സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Saturday, January 8, 2011

വിമതരുടെ വായ മൂടുന്ന വെടിയുണ്ടകള്‍-എം. സുധീന്ദ്രകുമാര്‍

മതനിന്ദാനിയമത്തെ എതിര്‍ത്തതിനാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ സ്വന്തം അംഗരക്ഷകന്‍ വെടിവെച്ചുകൊന്നത്. മതനിന്ദാനിയമത്തെ എതിര്‍ക്കുന്നതിലുപരി, തസീര്‍ മരണശിക്ഷ കാത്തു ജയിലില്‍ കഴിയുന്ന ഒരു ക്രിസ്ത്യന്‍ സ്ത്രീയെ ന്യായീകരിച്ചതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. മതനിന്ദ നടത്തി എന്ന കുറ്റത്തിനാണ് ആസീയാബീബി എന്ന 46-കാരിക്ക് പാകിസ്താനിലെ കോടതി മരണശിക്ഷ വിധിച്ചത്. മരണം കാത്തുകഴിയുന്ന ആസിയാബീബിയെ സല്‍മാന്‍ തസീര്‍ ഭാര്യയോടും പെണ്‍മക്കളോടുമൊപ്പം ജയിലില്‍ സന്ദര്‍ശിക്കുകയുണ്ടായി.


വെടിയേറ്റു മരിക്കുന്നതിന് ഏതാനും ദിവസംമുമ്പ് ടി.വി. ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തസീര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമുണ്ടായി. തന്റെ മതവിശ്വാസത്തെ ചോദ്യംചെയ്യാന്‍ നിരക്ഷരരായ ഈ മൗലവിമാര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും തസീര്‍ വെട്ടിത്തുറന്ന് ചോദിച്ചു. ആസിയാബീബിക്കൊപ്പം നില്‍ക്കുന്ന അവസാനത്തെ ആള്‍ താനാണെങ്കിലും ശരി ഇക്കാര്യത്തില്‍ ഉറച്ച നിലപാടു തന്നെയാണെന്നും തസീര്‍ പ്രഖ്യാപിച്ചു. 80-കളില്‍ മതമൗലികവാദിയായ പ്രസിഡന്റ് സിയാവുല്‍ ഹഖ് കൊണ്ടുവന്ന പിന്തിരിപ്പന്‍ നിയമത്തിന്റെ അവശിഷ്ടമാണ് ഇപ്പോഴത്തെ മതനിന്ദാനിയമമെന്നും തസീര്‍ അഭിമുഖത്തില്‍ പറഞ്ഞു. മരണത്തെ താന്‍ കാര്യമാക്കുന്നില്ല എന്നുള്ള സന്ദേശം തന്നെയാണ് അഭിമുഖത്തിലുടനീളം തസീര്‍ പരോക്ഷമായി പ്രകടിപ്പിച്ചത്. ഒടുവില്‍ മൗലിക തീവ്രവാദ സംഘടനയായ 'മോവിയ ഗ്രൂപ്പി'ലെ അംഗമായ മാലിക് മുംതാസ് ഗുസൈന്‍ ഖദ്രി എന്ന അംഗരക്ഷകന്‍ തസീറിനെ ഇസ്‌ലാമാബാദിലെ തെരുവില്‍ വെടിവെച്ചുവീഴ്ത്തി. 26 വെടിയുണ്ടകളാണ് ഖദ്രി താന്‍ സംരക്ഷണം നല്‍കേണ്ട ഗവര്‍ണര്‍ക്കുനേരെ ഉതിര്‍ത്തുവിട്ടത്. ഭീകരഭീഷണി ചെറുക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക സേനയിലെ സൈനികനായിരുന്നു ഖദ്രി. കൃത്യത്തിനുശേഷം, മുഹമ്മദിന്റെ ശത്രുക്കള്‍ക്ക് മരണമാണ് വിധിച്ചിരിക്കുന്നത് എന്നായിരുന്നു അക്ഷോഭ്യനായി ഖദ്രി പ്രതികരിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് ജീപ്പിലേക്കു കയറുമ്പോഴും അയാളുടെ മുഖത്തു നിഴലിച്ചത് സംതൃപ്തിമാത്രം.

തസീറിന്റെ ജീവനെടുത്തിട്ടും അദ്ദേഹത്തിന്റെ കൊലയാളികള്‍ക്ക് കലിയടങ്ങിയില്ല. തസീറിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനും അവര്‍ വിലക്ക് പ്രഖ്യാപിച്ചു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതും മതനിന്ദയ്ക്കു തുല്യമാണെന്നായിരുന്നു മതമൗലികവാദികളുടെ ഭീഷണി.

ഭരണകക്ഷിയിലെ പ്രബലരായ 'പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി' (പി.പി.പി.) യുടെ കരുത്തനും മൂല്യങ്ങള്‍ എന്നു മുറുകെപ്പിടിക്കുകയും ചെയ്ത നേതാവായിരുന്നു തസീര്‍. അദ്ദേഹത്തിന്റെ മരണം പി.പി.പി.യെ മാത്രമല്ല ലിബറല്‍ ചിന്താഗതി പുലര്‍ത്തുന്ന എല്ലാവരെയും ഭീതിയിലാഴ്ത്തിയിരിക്കുന്നു. തസീറിന്റെ നിലപാടിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പലരും ഇന്ന് നിശ്ശബ്ദത പാലിക്കുന്നു. മതനിന്ദാനിയമത്തെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി ഗിലാനിപോലും ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നു. സി.ഐ.എ. ഏജന്റെന്ന് മതതീവ്രവാദികള്‍ ഒരിക്കല്‍ മുദ്രകുത്തിയിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തക മെഹര്‍ ബൊഖാറി തസീറിനോട് ഒരു അഭിമുഖത്തില്‍ ചോദിച്ചത്, അദ്ദേഹത്തിന്റെ നിലപാട് പാശ്ചാത്യശക്തികള്‍ക്ക് പിന്തുണ പകരുന്നതല്ലേ എന്നായിരുന്നു. ചോദ്യം തസീറിനെ പ്രകോപിപ്പിച്ചു. നിങ്ങള്‍ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല എന്നദ്ദേഹം പൊട്ടിത്തെറിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തു. ജീവിതത്തിലുള്ള ഭയമാണ് പാകിസ്താനില്‍ ഇന്ന് സ്വതന്ത്ര ചിന്താഗതിക്കാരെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍നിന്ന് തടയുന്നത്. എന്നാല്‍, ഷെറി റഹ്മാന്‍ എന്ന വനിതാ പാര്‍ലമെന്റംഗം ഇക്കാര്യത്തില്‍ കാണിക്കുന്ന ചങ്കൂറ്റം അവിശ്വസനീയമാണ്. മതനിന്ദാനിയമം ഭേദഗതി ചെയ്യണമെന്നവര്‍ പാര്‍ലമെന്റില്‍ പരസ്യമായി ആവശ്യപ്പെട്ടു. ജീവനുനേരെ ഭീഷണി ഉയര്‍ന്നിട്ടും അവര്‍ അതു കൂസാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്താവും ഷെറി റഹ്മാന്റെ ഗതി എന്ന ആശങ്കയിലാണ് അവരെ സ്‌നേഹിക്കുന്നവര്‍.

വയലില്‍ ജോലിചെയ്യുന്ന സ്ത്രീകളുമായുള്ള നിസ്സാര കലഹമാണ് ആസിയാബീബിയുടെ മരണശിക്ഷയില്‍ കലാശിച്ചത്. ആസിയാബീബി കുടിക്കാന്‍ നല്‍കിയ വെള്ളം സ്ത്രീകളില്‍ ചിലര്‍ നിരസിച്ചു. ക്രിസ്ത്യാനി നല്‍കുന്ന വെള്ളം ശുദ്ധമല്ലെന്നായിരുന്നു അവര്‍ അതിനു പറഞ്ഞ കാരണം. പ്രകോപിതയായ ആസിയാബീബി തന്റെ മതത്തിനുവേണ്ടി അവരുമായി ഉറക്കെ ശണ്ഠകൂടി. അതാണ് പിന്നീട് മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടത്. തൊട്ടടുത്ത പള്ളിയിലെ മൗലവി മതരക്ഷയ്ക്കായി ആളുകളെ ഉച്ചഭാഷണിയിലൂടെ വിളിച്ചുകൂട്ടി. ആസിയാബീബിയുടെ വീട് ജനങ്ങള്‍ വളഞ്ഞു. കൈയേറ്റത്തില്‍നിന്ന് അവരെ രക്ഷിക്കാനെത്തിയ പോലീസ് ഒടുവില്‍ മതനിന്ദാക്കുറ്റം ചുമത്തി ആസിയാബീബിയെ ജയിലിലടച്ചു.

ഇതിന്റെ ക്രൂരമായ വശം തന്റെ ഭാഗം വിശദീകരിക്കാന്‍ ആസിയാബീബിക്ക് ഒരിക്കലും അവസരം കിട്ടിയില്ല എന്നതാണ്. എന്താണ് ആസിയാബീബി നടത്തിയ മതനിന്ദ എന്നും പുറംലോകം ഒരിക്കലും അറിയില്ല. അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍പോലും അത് വെളിപ്പെടുത്തില്ല. കാരണം അവ പുറത്തുപറയുന്നതുതന്നെ മതനിന്ദയ്ക്ക് തുല്യമായിത്തീരുമെന്നാണ് വാദം.

വിരുദ്ധ അഭിപ്രായം പറഞ്ഞവനെ നിശ്ശബ്ദനാക്കി എന്നതു മാത്രമല്ല ഗവര്‍ണര്‍ തസീറിന്റെ മരണത്തിന്റെ ദുരന്തഫലം. ഇത്തരം അഭിപ്രായം പറയാന്‍ ധൈര്യം കാണിച്ച മഹാന്യൂനപക്ഷത്തില്‍ ഒരാള്‍കൂടി ഇല്ലാതായി എന്നതാണ് യഥാര്‍ഥ ദുരന്തം. മതമൗലികവാദികള്‍ കൂടുതല്‍ക്കൂടുതലായി പിടിമുറുക്കുന്ന പാകിസ്താന്റെ ദുര്‍ബലമായ രാഷ്ട്രീയചട്ടക്കൂടിന് തസീറിന്റെ വധം താങ്ങാനാവാത്ത പ്രഹരമാണ്. കൊലയെ അപലപിക്കുകയും അതിനെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുകയും ചെയ്യുന്നതില്‍ നിലവിലെ ഭരണകൂടം പരാജയപ്പെടാല്‍ പാകിസ്താന്റെ ജനാധിപത്യ ഭാവി ഇരുളടഞ്ഞതാവും.

Followers