സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, December 2, 2009

ഒബാമയുടെ അണുബോംബ് മോഹവും യുദ്ധവും

അണുബോംബ്‌ എത്രമാരകമാണ്‌ എന്നത്‌ പറഞ്ഞറിയിക്കേണ്ടതില്ല. എന്നാല്‍ ഇത്‌ അന്തര്‍ദ്ദേശീയ ഭീകരപ്രവര്‍ത്തകരുടെ കൈയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത്‌ ഇതിലേറെ ഭീതിയോടെയാണ്‌ ലോകം ശ്രവിക്കുന്നത്‌. രണ്ടുവൃക്കയും നഷ്ടപ്പെട്ട്‌ ഡയാലിസിസ്‌ ഉപകരണങ്ങളുമായി കഴുതപ്പുറത്ത്‌ സഞ്ചരിക്കുന്ന ബിന്‍ ലാദനെ, ലോകപ്പോലീസ്‌ എന്ന്‌ അഹങ്കരിക്കുന്ന അമേരിക്കയ്ക്ക്‌ ഇതേവരെ കണ്ടുപിടിക്കാനായില്ല എന്നത്‌ ഈ ഭീകരാവസ്ഥയെ വീണ്ടും പലമടങ്ങ്‌ പെരുപ്പിക്കുന്നു. ഇത്തരകൊറിയയും ഇറാനും അണുബോംബ്‌ പദ്ധതിയുമായി മുമ്പോട്ട്‌ പോകുന്നു എന്ന പടിഞ്ഞാറന്‍ നാടുകളുടെ വേവലാതിയുടെ പരിഷ്ക്കരിച്ച പതിപ്പ്‌ പുറത്തിറങ്ങികഴിഞ്ഞു. യഥാര്‍ത്ഥമായ ഒരു ഭീഷണിയുടെ തീച്ചൂള അമേരിക്കയും പടിഞ്ഞാറന്‍ നാടുകളും ജിഹാദിഭീഷണി നേരിടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളും അഭിമുഖീകരിക്കാന്‍ പോകുന്നു.ഏതാനും ദിവസങ്ങള്‍ മുമ്പ്‌ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇത്തരത്തിലുള്ള ഒരു സൂചന രാജ്യത്തിന്‌ നല്‍കി. മുംബൈ പോലുള്ള നഗരങ്ങളില്‍ ഇത്തരം ഒരു ആക്രമണം നടന്നാല്‍ ഭാരതത്തിന്‌ സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ല. സുഡാന്‍ മുതല്‍ തേക്കോട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും പാലസ്തീന്‍ മുതല്‍ ഫിലിപ്പീന്‍സ്‌ വരെയുള്ള രാജ്യങ്ങളിലും മുസ്ലീം ന്യൂനപക്ഷം അധിവസിക്കുന്ന പ്രദേശങ്ങളത്രയും തര്‍ക്കപ്രദേശങ്ങളാണെന്ന്‌ ഒസാമബിന്‍ലാദന്‍ പ്രഖ്യാപിക്കുമ്പോള്‍ ലോകം വീണ്ടും ഒരു മഹായുദ്ധത്തിലേക്കാണോ നീങ്ങുന്നത്‌ എന്ന്‌ സന്ദേഹപ്പെടേണ്ടിരിയിരിക്കുന്നു. കാശ്മീര്‍ ഒരു തര്‍ക്കപ്രദേശമായി നിലനില്‍ക്കുന്നതിനാലും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നതും രാജ്യാതിര്‍ത്തിക്കകത്ത്‌ ഭീകരവാദം കൊഴുത്തുവളരുന്നതും ഏതൊരുരാജ്യസ്നേഹിയുടേയും ഹൃദയമിടിപ്പ്‌ കൂട്ടുന്നതിന്‌ കാണമാവുന്നു.വികാരങ്ങള്‍ക്ക്‌ അടിമപ്പെട്ട്‌ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തില്‍ നിന്ന്‌ ബുദ്ധിപൂര്‍വ്വവും സുക്ഷ്മതയോടെയും ചെയ്യുന്ന ഭീകരപ്രവര്‍ത്തനത്തിലേയ്ക്ക്‌ മുജാഹിദ്ദീനുകള്‍ നീങ്ങി എന്നത്‌ 7/7 ലണ്ടന്‍, 9/11 അമേരിക്ക, 26/11 മുംബൈ അക്രമണത്തോടെ ലോകം മനസ്സിലാക്കിയതാണ്‌. ബിന്‍ലാദന്‍, അല്‍സവാഹിരി, മുള്ളാ ഒമര്‍- മതതീവ്രവാദത്തിന്റെ തമിരം പിടിച്ച ഇവര്‍ പുതിയ ലോകത്തിലെ പ്രതിലോമശക്തികളായി ചരിത്രത്തിലിടം പിടിച്ചുകഴിഞ്ഞു. ഖലീഫമാരുടെ ഭരണം പുനസ്ഥാപിക്കാനും ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും ദൈവദത്തമായ പ്രബോധനം കിട്ടി എന്ന്‌ പറയുന്ന ഇവര്‍ മസ്തിഷ്കപ്രക്ഷാളനം നടത്തി വിദ്യാസമ്പന്നരായ യുവാക്കാളെ വഴിതെറ്റിക്കുന്നു. ലോകമെമ്പാടും തീവ്രവാദത്തിന്റെ പൈശാചികവും ഹീനവുമായ പര്യായമാണ്‌ അല്‍ഖ്വയ്ദയും താലിബാനും. കുപ്രസിദ്ധമായ ഗോണ്ടനാമോ ജയിലിലും ഇറാഖിലെ അബുഗാരിബ്‌ ജയിലിലും തടവുകാരോട്‌ കാണിക്കുന്ന ക്രൂരതയെ ന്യായീകരിക്കുന്നവയാണ്‌ ജിഹാദികള്‍ നടത്തുന്ന ക്രൂരതയും അവരില്‍ നിന്ന്‌ കണ്ടെടുത്ത രേഖകളില്‍ നിന്ന്‌ കിട്ടുന്ന വിവരണങ്ങളും.സാമ്പത്തികമായും രാഷ്ട്രീയമായും മിലിട്ടറി ശക്തിയായും ഉള്ള അമേരിക്കയുടെ പതനത്തെയാണ്‌ അല്‍-ഖ്വയ്ദ കാംക്ഷിക്കുന്നത്‌. ഇതോടെ ലോകം തങ്ങളുടെ കാല്‍ക്കീഴില്‍ വരുമെന്ന്‌ ജീഹാദികള്‍ പ്രഖ്യാപിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളും അതിനുള്ള മാനസിക സന്നദ്ധത വളര്‍ത്തിയെടുക്കാനും ജിഹാദികള്‍ കൂട്ടായി ശ്രമിക്കുന്നു. ഇതുകൊണ്ട്‌ തന്നെ ബിന്‍ലാദന്റെയോ മുള്ളാ ഒമറിന്റേയോ മരണത്തോടെ ഈ പ്രസ്ഥാനങ്ങള്‍ ഇല്ലാതാവുകയുമില്ല. അമേരിക്ക അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ ഇടപെടലുകള്‍ ഈ പ്രസ്ഥാനങ്ങളെ വളര്‍ത്താനും ഇസ്ലാമിക കൂട്ടായ്മ ഉണ്ടാക്കാനും മാത്രമേ സഹായിച്ചിട്ടൂള്ളു. കഴിഞ്ഞ ഒരു പതിറ്റാണ്ട്‌ കൊണ്ട്‌ അടിച്ചമര്‍ത്താനാവാത്ത മുജാഹിദ്ദീനുകളെ ഇനിയൊരു വിപുലമായ യുദ്ധത്തിലല്ലാതെ നശിപ്പിക്കാനാവില്ല. എന്ന തിരിച്ചറിവാണ്‌ ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ നല്‍കുന്ന സന്ദേശം. ഈ യുദ്ധത്തില്‍ ഫ്ലാഷ്‌ പോയിന്റ്‌ യുറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും മാറ്റി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടത്താന്‍ പടിഞ്ഞാറന്‍ ശക്തികളും, ഈ യുദ്ധം അമേരിക്കയില്‍ വച്ചു തന്നെ നടത്താന്‍ ജിഹാദ്ദീനുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഹോളിവുഡ്‌ സിനിമയ്ക്കും സയന്‍സ്‌ ഫിക്ഷനും സമാനമായ കാര്യങ്ങള്‍ നടന്നേക്കാമെന്ന മാധ്യമങ്ങളുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ പറ്റാതെ വരുന്നു. ലോക പോലീസായി ചമയുകയും ലോകത്തിലുള്ള മേറ്റ്ല്ലാവരും തങ്ങളുടെ ഗുമസ്തപ്പടയാണെന്ന്‌ കരുതുകയും അതിനായി വ്യാപാര വ്യവസായങ്ങളും ലോക ഘടനയും തങ്ങള്‍ക്ക്‌ അനുകൂലവുമാക്കുന്നു അമേരിക്കയെ അംഗീകരിക്കാനും തള്ളിക്കളയാനും പറ്റാത്ത അവസ്ഥയിലാണ്‌ ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോക രാജ്യങ്ങള്‍. അല്‍ ഖ്വയ്ദയുടെ ബോംബ്‌ ഭീഷണി മറ്റൊരു ചൂഷണ ഉപാധിയാണെന്ന സന്ദേഹവും പലര്‍ക്കുമുണ്ട്‌. ബിന്‍ലാദന്റെയും സദ്ദാം ഹുസൈന്റേയും ഭീഷണിയുടെ മറവില്‍ സാമ്രാജ്യത്വം വളര്‍ത്താനാണ്‌ അമേരിക്ക ശ്രമിച്ചിട്ടുള്ളത്‌ എന്നതും ശരിതന്നെ. ഇതൊക്കെ നിഷേധിക്കാതിരിക്കുമ്പോഴും 10.5 കി.ഗ്രാം (ക്രിട്ടിക്കല്‍ മാസ്സ്‌) സംപുഷ്ടയുറേനിയമോ പ്ലൂട്ടോണിയമോ ലഭിച്ചു കഴിഞ്ഞാല്‍ ബോംബ്‌ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ പിന്നീട്‌ ലളിതമാണെന്നതും പ്രഹരശേഷി നഷ്ടപ്പെടാതെ ഈ ആയുധം ദീര്‍ഘകാലം സൂക്ഷിക്കാനാവും എന്നതും അമേരിക്കയെ ന്യായീകരിക്കാനുള്ള ന്യായമായ വശങ്ങളാണ്‌. 9/11 ആക്രമണത്തിന്‌ മൂന്നാഴ്ച മുമ്പ്‌ ഒസാമ ബിന്‍ലാദന്‍ അമേരിക്കയെ ആക്രമിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അന്ന്‌ ഈ ഭീഷണി കാര്യമായി എടുക്കാത്തവര്‍ ഹിരോഷിമ ആവര്‍ത്തിക്കുമെന്ന അദ്ദേഹത്തിന്റെ ഭീഷണി ഗൗരവത്തോടെയാണ്‌ എടുക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഉയര്‍ന്ന്‌ കേട്ട ഫാസിസം, നാസിസം എന്നിവയ്ക്ക്‌ സമാനമായാണ്‌ ഇപ്പോള്‍ റാഡിക്കല്‍ ഇസ്ലാമിസം ഉയര്‍ന്നു വരുന്നത്‌. ലോകത്തെ വീണ്ടുമൊരു മഹായുദ്ധത്തിലേക്ക്‌ എത്തിക്കുന്ന എന്ന ജിഹാദ്ദീന്‍ പ്രസ്ഥാനങ്ങളുടെ വ്യക്തമായ ലക്ഷ്യത്തിനു മുമ്പില്‍ സുവ്യക്തമായ ആദര്‍ശശുദ്ധിയോടെയുള്ള ഒരു നിലപാട്‌ അമേരിക്കയും പടിഞ്ഞാറന്‍ നാടുകളും ഇതേവരെ എടുത്തിട്ടില്ല. സൗദികളെപ്പറ്റി പറയുന്നത്‌ ഇതില്‍ പകുതി പേര്‍ അല്‍ഖ്വയ്ദയ്ക്ക്‌ പണം നല്‍കുന്നവരും മറുപകുതി അമേരിക്കന്‍ വിരുദ്ധരും ആണെന്നാണ്‌. തീവ്ര ഇസ്ലാംവാദം ലോകം മുഴുവന്‍ വേരോടിക്കൊണ്ടേയിരിക്കുന്നു. അന്താരാഷ്ട്ര കൂട്ടായ്മയും എണ്ണസമ്പന്നരാജ്യങ്ങളുടെ സഹായവും കൂടിയാവുമ്പോള്‍ ജിഹാദികള്‍ക്ക്‌ സാമ്പത്തിക സ്രോതസ്സ്‌ ഒരു പ്രശ്നമാവുന്നില്ല. മയക്കുമരുന്ന്‌ ശ്രൃംഖലയില്‍ നിന്ന്‌ കിട്ടുന്ന ബില്യന്‍ ഡോളര്‍ വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ സാമ്പത്തിക ഭദ്രതയോടെ ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ അല്‍-ഖ്വയ്ദയ്ക്കും താലിബാനും കഴിയും എന്നു ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഏന്തു വിലകൊടുത്തും സമ്പുഷ്ടയുറേനിയവും പ്ല്യൂട്ടോണിയവും സ്വന്തമാക്കാന്‍ തീവ്രവാദികള്‍ വളരെ മുന്‍പേ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. 2001 ല്‍ ഖാണ്ഡഹാറില്‍ അല്‍-ഖ്വയ്ദ തീവ്രവാദികള്‍ രക്ഷപ്പെട്ട ഒരു ഗുഹാതാവളത്തില്‍ നിന്ന്‌ നമ്പൂഷ്ട യുറേനിയം അമേരിക്കന്‍ പട്ടാളം കണ്ടെടുത്തത്‌ ഭീകവാദികള്‍ അവരുടെ ശ്രമത്തില്‍ വിജയിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ്‌.പോല്‍ വില്യംസിന്റെ 'ഒബാമയുടെ പ്രതികാരം' എന്ന പുസ്തകത്തില്‍ അല്‍ഖ്വയ്ദ അണുബോംബിനെപ്പറ്റി വ്യക്തമായ തെളിവുകള്‍ നല്‍കുന്നു. റഷ്യയുടെ പതന കാലത്ത്‌ അവര്‍ ചെച്നിയയില്‍ സ്ഥാപിച്ചിരുന്ന സ്യൂട്ട്കേസ്‌ ബോംബുകളില്‍ ഇരുപത്‌ എണ്ണം മാഫിയയുടെ കൈയില്‍ അകപ്പെട്ടിരുന്നു എന്ന്‌ റഷ്യന്‍ ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. 1993ല്‍ ഒസാമ ബിന്‍ലാദന്‍ ഇവ മുപ്പത്‌ ബില്യന്‍ ഡോളര്‍ കറന്‍സിയും 700 ബില്യന്‍ ഡോളര്‍ വിലവരുന്ന ഹെറോയിനും കൊടുത്ത്‌ സ്വന്തമാക്കി എന്ന്‌ ഗ്രന്ഥകര്‍ത്താവ്‌ തളിവുകളുടെ അടിസ്ഥാനത്തില്‍ ഈ പുസ്തകത്തില്‍ പറയുന്നു.ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ശ്രേണിയില്‍ ബിന്‍ലാദന്‍ എന്ന കേന്ദ്രകഥാപാത്രം കയറി വരുന്നത്‌ അതിശയകരമല്ല. മറ്റു ബെസ്റ്റ്‌ സെല്ലര്‍ പുസ്തകങ്ങളില്‍ നിന്ന്‌ ഒരു വ്യത്യാസമേയുള്ളൂ. ഇത്‌ സാങ്കല്‍പികമല്ല, യാഥാര്‍ത്ഥ്യമാണ്‌. മദ്ധ്യകാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന പ്രാകൃതമായ ഗോത്രസംസ്കാരം അതേ രൂപത്തില്‍ പുതിയലോകത്ത്‌ എത്തിച്ച്‌ ലോകത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതിനെ എങ്ങനെ തടുത്ത്‌ നിര്‍ത്താനാവും എന്നത്‌ പ്രസക്തമാണ്‌. ആ യുദ്ധം ഒരു പോംവഴിമാത്രമേ ആവുന്നുള്ളൂ. മിസെയില്‍ നിരത്തിവച്ച്‌ റഷ്യയോട്‌ മത്സരിച്ചതു പോലെ സ്യൂട്ട്കേസ്‌ ബോംബുകളോട്‌ യുദ്ധം ചെയ്യാനാവില്ല എന്നത്‌ അമേരിക്കയുടേയും മേറ്റ്ല്ലാവരുടേയും ദുര്‍ബലതയാണ്‌. താത്വകമായികൂടി താലിബാനേയും അല്‍-ഖ്വയ്ദയേയും നേരിടേണ്ടതുണ്ട്‌. ഇസ്ലാം ഉള്‍പ്പെടെയുള്ള എല്ലാ ചിന്താധാരകളുടേയും നമ്മയുടെ പരിമളം അതിനാവശ്യമാണ്‌. അത്‌ സംഭവിക്കുമെന്ന്‌ തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.

No comments:

Followers