സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Saturday, May 28, 2011

യു.ഡി.എഫ്. നമ്പറുകള്‍ഇന്ദ്രന്‍

മുന്നണികളുടെ നമ്പര്‍കളിക്ക് രണ്ടു ഘട്ടങ്ങളുണ്ട്. പ്രീ ഇലക്ഷന്‍ നമ്പര്‍ ഗെയിമും പോസ്റ്റ് ഇലക്ഷന്‍ നമ്പര്‍ ഗെയിമും. നിയമസഭയിലെ സീറ്റോഹരിവെപ്പിന്റെ നമ്പര്‍കളിയാണ് തിരഞ്ഞെടുപ്പിന് മുമ്പത്തേത്. ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ നമ്പര്‍കളിയില്‍ ഏര്‍പ്പെടുന്ന സ്ഥാപനം കേരളത്തിലെ ഐക്യ ജനാധിപത്യമുന്നണിയാണ്. 140 സീറ്റ് ഘടകകക്ഷികള്‍ക്കിടയില്‍ ഓഹരിവെച്ചാല്‍ മതിയല്ലോ എന്നാവും പുറത്തുള്ളവര്‍ കരുതുക. പോരാ. പാര്‍ട്ടികളുടെ എണ്ണത്തിന്റെ പലമടങ്ങ് ഗ്രൂപ്പുകള്‍ പാര്‍ട്ടികളിലുണ്ട്.

മുന്നണിക്ക് പുറത്തുനിന്ന് പിന്താങ്ങുന്ന ഗ്രൂപ്പുകളും പാര്‍ട്ടികളും വേറെ. മതങ്ങള്‍, ജാതികള്‍, ഉപജാതികള്‍, തറവാടുകള്‍, നാടന്‍ കമ്പനികള്‍, ബഹുരാഷ്ട്ര കുത്തകകള്‍, ഹൈക്കമാന്‍ഡ് ദൈവങ്ങള്‍, ഉപദൈവങ്ങള്‍, കാരണവന്മാര്‍, നാട്ടിലെ അമ്പലം-പള്ളി കമ്മിറ്റികള്‍, നാടുമുഴുവനുമുള്ള വോട്ട് ബാങ്ക് ഡയറക്ടര്‍മാര്‍, അതിന്റെ ശാഖാമാനേജര്‍മാര്‍ തുടങ്ങി നൂറുരൂപ സംഭാവന നല്‍കാന്‍ കഴിവുള്ളവര്‍ വരെ ഒരു സീറ്റ് ഉണ്ടോ എടുക്കാന്‍ എന്ന് ചോദിക്കും. പേമെന്റ് സീറ്റുകളുടെ കേസ് വേറെ.

സ്ഥാനാര്‍ഥികളുടെ ജാതി, മത അനുപാതം ജനസംഖ്യയിലെ അനുപാതവുമായി പൊരുത്തപ്പെടണം. 33 ശതമാനമില്ലെങ്കിലും മൂന്നുശതമാനമെങ്കിലും വേണം പെണ്‍ അനുപാതം. കോടിപതികള്‍ക്ക് കിട്ടിയതിന്റെ പത്തില്‍ ഒന്നെന്ന അനുപാതത്തിലെങ്കിലും ബി.പി.എല്‍.കാര്‍ക്കും കിട്ടണം. അഴിമതിക്കേസില്‍ പ്രതിയാകാത്തവര്‍ക്കും അത്യാവശ്യം കുറച്ച് സീറ്റ് കൊടുക്കണമല്ലോ.

പാര്‍ട്ടി ഉന്നതരുടെ 25 വീതമെങ്കിലും അനുയായികള്‍ ലിസ്റ്റില്‍ ഉണ്ടാവണം. ആകെ ആവശ്യമുള്ള സീറ്റുകളുടെ എണ്ണം എത്ര ആയിരമായാലും കൊടുക്കുന്നതിന്റെ എണ്ണം 140-ല്‍ കൂടാന്‍ പറ്റില്ല. കെ.പി.സി.സി.യിലെയും യൂത്ത് കോണ്‍ഗ്രസ്സിലെയുമൊക്കെ സെക്രട്ടറിമാരുടെ എണ്ണം പോലെ നിയമസഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാവില്ല. ഈ നമ്പര്‍കളിക്കെല്ലാം ശേഷം സ്ഥാനാര്‍ഥികളില്‍ 71 എണ്ണമെങ്കിലും ജയിക്കണമെന്ന് പറയുന്നതിന്റെ ന്യായമാണ് മനസ്സിലാവാത്തത്.

ഇത്രയും കാലം ഈ അത്ഭുതകൃത്യം നിര്‍വഹിച്ചുപോന്നത് പാരമ്പര്യമായി ആര്‍ജിച്ച എന്തോ മാന്ത്രിക ശക്തികൊണ്ടാണ്. എന്തെങ്കിലും പ്രത്യേക കമ്പ്യൂട്ടര്‍ പ്രോഗ്രാമോ മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍ തുടങ്ങിയവയിലെ അതിബുദ്ധിമാന്മാരുടെ കണ്‍സള്‍ട്ടന്‍സിയോ ഈ പ്രതിഭകളെ സഹായിക്കുന്നില്ല. സംഖ്യാജ്യോത്സ്യന്മാര്‍ ഇടപെടുന്നുണ്ടോ എന്നറിയില്ല. സ്ഥാനാര്‍ഥിലിസ്റ്റ് പ്രഖ്യാപിക്കുകയും ഏതാണ്ട് എല്ലാവരും ശത്രുവാകുകയും ചെയ്യുന്നതോടെ സമാധാനമായി പ്രചാരണം തുടങ്ങാനാവും. തിരഞ്ഞെടുപ്പില്‍ തോറ്റാലുള്ള ഒരു സമാധാനം നമ്പര്‍കളി അതോടെ അവസാനിക്കുമെന്നതാണ്.

മന്ത്രിമാരുടെ എണ്ണം നിയമസഭാംഗങ്ങളുടെ എണ്ണത്തിന്റെ 15 ശതമാനമേ പാടുള്ളൂ എന്ന് നിയമമുണ്ടാക്കുക വഴി വാജ്‌പേയിസര്‍ക്കാര്‍ ചെയ്ത ദ്രോഹം ചെറുതൊന്നുമല്ല. ഏതോ ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് നൂറ്റിച്ചില്വാനം എം.എല്‍.എ.മാരെ കാലുമാറ്റുകയും അവരെയെല്ലാം മന്ത്രിമാരാക്കുകയും ഓഫീസ്, മുന്തിയ കാര്‍, വീട് എന്നിവയ്ക്കുവേണ്ടി അവറ്റകള്‍ അത്യാര്‍ത്തിയോടെ പരക്കം പാഞ്ഞ് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുകയും ചെയ്ത് ഇന്ത്യയുടെ ഖ്യാതി ലോകമെങ്ങും പരത്തിയതോടെയാണ് കേന്ദ്രസര്‍ക്കാറിന് അങ്ങനെയൊരു നിയമമുണ്ടാക്കേണ്ടി വന്നത്.

എന്തായാലും മുമ്പ് ഒന്‍പതും പതിമ്മൂന്നും മന്ത്രിമാരെക്കൊണ്ട് ഭരണം നടത്തിപ്പോന്ന കേരളത്തില്‍ ഇപ്പോള്‍ എണ്ണം ഇരുപതായിട്ടുണ്ട്. അമേരിക്ക തുടങ്ങിയ ലോകശക്തികള്‍ക്ക് ഇത്രയും മന്ത്രിമാരില്ലെന്ന കാര്യം നാം അഭിമാനത്തോടെ ഓര്‍ക്കേണ്ടതുണ്ട്.

നമ്പര്‍കളി അവസാനിച്ചിട്ടില്ല. 140-ന്റെ പതിനഞ്ചു ശതമാനമെന്നത് 21 ആണ്. ഒരു മന്ത്രി കൂടിയാവാം. ആ ഒറ്റസംഖ്യ നില്‍ക്കുന്നേടത്തോളം കളിക്ക് തിരശ്ശീല വീഴില്ല. അടുത്ത രംഗങ്ങള്‍ക്കുള്ള ചമയങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ക്ഷമയോടെ കാത്തിരിക്കുക.

************

മുസ്‌ലിം ലീഗുകാര്‍ മാന്യമായേ നമ്പര്‍ കളി കളിക്കാറുള്ളൂ എന്നൊരു ധാരണ മുന്‍കാലത്ത് ഉണ്ടായിരുന്നു. പൂര്‍വികരുടെ കാലം തൊട്ടുള്ള സല്‍പ്പേരാണ്. കഴിഞ്ഞ നൂറ്റാണ്ട് മുതല്‍ക്ക് കൈവശമുള്ള സീറ്റുകള്‍, ഏതാണ്ട് നിശ്ചിതമായ മന്ത്രിസ്ഥാനങ്ങള്‍ ഇവ കിട്ടിയാല്‍ ലീഗ് അടങ്ങിക്കൊള്ളും. ആദ്യം അതൊപ്പിച്ചെടുത്തശേഷം മുന്നണിയിലെ ശിഷ്ട പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കുന്നതായി അഭിനയിച്ച്, കിങ് മേക്കറുടെ തൊപ്പിയുമിട്ട് മുന്നില്‍ വന്നിരിക്കും. വേറെ ഉപദ്രവമൊന്നുമില്ല. മാന്യന്മാരാണെന്ന സല്‍പ്പേരൊക്കെ അവസാനിച്ച സ്ഥിതിക്ക് ഇനി നോക്കാനില്ല. സത്യപ്രതിജ്ഞയ്ക്ക് കാത്തിരിക്കുമ്പോഴതാ വരുന്നു ലീഗിന്റെ പുതിയ നമ്പര്‍. അനുവദിച്ച് കിട്ടിയത് നാലു മന്ത്രിസ്ഥാനമാണെങ്കിലും അതൊന്നും പോരാ, വേണം അഞ്ചുസ്ഥാനം.

തിരഞ്ഞെടുപ്പിന് വളരെ മുമ്പ് ഇടതുപക്ഷത്തുനിന്ന് മറുകണ്ടം ചാടിയ മാന്യദേഹത്തിന് മന്ത്രിസ്ഥാനവാഗ്ദാനവും കൊടുത്തിരുന്നുവത്രെ. ചാനല്‍ തലവന്‍ ജീവനെക്കാള്‍ വലുത് ചാനലാണെന്ന് പറഞ്ഞിരുന്നതുകൊണ്ട് അതിലെ അലങ്കാര ചെയര്‍മാന്‍സ്ഥാനം കളഞ്ഞിട്ട് മന്ത്രിയാകാന്‍ വരില്ലെന്നായിരുന്നുവത്രെ തോന്നിയിരുന്നത്. തോന്നലാണെല്ലാം വെറും തോന്നലാണെന്നും തോന്നി. അദ്ദേഹമതാ അലങ്കാരക്കുപ്പായമൊക്കെ വലിച്ചെറിഞ്ഞ് മന്ത്രിക്കുപ്പായത്തിന് കൈനീട്ടുന്നു.

കുടുങ്ങിയില്ലേ കുഞ്ഞാപ്പ. കുഞ്ഞൂഞ്ഞ് ഒരു മന്ത്രിസ്ഥാനം പെട്ടിയില്‍ വെച്ചുപൂട്ടിയിരിക്കുകയല്ലേ, എടുക്കട്ടെ പുറത്ത്. ഉടന്‍ പാണക്കാട്ട് നിന്നൊരു മേജര്‍ സെറ്റ് തെക്കോട്ട് പാഞ്ഞു. പതിവില്ലാത്തതാണ്. മല മുഹമ്മദിന്റെ അടുത്തേക്കാണ് വരേണ്ടത്. പക്ഷേ, ഇതൊരു ആഗോള പ്രതിസന്ധിയായതുകൊണ്ട് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു. കാര്യമൊന്നും നടന്നില്ലെങ്കിലും പുതിയൊരു ചീത്തപ്പേരുണ്ടാക്കാനായല്ലോ. മന്ത്രിസ്ഥാനത്തിനുവേണ്ടി പാര്‍ട്ടി കിണഞ്ഞ് ശ്രമിച്ചിരുന്നുവെന്ന് മഞ്ഞളാംകുഴി അലിയെ എങ്കിലും ബോധ്യപ്പെടുത്തണമല്ലോ.

''കേസ് തോറ്റാലെന്ത്, നമ്മള വക്കീല് കോയി കൊത്തുംപോലെ കൊത്തീല്ലേ'' എന്നൊരു കക്ഷി പണ്ട് ചോദിച്ചിരുന്നു.

************
പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാല്‍ ലീഗ് മന്ത്രിമാരുടെ കൂട്ടത്തില്‍ ഏറ്റവും പരിചയസമ്പന്നനായതുകൊണ്ടാണ് ഡോ. എം.കെ. മുനീറിന് തങ്കപ്പെട്ട പഞ്ചായത്ത് വകുപ്പ് കുഞ്ഞാലിക്കുട്ടി താലത്തില്‍ വെച്ചുകൊടുത്തത്. അതും ഒരു നമ്പറാണ്. ''ഒന്നായ നിന്നെയിഹ മൂന്നെന്ന് കണ്ടതിന്റെ ഇണ്ടല്‍ ബത മിണ്ടാവതല്ല'' മുനീറിന്. പഞ്ചായത്താണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന ശില. അതിനോട് മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, നഗരാസൂത്രണം ആദിയായ നിന്ദ്യമായ വകുപ്പുകള്‍ കൂട്ടിത്തൊടുവിച്ചുകൂടാ. മാത്രവുമല്ല അവകളില്‍ ദ്രവ്യത്തിന്റെ ഉപദ്രവവുമുണ്ട് (തുട്ടിന്റെ ഉപദ്രവം എന്ന് വി.എസ്.). ലോലഹൃദയനായ മുനീര്‍ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെട്ടുപോയാല്‍ സംഗതി ബുദ്ധിമുട്ടാവില്ലേ?

************
നമ്പര്‍കളിയൊക്കെ തീര്‍ന്ന് ഇനിയെങ്കിലും ഭരണം തുടങ്ങും എന്നായിരിക്കും പൊതുജനം വിചാരിക്കുന്നുണ്ടാവുക. ഇല്ല പൊതുജനമേ കളി തുടങ്ങിയിട്ടേ ഉള്ളൂ. തലസ്ഥാനത്തേക്കുള്ള തീവണ്ടികളിലെ തിരക്ക് ഇനിയാണ് കൂടാന്‍ പോകുന്നത്. കേരളത്തില്‍ എത്ര കോര്‍പ്പറേഷനുകളുണ്ട്, എത്ര ബോര്‍ഡുകളുണ്ട്, എത്ര ക്ഷേമസമിതികളും ഉപദേശകസമിതികളും ഉണ്ട് എന്നതിന്റെ കണക്ക് രണ്ടു മുന്നണികളുടെയും കണ്‍വീനര്‍മാര്‍ക്കേ നിശ്ചയമുണ്ടാകൂ. മുന്‍കാലങ്ങളില്‍ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോഴും വീതംവെപ്പ് അവസാനിക്കാറില്ല. ഇത്തവണ അത്ര സാവകാശമൊന്നും കിട്ടില്ല. എപ്പോഴാണ് സഡന്‍ ഡെത്ത് ഉണ്ടാവുക എന്ന് ദൈവം തമ്പുരാനേ അറിയൂ.

സി.പി.എം. പക്ഷത്തുനിന്ന് യു.ഡി.എഫ്. പക്ഷത്തേക്ക് മാറിയ ഒരു നേതാവ് മാറ്റത്തെ ഇങ്ങനെ വിലയിരുത്തി: ''കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട് ഭ്രാന്താസ്പത്രിയില്‍ എത്തിപ്പെട്ടതുപോലെയുണ്ട്.''

വോട്ടര്‍മാരെക്കൊണ്ടും അങ്ങനെ പറയിപ്പിക്കണം.

No comments:

Followers