സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, December 8, 2009

ചില ബാബരി ചിന്തകള്‍

ചില ബാബരി ചിന്തകള്‍ - ഡി. ബാബുപോള്‍

ബാബരിദിനം സമാധാനഭഞ്ജനം കൂടാതെ കടന്നുപോയി. ദൈവാധീനം. അല്ലാഹു അക്ബര്‍.
ബാബരി പ്രശ്നത്തിന് തുടക്കം കുറിച്ചത് ഒരു മലയാളിയാണെന്ന് മലയാളികള്‍ പോലും മറന്നിരിക്കുകയാവാം. നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ നിന്ന് ഐ.സി.എസിലേക്ക് തെരഞ്ഞെടുക്കപ്പെടുക വിരളമായിരുന്നു. എം.എം. ഫിലിപ്പ്, പി.സി. മാത്യു, കെ.കെ. നായര്‍, കെ. ബാലചന്ദ്രന്‍: തീര്‍ന്നെന്ന് തോന്നുന്നു. പട്ടിക. ബാക്കിയെല്ലാം മലബാറുകാര്‍. നഞ്ചെന്തിന് നാനാഴി എന്ന പഴമൊഴിയാണ് ഈ നാല്‍വര്‍സംഘത്തിന്റെ പട്ടിക നിരത്തിക്കഴിഞ്ഞപ്പോള്‍ ഓര്‍മ വരുന്നത്. ഈ നാല്‍വരില്‍ ഒരുവനാണ് ബാബരി മസ്ജിദില്‍ പ്രതിമ വെച്ച് സംഗതി വിവാദമാക്കിയ കെ.കെ. നായര്‍. അദ്ദേഹം അന്ന് അവിടെ ജില്ലാ കലക്ടര്‍ ആയിരുന്നു. സ്വാതന്ത്യ്രം കിട്ടി, റിപ്പബ്ലിക് ആയിട്ടില്ല. സംവല്‍സരക്കണക്ക് പറഞ്ഞാല്‍ 1949.

ബാബരി മസ്ജിദില്‍ നമസ്കാരം നിലക്കുകയും ഹിന്ദുക്കള്‍ക്ക് പരിമിതമായെങ്കിലും ദര്‍ശനസൌകര്യം ലഭിക്കുകയും ചെയ്തു. ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ യു.പി (യുനൈറ്റഡ് പ്രോവിന്‍സസ്) മുഖ്യമന്ത്രി ഗോവിന്ദവല്ലഭപന്തും തമ്മില്‍ അഭിപ്രായൈക്യം ഉണ്ടായില്ല. അല്ലെങ്കില്‍ നായര് പിടിപ്പിച്ച പുലിവാല്‍ അയഞ്ഞുപോകുമായിരുന്നു. പുതുതായി പ്രത്യക്ഷപ്പെട്ട വിഗ്രഹങ്ങള്‍ നീക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി വഴങ്ങിയില്ല. അത് വര്‍ഗീയകലാപത്തിന് വഴിവെക്കുമെന്നായിരുന്നു പന്തിന്റെ കിക്ക്. സംഭവിക്കരുതായിരുന്നു, എങ്കിലും സംഭവിച്ചുപോയി, ഇനി കൂടുതല്‍ വഷളാക്കണ്ട എന്ന ലൈന്‍. നായരെ സ്ഥലംമാറ്റി. പടിവാതിലുകള്‍ അടച്ചു.

നായര്‍ രാജിവെച്ചു, രാഷ്ട്രീയക്കാരനായി. ചേര്‍ന്ന കക്ഷി ഏതെന്ന് ചോദിക്കാനില്ല. ജനസംഘം തന്നെ. പിന്നെ മൂപ്പര്‍ എം.പി ആയി. യു.പിയില്‍ കെട്ടിയ പെണ്‍മണി മന്ത്രിയും ആയി. നായര്‍ രണ്ട് കെട്ടി എന്നത് വലിയ സംഗതിയല്ല. പണ്ട് കോരപ്പുഴക്ക് വടക്കുള്ള സ്ത്രീകള്‍ പുഴ കടക്കാറില്ല. അതുകൊണ്ട് ജോലിസ്ഥലത്ത് ഒരു ഭാര്യ വേറെ ഉണ്ടാകുന്നത് വടക്കുള്ള ആഢ്യന്മാര്‍ നിരോധിച്ചില്ല. തിരുവിതാംകൂറിലെ ഹൈകോടതി ജഡ്ജിക്ക് കച്ചേരിഭാര്യയും ഒഴിവുകാല ഭാര്യയും അംഗീകൃതമായിരുന്നു. കെ.കെ. നായര്‍ യു.പിയിലേക്ക് നിയുക്തനായപ്പോള്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരം ഭാര്യ അത് അനുവദിച്ചുകാണണം.

നായര്‍ക്ക് മക്കളുണ്ടായില്ലെന്നാണ് കേട്ടിട്ടുള്ളത്. എന്തിന് വേറെ മക്കള്‍, ബാബരി പ്രശ്നം തന്നെ അദ്ദേഹത്തിന്റെ സന്തതിയാവുമ്പോള്‍? ചരിത്രത്തില്‍ അച്ഛന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുന്ന ഈ സന്താനത്തെക്കാള്‍ ഭാഗ്യം ചെയ്ത മക്കള്‍ എവിടെ കാണും!
ഒരു ഗാന്ധി/നെഹ്റു കുടുംബാംഗം പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ബാബരി പൊളിക്കപ്പെടുമായിരുന്നില്ല എന്ന് രാഹുല്‍ഗാന്ധി പറഞ്ഞത് ഇപ്പറഞ്ഞതിന്റെ വെളിച്ചത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. രാമരൂപം ഇളക്കിമാറ്റാന്‍ പറഞ്ഞ നെഹ്റു ദീര്‍ഘവീക്ഷണമുള്ള രാജ്യതന്ത്രജ്ഞനായിരുന്നു. തല്‍സ്ഥിതി പാലിക്കാം എന്ന് പറഞ്ഞ പന്ത് ഭരണധുരന്ധരന്‍ ആയിരുന്നു. ബാബരിമസ്ജിദ് പൊളിച്ചുകളഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ പ്രമുഖമായ ആയുധമാണ് നശിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നരസിംഹറാവു സൃഗാലബുദ്ധിയുള്ളവനെങ്കിലും ദീര്‍ഘവീക്ഷണത്തില്‍ ഋണബദ്ധനായിരുന്ന രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നു.

'പൊളിയട്ടങ്ങനെ പൊളിയട്ടെ ബാബരി മസ്ജിദ് പൊളിയട്ടെ' എന്ന് കരുതിയ മതവൈരാഗി ആയിരുന്നു റാവു എന്ന് തോന്നുന്നില്ല. മൂര്‍ത്തമായ ഒരു ബിന്ദു ആകര്‍ഷകമായ രാഷ്ട്രീയലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നതിന് പ്രതിപക്ഷത്തിനുള്ള സാധ്യത ഉന്മൂലനം ചെയ്യുകയായിരുന്നു റാവു. അതുകൊണ്ട് റാവുവിനെ ഒരിക്കലും ഒന്നാംപ്രതിയാക്കുവാന്‍ കഴിയുകയില്ല. ഒന്നാംപ്രതി ശിലാന്യാസത്തിന്റെ ബുദ്ധി ഉപദേശിച്ചയാളാണ്, അതാരായാലും. അദ്വാനിയുടെ തെറ്റ് രഥയാത്ര നടത്തിയതാണ്; കര്‍സേവകരുടെ വിക്രിയകളെ സഹിഷ്ണുതയോടെ വീക്ഷിച്ചതല്ല.

രഥയാത്ര മതവികാരം ഉദ്ദീപിപ്പിച്ച് രാഷ്ട്രീയലാഭം നേടാനുള്ള തന്ത്രമായിരുന്നു എന്ന കാര്യം അതീവനിഷ്കളങ്കരായ ശ്രീരാമ ഭക്തര്‍ പോലും സമ്മതിക്കുന്നതാവണം. 1989 ല്‍ ആറെസെസ് ആരംഭിച്ച രാമശിലാപദ്ധതി കേരളത്തില്‍ സൃഷ്ടിച്ച പ്രതികരണമായിരുന്നില്ല ഉത്തരേന്ത്യയില്‍ സൃഷ്ടിച്ചത്. നൂറിലധികം പട്ടണങ്ങളില്‍ കര്‍ഫ്യൂവും നിരോധാജ്ഞയും വരെ എത്തി കാര്യങ്ങള്‍. അങ്ങനെ ഉയര്‍ന്ന ഊഷ്മാവിലാണ് അദ്വാനിയുടെ ശീതീകരിച്ച രഥം സോമനാഥില്‍ നിന്ന് ചലിച്ചുതുടങ്ങിയത്. അതിനിടെ ചിലയിടങ്ങളിലെങ്കിലും 'മുസല്‍മാന്‍ കെ ദോ ഹീ സ്ഥാന്‍/പകിസ്ഥാന്‍ യാ ഖബറിസ്താന്‍' എന്ന പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടായി. അദ്വാനി അത് പിന്നീട് തടഞ്ഞിരിക്കാമെങ്കിലും ആ മുദ്രാവാക്യം ഒപ്പം പൊലീസിലും പട്ടാളത്തിലും മതസ്പര്‍ധ ഉളവാക്കാന്‍ പോന്ന 'ഹിന്ദുഹിന്ദു ഭായീഭായീ ബീച്ച് മെം വര്‍ധി കഹാംസെ ആയി' ^ ഹിന്ദുക്കളെ യൂനിഫോം വിഭജിക്കരുത് എന്ന് സാരാംശം ^ എന്ന മുദ്രാവാക്യം യാത്രക്കിടയില്‍ മുഴങ്ങിയെങ്കില്‍ ആ യാത്ര സമാപിക്കുമ്പോള്‍ കര്‍സേവകരൊക്കെ അയോധ്യയില്‍ ചര്‍ക്കയുമായി ചമ്രം പടിഞ്ഞിരുന്ന് 'രഘുപതിരാഘവ രാജാറാം.... സബ്കൊ സന്മതി ദേ ഭഗവാന്‍' ആലപിക്കുകയില്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പ്രശ്നം വെക്കേണ്ടതില്ല. രാഷ്ട്രീയ ലാഭത്തിന് മുന്നില്‍ ദേശീയനന്മ വിസ്മൃതമായി. തുഷാര ബിന്ദുവില്‍ കാനനസൌന്ദര്യം മൊത്തത്തില്‍ പ്രതിഫലിപ്പിക്കാന്‍ ത്രാണിയുള്ള ഭാരതീയസംസ്കാരത്തിന്റെ ഈ അപഭ്രംശം ഇഷ്ടവൃക്ഷങ്ങളെയല്ലാതെ മഹാകാനനത്തെ തീര്‍ത്തും ഒഴിവാക്കി എന്നതാണ് ചരിത്രവിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുന്ന സംഗതി.
ബാബര്‍ ക്ഷേത്രം നശിപ്പിച്ച് മസ്ജിദ് പണിതു എന്നത് തെളിയിക്കാന്‍ ബാക്കിയായ ആരോപണമാണ് തല്‍ക്കാലം. ശ്രീരാമജന്മഭൂമി ഏതാണ് എന്ന കാര്യത്തില്‍ അയോധ്യാവാസികള്‍ക്കിടയിലുള്ള തര്‍ക്കം തുടരുകയുമാണ്. അതിനിടെ രാമവികാരം ആളിക്കത്തിച്ച്, രാമായണകഥ ദൂരദര്‍ശനിലൂടെ 'ഭാരതചരിത്രം പോലെ പ്രക്ഷേപണം ചെയ്തൊരുക്കിയ പശ്ചാത്തലം രാഷ്ട്രീയ കാര്യസാധ്യത്തിനായി ഉപയോഗപ്പെടുത്തി എന്നതാണ് ഗര്‍ഹണീയം.

ശ്രീരാമന്‍ ചരിത്രപുരുഷനാണോ എന്നത് പ്രസക്തമല്ല. ഗ്രീക്ക്^റോമന്‍ മതങ്ങള്‍ നശിക്കാതിരുന്നെങ്കില്‍ സീയൂസിനെയും അര്‍ത്തേമീസിനെയും ഒക്കെ അവര്‍ ഇന്നും ആരാധിക്കുമായിരുന്നു. ഭാരതീയ സംസ്കാരവുമായി ശ്രീരാമകഥ അന്യൂനം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അയോധ്യയില്‍ ഒരു രാമക്ഷേത്രം ഉണ്ടാകണം എന്ന ചിന്ത ഒട്ടുമേ അസ്ഥാനത്തല്ല. അത് കെ.കെ. നായര്‍ എന്ന ഐ.സി.എസ് ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുത്ത സ്ഥലത്തുതന്നെ വേണമോ എന്നത് സമകാലികാന്തരീക്ഷത്തില്‍ നിന്ന് മാറ്റി ആലോചിക്കാവുന്ന കാര്യമല്ല. യരുശലേമില്‍ ഇന്ന് ഒരു മോസ്കും ഒരു ക്രൈസ്തവദേവാലയവും ^ ദ ചര്‍ച്ച് ഓഫ് ദ ഹോളി സെപ്പള്‍ക്കര്‍ ^ ആണ് ഏറ്റവും വലിയ ആരാധനാലയങ്ങള്‍. എന്നാല്‍, ക്രിസ്തു ജനിക്കുമ്പോള്‍, പ്രവാചകന്‍ ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കപ്പുറം ശലോമോന്‍ നിര്‍മിച്ചതും ഒടുവില്‍ ഹേരോദ് പുനഃസൃഷ്ടിച്ച് വിപുലീകരിച്ചതും ആയ യഹൂദദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ അതിനെ നിലംപരിശാക്കിയത് പാശ്ചാത്യരാണ്. എന്നുവെച്ച് ഇപ്പോള്‍ മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങള്‍ ഇടിച്ചുനിരത്തി പഴയ യരുശലേം ദേവാലയം പണിയണം എന്ന് ഇസ്രായേല്‍ പറഞ്ഞാല്‍ ലോക മനഃസാക്ഷി അത് അംഗീകരിക്കയില്ല.
ശ്രീരാമന്‍ ഭാരതീയര്‍ക്ക് സ്വന്തമാണ്. അഹിന്ദുക്കള്‍ക്കും ദിക്ഷിണേന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പോലും ശ്രീരാമനിലെ ദിവ്യത്വം ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തോളം പ്രധാനമല്ല. എങ്കിലും രാമന്‍ മാതൃകാപുരുഷനും മാതൃക കാട്ടിയ ഭരണാധികാരിയുമായിരുന്നു. പിതൃഭക്തിയും രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താനുള്ള വ്യഗ്രതയും ജനശബ്ദം എതിരായാല്‍ സ്വപത്നിയെ പോലും ഉപേക്ഷിക്കാനുള്ള ത്യാഗബുദ്ധിയും ഉണ്ടായിരുന്ന രാമന്റെ സ്മരണ ഇന്നും നമുക്ക് പ്രചോദനമാണ്. രാമനായിരുന്നു നരസിംഹറാവുവിന്റെ സ്ഥാനത്ത് എങ്കില്‍ ബാബരി മസ്ജിദ് പൊളിച്ചിട്ട് ഭാരതവര്‍ഷത്തില്‍ ഇത്ര വലിയ ഒരു വര്‍ഗീയവിഭജനം ഉണ്ടാകുവാന്‍ അനുവദിക്കുമായിരുന്നില്ല.

താലിബാനെ പോലെ പെരുമാറേണ്ടവരല്ല ഭാരതീയ സംസ്കാരത്തിന്റെ അനുവാചകര്‍. ഭാരതം ഒരു മതേതര രാഷ്ട്രവുമാണ്. പാകിസ്താനില്‍ 1947 ല്‍ ഉണ്ടായിരുന്ന ക്രിസ്ത്യന്‍^ഹിന്ദു ദേവാലയങ്ങളില്‍ മിക്കവയും നിലംപരിചായിക്കഴിഞ്ഞു ഇതിനകം. സൌദിയില്‍ അവരുടേതായ നിയമങ്ങള്‍ ഉണ്ടാകാം. നാം അതൊക്കെ വെച്ച് വിലപേശുകയോ അതുപോലെ പ്രതികരിക്കുകയോ ചെയ്യാന്‍ നമ്മുടെ സംസ്കാരവും നമ്മുടെ ഭരണഘടനയും അനുവദിക്കുന്നില്ല എന്ന് തിരിച്ചറിയാതിരിക്കുന്നതാണ് യഥാര്‍ഥത്തിലുള്ള തെറ്റ്.
ബാബരിദിനം മുസ്ലിംകളുടെ മാത്രം പ്രതിഷേധദിനമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും ശരിയല്ല. തിരുവനന്തപുരത്ത് ഒന്നിലധികം വിഭാഗങ്ങള്‍ അതിന് ശ്രമിച്ചുകണ്ടു. അതും രാഷ്ട്രീയമായിട്ടല്ലാതെ കാണാന്‍ കഴിയുകയില്ല. ഏതെങ്കിലും മുസ്ലിം രാജ്യത്തിനെതിരെ മതാധിഷ്ഠിതമല്ലാത്ത വിമര്‍ശം ഉണ്ടായാല്‍ ആ രാജ്യത്തെ ന്യായീകരിക്കുന്ന പ്രസ്താവനകളുമായി ഈ നാട്ടിലെ ഏതെങ്കിലും മുസ്ലിം മതനേതാവ് ഇറങ്ങിത്തിരിക്കുന്നതും 'നമ്മള്‍/അവര്‍' എന്ന വികാരം വളര്‍ത്താനേ ഉതകൂ. ബാബരി ഒരടയാളമാണ്. അതിലേറെയോ അതില്‍ക്കുറഞ്ഞോ അതിനെ കൊണ്ടാടരുത്. ബാബരി അടയാളപ്പെടുത്തിയ പ്രശ്നങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്.
ബാബരി മസ്ജിദ് പൊളിച്ചത് മതമല്ല. മതത്തെ ആയുധമാക്കിയ രാഷ്ട്രീയമാണ്. അതിനുള്ള മറുമരുന്ന് മതാതീതമായ രാഷ്ട്രീയസമീപനമാണ്. അതിനുള്ള പക്വത ഈ രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും ഉണ്ട്. നേതാക്കന്മാര്‍ താല്‍ക്കാലികവും പക്ഷപാതപരവുമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് മാര്‍ഗഭ്രംശം വരുത്തിക്കൂട്ടാതിരുന്നാല്‍ മതി.

No comments:

Followers