പാശേരി വിമാനത്താവള നിര്‍മ്മാണത്തെ ഏറ്റവും ശക്‌തിയായി എതിര്‍ത്തത്‌ ബോംബെ ലോബിയാണ്‌. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ കൊച്ചിയില്‍ തുടങ്ങിയാല്‍ ബോംബെ വിമാനത്താവളത്തിനും ഹോട്ടലുകള്‍ക്കും ഏറെ ബിസിനസ്‌ കുറയും. ആ ലോബി പണം മുടക്കിയാണു കേരളത്തില്‍ എതിര്‍പ്പു സൃഷ്‌ടിച്ചത്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യയും ഇക്കണോമിക്‌ ടൈംസുമെല്ലാം കൊച്ചിക്കെതിരേ കൊണ്ടുപിടിച്ച്‌ എഴുതിയ കാര്യം വിസ്‌മരിക്കാനാവില്ല.

ഇപ്പോള്‍ കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപമായി കിടക്കുന്ന ആയിരക്കണക്കിനു കോടി രൂപ സംസ്‌ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാനുള്ള ഒരു സമഗ്ര പരിപാടിക്കു രൂപം നല്‍കാനാണ്‌ കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ തയാറാകേണ്ടത്‌. അതിനു നെടുമ്പാശേരി വിമാനത്താവളക്കമ്പനി പോലെ സര്‍ക്കാര്‍ - പൊതുജന സംരംഭം വലിയ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ടല്ലോ? ഇപ്പോള്‍ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വരാന്‍ പോകുന്നതും ഇങ്ങനെയുള്ള ഒരു സംരംഭമായിത്തന്നെയാണ്‌. ദീര്‍ഘദൃഷ്‌ടിയോടെ ചിന്തിച്ചിരുന്നെങ്കില്‍ പത്തുകൊല്ലം മുമ്പ്‌ കണ്ണൂരില്‍ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം വരേണ്ടതായിരുന്നു. അങ്ങനെ പലതും. ലോകത്തിന്റെ മാറ്റം കാണാനും ദീര്‍ഘദൃഷ്‌ടിയോടെ ചിന്തിക്കാനും നമുക്കും നമ്മുടെ നേതാക്കള്‍ക്കും കഴിയുന്നില്ല എന്നതാണല്ലോ കേരളത്തിന്റെ ഒരു ശാപം. എന്നിട്ടു സംസ്‌ഥാനത്തെ ബാങ്കുകളിലെ നിക്ഷേപം അന്യസംസ്‌ഥാനത്തെ സ്‌ഥാപനങ്ങള്‍ വായ്‌പയായി കൊണ്ടുപോയി അവിടങ്ങളില്‍ വ്യവസായ വികസനം കൈവരിക്കുന്നതിനെ നാം എതിര്‍ക്കുന്നതിന്‌ എന്താണ്‌ ന്യായം?

കൊച്ചിയില്‍ ഒരു സ്‌മാര്‍ട്‌സിറ്റി നിര്‍മ്മിക്കാന്‍ രണ്ടായിരം കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിനു കഴിയാത്തതുകൊണ്ടാണല്ലോ ഗള്‍ഫുകാരന്റെ പിന്നാലെ യാചിച്ചുകൊണ്ടു നടക്കുന്നത്‌. ബാങ്കിംഗ്‌ മേഖലയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ കേരളത്തിലെ സഹകരണ ബാങ്കുകളിലും സ്‌ഥാപനങ്ങളിലുമുള്ള മൊത്തം നിക്ഷേപം ഇപ്പോള്‍ എണ്ണായിരം കോടി രൂപ. അതിന്റെ ഒരംശം പോരേ കേരളത്തിനു സ്വന്തമായി ഒരു സ്‌മാര്‍ട്‌സിറ്റി നിര്‍മിക്കാന്‍?

പക്ഷേ, എന്തുകൊണ്ട്‌ നമ്മുടെ രാഷ്‌ട്രീയനേതൃത്വം ഇതിനു തയാറാകുന്നില്ല? അതിന്‌ ഒരു കാരണമേ പലരും കാണുന്നുള്ളൂ. അതു ലോകത്തിലെതന്നെ വിജയകരമായ ഒരു സംരംഭം - അമേരിക്കയിലെ ഹാര്‍വാഡ്‌ സര്‍വകലാശാല പോലും പ്രകീര്‍ത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവള കമ്പനി - പോലെയുള്ള സ്‌ഥാപനങ്ങളുണ്ടാക്കി ഇതെല്ലാം ചെയ്യുന്നതില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കു വലിയ താല്‍പര്യമില്ലെന്നതുതന്നെ.

വിദേശത്തുനിന്നു കമ്പനികളോ സ്വകാര്യ കുത്തകകളോ വന്ന്‌ സംരംഭം തുടങ്ങിയാല്‍ അതില്‍നിന്നു പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ കമ്മീഷന്‍ കിട്ടുമെന്നതാണ്‌ ഇതിനടിയിലുള്ള യഥാര്‍ഥ രഹസ്യം. കിക്ക്‌ ബാക്ക്‌ എന്ന ഓമനപ്പേരുള്ള പുതിയ കമ്മീഷന്‍. കണ്ണു മഞ്ഞളിപ്പിക്കുന്ന ആ കമ്മീഷന്റെ കാര്യത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അഭിപ്രായവ്യത്യാസമില്ലെന്നതാണ്‌ മറ്റൊരു യാഥാര്‍ഥ്യം.

Followers