സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Saturday, February 13, 2010

അഫ്ഗാന്‍ അമേരിക്കയ്ക്ക് തലയൂരണം

പി.എം. നാരായണന്‍


കാബൂള്‍ ചിക്കന്‍ സ്ട്രീറ്റിലെ ചെറിയ ഹോട്ടല്‍. പത്തിരുപത് പേര്‍കാണും. ലണ്ടനില്‍ 60 ലധികം ലോകനേതാക്കള്‍ പങ്കെടുക്കുന്ന അഫ്ഗാന്‍ കോണ്‍ഫറന്‍സ് ടി.വി.യില്‍ ലൈവായി കണ്ടുകൊണ്ടിരിക്കുകയാണവര്‍. പ്രസിഡന്റ് കര്‍സായി, വടിവൊത്ത ഇംഗ്ലീഷില്‍ മിതവാദികളായ താലിബാനെ അഫ്ഗാനിസ്താന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ചര്‍ച്ചയ്ക്ക് നേതൃത്വംനല്‍കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഇതിനായി വലിയൊരു തുക വകയിരുത്തിയതായി മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു.

ചര്‍ച്ച ടെലിവിഷനില്‍ നിന്നും ഹോട്ടലിലേക്ക് പടരവെ ഒരാള്‍ ചോദിച്ചു. താലിബാനും വിദേശസൈന്യവും തമ്മിലെന്താണ് വ്യത്യാസം? ഇരുവരും കൊല്ലുന്നത് സാധാരണ ജനങ്ങളെയാണ്. ഇരുവരും തടയിടുന്നത് അഫ്ഗാനിസ്താന്റെ വികസനത്തിനാണ്. അന്താരാഷ്ട്ര സമൂഹം എത്രതന്നെ പണം ഇവിടേക്ക് ഒഴുക്കിയാലും അതെല്ലാം ഒടുവില്‍ ഒഴുകിഎത്തുക ഒരുകൂട്ടം അഴിമതിക്കാരുടെ കൈകളിലാണ്. അതുകൊണ്ടെല്ലാമാണ് ഈ തണുപ്പില്‍, ഞങ്ങള്‍ പണിയൊന്നുമില്ലാതെ, ടി.വി.യും കണ്ടിങ്ങനെ ചടഞ്ഞിരിക്കുന്നത്. ഈസ്ഥിതി പെട്ടെന്ന് മാറുമെന്ന് കരുതാനും വയ്യ. വിരസമായ ചിരിയില്‍ മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ അഫ്ഗാനിസ്താനിക്കിന്ന് എല്ലാറ്റിനോടും മടുപ്പാണ്. തിരഞ്ഞെടുപ്പായാലും താലിബാന്‍ ചര്‍ച്ചയായാലും സ്വന്തംജീവിതമാണ് അവര്‍ക്ക് പ്രശ്‌നം. പോയ മുപ്പതുവര്‍ഷത്തെ അനുഭവമാണ് അവരെ ഇങ്ങനെ ആക്കിയത്. ഭാവി തീര്‍ത്തും അനിശ്ചിതമാവുമ്പോള്‍ വര്‍ത്തമാനം വിരസമാവുന്നത് സ്വാഭാവികം മാത്രം.

ഹോട്ടല്‍ ചര്‍ച്ച തുടരവെ ഒരുകാര്യം വ്യക്തമായി. 2001-ല്‍ കാബൂള്‍ വിട്ടോടിയ താലിബാന്‍ 2010-ല്‍ കര്‍സായിയുടെ കൈപിടിച്ച് കാബൂളില്‍ തിരിച്ചെത്തുന്നതിനോട് അധികമാര്‍ക്കും താത്പര്യമില്ല. കാരണം പ്രാകൃതമായ നിയമങ്ങള്‍ സമൂഹത്തിന് മേലെ അക്ഷരാര്‍ഥത്തില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഓര്‍മകള്‍ അവര്‍ക്കിന്നും വ്യക്തമാണ്. മകളെ സ്‌കൂളിലയച്ചതിനും ഷേവ് ചെയ്തതിനും എന്തിന് പാട്ട് കേട്ടതിനുപോലും പൊതുജനമധ്യത്തില്‍ താലിബാന്റെ പ്രഹരം ഏറ്റുവാങ്ങിയ പലരും ഇന്ന് കാബൂളില്‍ ജീവിച്ചിരിപ്പുണ്ട്. കറയറ്റ വിശ്വാസികളാണവര്‍. അഞ്ചുനേരം പ്രാര്‍ഥിക്കുന്നവര്‍. എന്നാലും താലിബാനെ അവര്‍ക്ക് ഭയമാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ 'നല്ല താലിബാനു'മായുള്ള ചര്‍ച്ചകളെ സംശയത്തോടെ അതിലേറെ ആശങ്കയോടെ നോക്കിക്കാണുന്നവരാണ് ഇവരിലധികവും.

ശരാശരി അഫ്ഗാനിയുടെ ഇത്തരം വിഹ്വലതകളോ ചോദ്യങ്ങളോ ഒരു കോണ്‍ഫറന്‍സിലും ഉയര്‍ന്ന് കേള്‍ക്കാറില്ല. കാരണം; അഫ്ഗാനിയല്ല, അഫ്ഗാനിസ്താനാണ് ഇത്തരം കോണ്‍ഫറന്‍സുകളുടെ മുഖ്യഅജന്‍ഡ.

നല്ല താലിബാനെ അരിച്ചെടുത്ത് കൂടെക്കൂട്ടി, ചീത്ത താലിബാനെ വലിച്ചെറിയുക, അടുത്തവര്‍ഷം പകുതിയോടെ സേനയെ പിന്‍വലിക്കുക, അഫ്ഗാന്‍ പോലീസിനെയും സൈന്യത്തെയും ശക്തമാക്കി രാജ്യസുരക്ഷ അവരെ ഏല്പിക്കുക എന്നിവയാണ് ലണ്ടന്‍ കോണ്‍ഫറന്‍സിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം വന്‍വിജയമാണെന്ന് വരുത്തി, അതിപ്പോള്‍ ശുഭപര്യവസായിയായിമാറുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ ഈ കോണ്‍ഫറന്‍സ് ശ്രമിച്ചിട്ടുണ്ട്.

''എന്നാല്‍ അഫ്ഗാന്‍ ജനതയോടുള്ള സ്നേഹം കൊണ്ടല്ല അമേരിക്ക താലിബാനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.'' കാബൂളിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഹരുണ്‍മീര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളസാമ്പത്തിക മാന്ദ്യവും ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച സമയമാണിത്. അതുകൊണ്ട് തന്നെ വര്‍ധിച്ച യുദ്ധച്ചെലവിനെ അമേരിക്കയ്ക്ക് സ്വന്തം ജനങ്ങള്‍ക്ക് മുമ്പില്‍ ന്യായീകരിക്കാനാവില്ല. അഫ്ഗാനിസ്താനിലെത്തുന്ന ഓരോ അമേരിക്കന്‍ പട്ടാളക്കാരനു വേണ്ടി ശരാശരി ഒരുവര്‍ഷം ഒരു ദശലക്ഷം ഡോളറാണ് അമേരിക്ക ചെലവിടുന്നത്. ഇതു ഇന്നത്തെ സാഹചര്യത്തില്‍ സഹിക്കാവുന്നതല്ല. അമേരിക്കയില്‍ മാത്രമല്ല, അഫ്ഗാനിസ്താനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന 40 ലധികം രാജ്യങ്ങളിലെല്ലാം തന്നെ ഈ യുദ്ധത്തിനുള്ള ജനപിന്തുണ കുറഞ്ഞുവരികയാണ്. ഈ പ്രതിസന്ധിയിലാണ് ലണ്ടന്‍ കോണ്‍ഫറന്‍സിന്റെ വേരുകള്‍ കിടക്കുന്നത്- ഹരുണ്‍മീര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു മാത്രമല്ല, ഇറാനെതിരെ ഇപ്പോഴുള്ള ഉപരോധം ഒരു തുറന്ന യുദ്ധമായി പരിണമിച്ചാല്‍ - അതിനുള്ള സാധ്യത ഏറെയാണ് - അമേരിക്കയുടെ യുദ്ധഫണ്ട് വീണ്ടും വിപുലീകരിക്കേണ്ടിവരും.

പഴയ താലിബാന്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന അര്‍ബാലാ റഹ്മാനിയും അമേരിക്കയുടെ പുതിയനീക്കത്തില്‍ കഴമ്പ് കാണുന്നില്ല. 2001-ല്‍ ഒരു കൊടുങ്കാറ്റായി അഫ്ഗാനിസ്താനിലെത്തിയ അമേരിക്ക അന്ന് 140 ഓളം താലിബാന്‍ നേതാക്കളെ യു.എന്‍. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവരിലൊരാളാണ് റഹ്മാനി. കാബൂളിന് പുറത്ത് ഒരു ബംഗ്ലാവിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. വിദേശമാധ്യമങ്ങളോട് വിരോധമില്ലാത്ത അപൂര്‍വം താലിബാന്‍ നേതാക്കളില്‍ ഒരാള്‍. അദ്ദേഹം പറയുന്നു: ''താലിബാന്‍ എന്നത് ഒരു ഐഡിയോളജിയാണ്. അതിനെ വിലയ്ക്ക് വാങ്ങാമെന്ന മോഹം വിഡ്ഢിത്തമാണ്. താലിബാന്റെ ഉന്നതനേതൃത്വം അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് കരുതുന്നത് തന്നെ അസംബന്ധമാണ്. താലിബാനിപ്പോള്‍ അമേരിക്കയുമായി ചര്‍ച്ചനടത്തേണ്ട ഒരാവശ്യവുമില്ല. കാരണം, അവര്‍ മുമ്പെന്നത്തേക്കാളും ശക്തമാണിന്ന്. അവര്‍ക്ക് ഈ യുദ്ധം വേണമെങ്കില്‍ അടുത്ത 50 വര്‍ഷം ഇതേരീതിയില്‍ തുടരാനുള്ള കരുത്തും സാമ്പത്തികശേഷിയും ഉണ്ട്. അമേരിക്കയ്ക്ക് അത് സാധ്യമല്ലല്ലോ.

'നല്ല താലിബാനുമായുള്ള' ചര്‍ച്ച എന്നത് യു.എസ്. - അഫ്ഗാന്‍ യുദ്ധ ദല്ലാള്‍മാര്‍ ചേര്‍ന്നുനടത്തുന്ന ഒരുതരം ഒത്തുകളിയാണ്. കച്ചവടമാണിത്. പണമാണിവിടെ പ്രധാനം, അധികാരവും. അതുകൊണ്ടുതന്നെ ഈ ചര്‍ച്ചകള്‍ അഫ്ഗാനിസ്താന്‍ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ പോവുന്നില്ല. അമേരിക്ക ഇന്ന് അഫ്ഗാനിസ്താനില്‍ അകപ്പെട്ട അവസ്ഥയിലാണ്-റഹ്മാനി വിലയിരുത്തുന്നു.

അഫ്ഗാനിസ്താനിലെ യു.എന്‍. മുഖ്യമേധാവി കായ് ഐഡിയാണ് താലിബാനുമായുള്ള സന്ധിസംഭാഷണത്തിന്റെ പ്രധാന സൂത്രധാരന്‍. കര്‍സായിയുടെ വലംകൈയാണദ്ദേഹം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കര്‍സായിയുടെ വോട്ട് 50 ശതമാനത്തില്‍ താഴെയായി കുറഞ്ഞപ്പോള്‍, ചട്ടങ്ങള്‍ മറികടന്ന് അദ്ദേഹത്തെ കൈപിടിച്ച് കരകയറ്റിയത് കായ് ഐഡിയായിരുന്നു. അദ്ദേഹമാണിപ്പോള്‍ കര്‍സായിയുടെ സമ്മതത്തോടെ സൗദിഅറേബ്യയിലും മാലിദ്വീപിലും മറ്റും മറ്റും പറന്നിറങ്ങി താലിബാനുമായുള്ള ഒത്തുതീര്‍പ്പ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പ്രസിഡന്റ് കര്‍സായി മുമ്പത്തേക്കാളും അശക്തനാണ്. അധികാരം നിലനിര്‍ത്താന്‍ താലിബാനെ പങ്കാളിയാക്കുക എന്ന തന്ത്രത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാല്‍ പാശ്ചാത്യ ജനാധിപത്യമാതൃകയിലൂന്നിയ ഭരണവ്യവസ്ഥ അംഗീകരിക്കാന്‍ യഥാര്‍ഥ താലിബാനാവുമോഎന്നതാണ് പ്രസക്തമായ ചോദ്യം. താലിബാനെ അറിയുന്ന ആരും ഇത് സാധ്യമാണെന്ന് പറയില്ല. താലിബാന്‍ സഹായമില്ലാതെ കാബൂളില്‍ ഭരണം അസാധ്യമാവുന്ന സാഹചര്യമാണ് അഫ്ഗാനിസ്താനില്‍ ഉരുത്തിരിയുന്നത് എന്ന് അന്താരാഷ്ട്ര സമൂഹത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍ താലിബാന് സാധിച്ചു എന്നതാണ് അവരുടെ രാഷ്ട്രീയ വിജയം. ഇതുതന്നെയാണ് അമേരിക്കയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ രാഷ്ട്രീയ പരാജയവും.

അഫ്ഗാനിസ്താനല്ല പാകിസ്താനാണ് താലിബാനുമായുള്ള ചര്‍ച്ചയെ അതിരുകടന്ന ആവേശത്തോടെ നോക്കിക്കാണുന്നത് എന്നതും ശ്രദ്ധേയമാണ്. താലിബാന്റെ ജനിതകമറിയുന്നവര്‍ ഇതില്‍ അത്ഭുതപ്പെടില്ല. വടക്കന്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഫൗസിയ കോഫി പറയുന്നു. ''താലിബാന്റെ വേരുകള്‍ കിടക്കുന്നത് പാകിസ്താനിലാണ്. അതുകൊണ്ടുതന്നെ താലിബാന് നിയമസാധുത നല്‍കുന്ന ഏതൊരു നീക്കവും പാകിസ്താനെ പുളകം കൊള്ളിക്കും. ഈ വേരുകള്‍ക്ക് വെള്ളവും വളവും നല്‍കി അഫ്ഗാനിസ്താനില്‍ താലിബാന് ശക്തി പകരുന്നവര്‍ക്ക് മേലെ സമ്മര്‍ദം ശക്തമാക്കുകയാണ് അമേരിക്ക ആദ്യം ചെയ്യേണ്ടത്.''

താലിബാനെ പണവും അധികാരവും നല്‍കി കാബൂളിലേക്ക് അടുപ്പിക്കുമ്പോള്‍ മറ്റുപലരും കാബൂളില്‍ നിന്ന് അകന്നുപോവുമെന്നും ഫൗസിയ കോഫി ഓര്‍മിപ്പിക്കുന്നു. താലിബാനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം തുറന്നടിക്കാനും അവര്‍ മടിച്ചില്ല. ''ഒരു വനിത എന്ന നിലയില്‍ ഏറെ ഭീതിയോടെയാണ് ഞാനീ നീക്കത്തെ നോക്കിക്കാണുന്നത്. ഒരുപക്ഷേ, അടുത്തതവണ നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഇത്തരമൊരു അഭിമുഖം സാധിച്ചെന്നുവരില്ല. കാരണം താലിബാന്‍ ഭരണഘടനയില്‍ പൊതുരംഗത്ത് സ്ത്രീകള്‍ക്ക് സ്ഥാനമില്ലല്ലോ! ഫൗസിയാ കോഫിയുടെ ഭീതി കാബൂളില്‍ മറ്റ് പലരിലും പ്രകടമാണ്.

ഒറ്റമൂലികള്‍ കൊണ്ട് മാറ്റാവുന്ന അസുഖമല്ല ഇന്ന് അഫ്ഗാനിസ്താനെ ഗ്രസിച്ചിരിക്കുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെ രോഗിയെ അറിഞ്ഞ്, ഇടതടവില്ലാത്ത ചികിത്സയാണിവിടെ ആവശ്യം. താത്കാലികലാഭം ലക്ഷ്യംവെച്ചുള്ള വിദേശശക്തികളുടെ ഒറ്റമൂലി പ്രയോഗങ്ങളാണ് അഫ്ഗാനിസ്താനെ ഇന്നത്തെ നിലയിലെത്തിച്ചത്.

Followers