സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, June 17, 2009

ആത്മപരിശോധനകളില്‍ തെളിയേണ്ടത്‌



കാഴ്‌ചയ്‌ക്കപ്പുറം
ടി.വി.ആര്‍. ഷേണായ്‌

ബി.ജെ.പി.യും സി.പി.എമ്മും അവരുടെ അച്ചടക്കത്തിനും അഴിമതിരാഹിത്യത്തിനും പേരെടുത്ത ഒരു കാലം എനിക്ക്‌ ഓര്‍മയുണ്ട്‌. എന്നാല്‍, ഇന്നിത്‌ പേരിനെങ്കിലും ആവര്‍ത്തിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?

പൊതുജനങ്ങളില്‍നിന്നു വോട്ട്‌ സമാഹരിക്കുന്നതില്‍ നേരിട്ട പരാജയത്തെ കേഡര്‍ പാര്‍ട്ടികള്‍ എങ്ങനെയാവും കൈകാര്യം ചെയ്യുക? തങ്ങള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന്‌ വ്യക്തമാക്കിക്കൊണ്ടാവണം ബി.ജെ.പി.യും സി.പി.എമ്മും ഈയൊരു വിലയിരുത്തല്‍ നടത്താന്‍.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയാവാം ആദ്യ പടി. കോണ്‍ഗ്രസ്സിനെ നോക്കൂ. ലാറ്റിന്‍ വഴി ഫ്രഞ്ചില്‍നിന്നു ലഭിച്ച വാക്കാണ്‌ 'ഒത്തുചേരല്‍' എന്ന്‌ അര്‍ഥംവരുന്ന കോണ്‍ഗ്രസ്‌ എന്ന പേര്‌. ഈയൊരു വാക്യാര്‍ഥത്തില്‍ ത്തന്നെയാണ്‌ അമേരിക്കയില്‍ അത്‌ ഉപയോഗിച്ചുവരുന്നത്‌. സെനറ്റും ജനപ്രതിനിധിസഭയും ചേരുന്ന ഒരു പൊതുവേദിയാണ്‌ അവിടെ കോണ്‍ഗ്രസ്‌.

പാരമ്പര്യവാദികളും പുരോഗമനവാദികളും ഒരുപോലെ ഒത്തുചേരുന്ന ഈ വേദിക്ക്‌, പക്ഷേ, അതിന്‍േറതായ ഒരു തത്ത്വശാസ്‌ത്രമോ രാഷ്ട്രീയ കാഴ്‌ചപ്പാടോ ഇല്ല. ഒട്ടും വ്യത്യസ്‌തമല്ല, ഇതേ പേരു വഹിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥിതിയും.

1930-
ല്‍ കോണ്‍ഗ്രസ്സില്‍ സജീവമായിരുന്നത്‌ സോഷ്യലിസ്റ്റുകളോട്‌ സര്‍ദാര്‍ പട്ടേലിന്റെ എതിര്‍പ്പായിരുന്നു. 1955-ലെ ആവഡി സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അടിസ്ഥാനപ്രമാണമായി സോഷ്യലിസത്തെ അംഗീകരിപ്പിച്ചെടുക്കാന്‍ പണ്ഡിറ്റ്‌ നെ'ുവിനു കഴിഞ്ഞു. എന്നാല്‍, 1991-ല്‍ ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയുമെല്ലാം സമ്മര്‍ദഫലമായി നരസിംഹറാവു സ്വതന്ത്രവിപണിയെ പുല്‍കുകയാണുണ്ടായത്‌. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഒരിക്കലും ഇത്തരം നയവ്യതിയാനങ്ങളെ തത്ത്വാധിഷ്‌ഠിത കസര്‍ത്തുകള്‍കൊണ്ട്‌ ന്യായീകരിക്കേണ്ടിവരാറില്ല. മറിച്ച്‌, പാര്‍ട്ടിയിലെ ഒരോ അംഗത്തിനും അതിന്റെ വീതം ലഭിച്ചെന്ന്‌ ഉറപ്പാക്കണമെന്നു മാത്രം.

('
ആം ആദ്‌മി'യെക്കുറിച്ചുള്ള സംസാരങ്ങളൊന്നും ഒരാദര്‍ശത്തെ രൂപപ്പെടുത്തുന്നില്ല. സാധാരണക്കാരന്‍ എന്ന സങ്കല്‌പത്തിനു നിലകൊള്ളുന്നവരാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടി, ഏകകക്ഷി ഭരണം നിലനി'ുന്ന ചൈനയിലോ ഉത്തര കൊറിയയിലോ പോലും ഉണ്ടാകുമോ?)

എന്നാല്‍, കേന്ദ്രീകൃതമായ ഒരു ആദര്‍ശത്താല്‍ നയിക്കപ്പെടുന്നുവെന്ന മിഥ്യാബോധം വെച്ചുപുലര്‍ത്തി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടികളെ ഈയൊരു കാഴ്‌ചപ്പാടിലൂടെ വിലയിരുത്താനാകില്ല. സി.പി.എമ്മിലാണെങ്കില്‍ മാര്‍ക്‌സിസത്തെയും ലെനിനിസത്തെയും വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. ഈ തത്ത്വങ്ങള്‍, അവയോട്‌ പലപ്പോഴും അനുഭാവം പ്രകടിപ്പിക്കാത്തവരും ചിലപ്പോഴെങ്കിലും വിയോജിക്കുന്നവരുമായ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്‌ സി.പി.എമ്മിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ഇതുതന്നെയാണോ ബി.ജെ.പി. നേരിടുന്ന പ്രശ്‌നവും? ഇന്ത്യയിലെയും വിദേശത്തെയും ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ ഒരുപോലെ ബി.ജെ.പി.യെ വലതുപക്ഷ, ഹിന്ദു ദേശീയ പാര്‍ട്ടിയായാണ്‌ വിശേഷിപ്പിച്ചുവരുന്നത്‌. എന്നാല്‍, യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സന്ദേഹമിതാണ്‌: യഥാര്‍ഥത്തില്‍ ബി.ജെ.പി.യില്‍ എന്തെങ്കിലും തരത്തിലുള്ള വലതുപക്ഷ തത്ത്വശാസ്‌ത്രമോ ഹിന്ദുദേശീയതയോ നിലനി'ുന്നുണ്ടോ?

കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും സാമ്പത്തിക നയങ്ങളെ ചേര്‍ത്തുവെച്ചു നോക്കുക. ആയിരം പേരില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത്‌ പേരും ഇവയെ വേര്‍തിരിച്ചറിയാന്‍ വിഷമിക്കും. യാഥാസ്ഥിതിക സാമ്പത്തികനയങ്ങള്‍ പിന്തുടരുന്ന ഒരു കറകളഞ്ഞ വലതുപക്ഷ പാര്‍ട്ടി, വായ്‌പ എഴുതിത്തള്ളുന്നതിനെയും തൊഴിലുറപ്പു പദ്ധതിയെയുമെല്ലാം എതിര്‍ക്കുമെന്നാണ്‌ നമ്മള്‍ കരുതുക. എന്നാല്‍ ഇത്തരം ജനപ്രിയപദ്ധതികള്‍ക്കെതിരെ ബി.ജെ.പി. ശബ്ദമുയര്‍ത്തുന്നത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ?

സോവിയറ്റ്‌ സ്വാധീനത്തില്‍ വശംവദനായ ജവാഹര്‍ലാല്‍ നെ' ഇന്ത്യയ്‌ക്കുമേല്‍ അടിച്ചേല്‌പിച്ച പ്ലാനിങ്‌ കമ്മീഷന്‍ എന്ന സ്റ്റാലിനിസ്റ്റ്‌ ഭീകരതയെ അനുകൂലിക്കാന്‍ ഒരു വലതുപക്ഷ പാര്‍ട്ടിക്ക്‌ ഒരിക്കലും കഴിയില്ല. എന്നാല്‍, ബി.ജെ.പി. എപ്പോഴെങ്കിലും ഈ സംവിധാനത്തെ കുഴിച്ചുമൂടുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിട്ടുണ്ടോ?

അധികാരത്തിലിരുന്നപ്പോള്‍ ലൈസന്‍സ്‌-പെര്‍മിറ്റ്‌-ക്വാട്ടാ രാജിന്‌ അറുതിവരുത്താന്‍ ബി.ജെ.പി. എന്തെങ്കിലും ചെയേ്‌താ? സാധാരണ പൗരന്മാരെ കുഴക്കുന്ന ഫോമുകളുടെയും നിയമങ്ങളുടെയും നൂലാമാലകളെക്കുറിച്ചാണ്‌, അല്ലാതെ വന്‍കിട വ്യവസായങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്‌. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ എന്തു ചെയേ്‌താ അതോ അല്ലെങ്കില്‍ അതിലും കുറച്ചോ മാത്രമേ ബി.ജെ.പി.യും ചെയ്‌തിട്ടുള്ളൂ. അല്ലെങ്കില്‍ ഇതാണ്‌ ജനങ്ങള്‍ക്കിടയില്‍ നിലനി'ുന്ന പൊതുധാരണ.

ഇനി ഒരുപക്ഷേ, വലതുപക്ഷമല്ലെങ്കില്‍ ഇപ്പോള്‍ എന്തു ഹിന്ദുദേശീയതയാണ്‌ ബി.ജെ.പി.യിലുള്ളത്‌. അയോധ്യാപ്രശ്‌നമായിരുന്നു എന്നും ബി.ജെ.പി.യുടെ മുഖമുദ്ര. എന്നാല്‍, അവിടെ ക്ഷേത്രനിര്‍മാണത്തിനുവേണ്ടി ബി.ജെ.പി. എന്താണ്‌ ചെയ്‌തിട്ടുള്ളത്‌? ഈയൊരു വിഷയത്തെ മാറ്റിനിര്‍ത്തിയാല്‍ ബി.ജെ.പി.യുടെ നയപരിപാടികളില്‍ ഹിന്ദുഅംശം എന്താണ്‌ ബാക്കിയുള്ളത്‌?

നമുക്ക്‌ ക്ഷേത്രനിര്‍മാണവുമായി യാതൊരു ബന്ധവുമില്ലാത്ത, പുരാതന ഭാരതീയ സംസ്‌കൃതിയില്‍ അധിഷ്‌ഠിതമായ എത്ര പദ്ധതികള്‍ വേണമെങ്കിലും കണ്ടെത്താന്‍ കഴിയും. കാളിദാസനും കൗടില്യനുമെല്ലാം നിര്‍ദേശിച്ച നികുതിസമ്പ്രദായം ഒരുദാഹരണമായെടുക്കാം. കൗടില്യന്‍ നിര്‍ദേശിച്ച ഭൂനികുതി വര്‍ത്തമാനകാലത്തെ 16.67 ശതമാനം മുതല്‍ 25 ശതമാനം വരെയുള്ള നിരക്കിന്‌ തുല്യമായി വരും. സ്റ്റാലിനിസ്റ്റ്‌ നയങ്ങളെ തള്ളിപ്പറഞ്ഞ നെ'ുവിയന്‍ സാമ്പത്തികവിദഗ്‌ധര്‍ ഇത്തരമൊരു 'ഹിന്ദു വളര്‍ച്ചനിരക്കി'നെക്കുറിച്ച്‌ വാചാലരാകാറുണ്ട്‌. എന്നാല്‍, എന്തുകൊണ്ട്‌ ബി.ജെ.പി. നികുതിയുടെ കാര്യത്തില്‍ ഇത്തരമൊരു ഹിന്ദു നിരക്കിനുവേണ്ടി വാദിക്കുന്നില്ല.

''
ദൈവമേ, അങ്ങ്‌ സസ്യങ്ങളിലും ജലത്തിലും ആനന്ദം കണ്ടെത്തിക്കൊള്ളുക'' എന്ന്‌ അര്‍ഥം വരുന്ന ഒരു വരിയുണ്ട്‌ ഋഗ്വേദത്തില്‍. ഇത്തരം വരികളുടെ അടിസ്ഥാനത്തില്‍ ഒരു പരിസ്ഥിതിസൗഹാര്‍ദ വികസനനയം തയ്യാറാക്കാന്‍ ഒരു വിഷമവുമില്ല. എന്നാല്‍, ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനെപ്പോലെ കൂറ്റന്‍ അണക്കെട്ടുകള്‍ പോലുള്ള വന്‍കിട പദ്ധതികളോടാണ്‌ താത്‌പര്യം. മതത്തിന്റെ മാത്രം പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്ന രാമസേതുപദ്ധതിയുടെ പാരിസ്ഥിതിക വശം ഇതുവരെ ആരെങ്കിലും ബി.ജെ.പി.യില്‍ ഉയര്‍ത്തിയിട്ടുണ്ടോ? (അല്ലെങ്കില്‍ ഈ പദ്ധതി ഒരു സാമ്പത്തിക ദുര്‍വ്യയമാണെന്ന കാര്യമെങ്കിലും ആരെങ്കിലും ചൂണ്ടിക്കാട്ടിയോ?)

പുരാതന പാരമ്പര്യത്തെ എങ്ങനെ ആധുനികകാലത്ത്‌ ഉപയുക്തമാക്കാമെന്നതിനെ സംബന്ധിച്ച രണ്ട്‌ ഉദാഹരണങ്ങള്‍ മാത്രമാണിത്‌. ഇതുപോലുള്ള മറ്റു നിരവധി ഉദാഹരണങ്ങള്‍ ഇനിയും കണ്ടേക്കാം. ഈ ഹിന്ദു പാരമ്പര്യത്തെ അടിസ്ഥാനമാക്കി നയരൂപവത്‌കരണം നടത്തുന്നില്ലെങ്കില്‍, അല്ലെങ്കില്‍ യഥാര്‍ഥ വലതുപക്ഷമാകുന്നില്ലെങ്കില്‍ എന്തിന്‌ കോണ്‍ഗ്രസ്സിനു പകരം ജനങ്ങള്‍ ബി.ജെ.പി.ക്ക്‌ വോട്ട്‌ ചെയ്യണം? ഇതുമാത്രമല്ല, രണ്ടു പൊതുതിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ അണികളെ സജീവമായി നിലനിര്‍ത്താനുള്ള എന്ത്‌ കര്‍മപരിപാടികളാണ്‌ ബി.ജെ.പി.ക്കുള്ളത്‌?

പിഴവുകളുടെ അവലോകനത്തെക്കുറിച്ചാണ്‌ ഇപ്പോള്‍ ബി.ജെ.പി.യും സി.പി.എമ്മും സംസാരിക്കുന്നത്‌. എന്നാല്‍, ആത്മപരിശോധന പാര്‍ട്ടി ആസ്ഥാനങ്ങളിലെ കേവലം കസേരകളിയില്‍ ഒതുങ്ങരുത്‌. പാര്‍ട്ടിയുടെ പ്രസിഡന്റ്‌സ്ഥാനവും ജനറല്‍ സെക്രട്ടറിസ്ഥാനവും ആര്‍ക്കൊക്കെ ലഭിക്കുന്നുവെന്നത്‌ പാര്‍ട്ടിക്കു പുറത്ത്‌ ആര്‍ക്കെങ്കിലും താത്‌പര്യമുള്ള വിഷയമാണോ?

ബി.ജെ.പി.യും സി.പി.എമ്മും അവരുടെ അച്ചടക്കത്തിനും അഴിമതിരാഹിത്യത്തിനും പേരെടുത്ത ഒരു കാലം എനിക്ക്‌ ഓര്‍മയുണ്ട്‌. (ലാവലിന്‍കാലത്ത്‌ ഇതൊരു തമാശയാണെന്ന കാര്യം എനിക്കറിയാത്തതല്ല.) പാര്‍ട്ടിയിലുള്ളവരെക്കാള്‍ ദേശീയ താത്‌പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‌കിയിരുന്ന പാര്‍ട്ടിയായിരുന്നു ബി.ജെ.പി.യും അതിന്റെ മുന്‍ഗാമിയായ ജനസംഘവും. അതുപോലെ എന്നും ആദര്‍ശത്തെ വ്യക്തികള്‍ക്കു മുകളില്‍ പ്രതിഷ്‌ഠിച്ചിരുന്ന പാര്‍ട്ടിയാണ്‌ സി.പി.എം. എന്നാല്‍, ഇന്നിത്‌ പേരിനെങ്കിലും ആവര്‍ത്തിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?

തുറന്നുപറഞ്ഞാല്‍, ഇന്നുള്ളത്‌ കോണ്‍ഗ്രസ്സിന്റെ വളരെ ദുര്‍ബലമായ അനുകരണങ്ങള്‍ മാത്രമാണ്‌. അങ്ങനെവരുമ്പോള്‍ ഒറിജിനലിനെത്തന്നെ സ്വീകരിക്കുന്നതു തന്നെയാകും അഭികാമ്യം എന്ന്‌ ജനങ്ങള്‍ ചിന്തിച്ചെന്നുവരും.

No comments:

Followers