സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, October 28, 2008

ആഗോള പ്രതിസന്ധിയും ഭാരതത്തിന്റെ ദൗത്യവും

നമ്മുടെ സ്വത്വത്തിനും സംസ്‌കാരത്തിനും മാനുഷിക-പ്രകൃതിവിഭവങ്ങള്‍ക്കും അനുസൃതമായ ഒരു വികസന സമ്പ്രദായം നടപ്പിലാക്കാന്‍ കഴിഞ്ഞാലേ മൂര്‍ച്ഛിച്ചു വരുന്ന ആഗോള പ്രതിസന്ധികളില്‍ നിന്ന്‌ പരിക്കേല്‍ക്കാതെ നമുക്ക്‌ ഒട്ടൊക്കെ വിട്ടുനി'ാനാകൂ . ആ വഴിക്കു ചിന്തിക്കാന്‍ സഹായിക്കുമെങ്കില്‍ ഈ സാമ്പത്തിക പ്രതിസന്ധി നമുക്ക്‌ അനുഗ്രഹമാണ്‌

പി. പരമേശ്വരന്‍

ഇ ന്നത്തെ ആഗോള സാമ്പത്തിക പ്രതിസന്ധി അനിവാര്യമായിരുന്നു. അപ്രതീക്ഷിതമായ വേഗത്തില്‍ അത്‌ സംഭവിച്ചത്‌ നന്നായി. ഇനിയും നീണ്ടുപോയിരുന്നെങ്കില്‍ അത്‌ രൂക്ഷവും മാരകവും ആകുമായിരുന്നു. ഏതാണ്ട്‌ ഇരുപത്‌ വര്‍ഷം മുമ്പ്‌ സംഭവിച്ച, സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയോട്‌ സാദൃശ്യമുള്ളതാണ്‌ അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയുടെ ഇപ്പോഴത്തെ തകര്‍ച്ചയും. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ച പൊടുന്നനെ ആയിരുന്നില്ല. ക്രൂഷ്‌ച്ചേവിന്റെ കാലത്താരംഭിച്ച്‌ ഗോര്‍ബച്ചേവ്‌ സാരഥ്യം വഹിച്ച കാലയളവിലാണ്‌ അത്‌ സംഭവിച്ചത്‌. ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും അതിന്‌ അകമ്പടി സേവിച്ചു. അമേരിക്കന്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും പടിപടിയായി തകര്‍ച്ചയിലേക്ക്‌ നീങ്ങുകയായിരുന്നു. പ്രസിഡന്റ്‌ ബുഷിന്റെ ആഭ്യന്തര-വിദേശ നയങ്ങള്‍ അതിന്‌ ആക്കം കൂട്ടി. അമേരിക്കന്‍ നേതൃത്വത്തില്‍ ആഗോള സമ്പദ്‌വ്യവസ്ഥ ഏകീകരിക്കപ്പെട്ടുകൊണ്ടിരുന്ന സന്ദര്‍ഭത്തിലായതുകൊണ്ട്‌ മിക്കവാറും എല്ലാ രാഷ്ട്രങ്ങളേയും അത്‌ ഞെട്ടിച്ചു. ഏറ്റക്കുറച്ചിലോടെ ബാധിച്ചു. തുടര്‍പ്രതിഭാസമായതുകൊണ്ട്‌ അന്തിമ വിലയിരുത്തലിന്‌ ഇനിയും സമയമെടുക്കും.

ഈ ആഗോള പ്രതിസന്ധിക്ക്‌ പ്രതിവിധി നിര്‍ദേശിക്കാന്‍ ഐക്യരാഷ്ട്രസഭ പ്രമുഖ സാമ്പത്തിക വിദഗ്‌ധരുടെ നാലംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്‌. നോബല്‍ സമ്മാനാര്‍ഹനായ അമേരിക്കന്‍ സാമ്പത്തിക ശാനസ്ര്‌തജ്ഞന്‍ ജോസഫ്‌ സ്റ്റിഗ്ലിറ്റിസ്‌ അധ്യക്ഷനായുള്ള സമിതിയില്‍ ഇടത്‌ സാമ്പത്തിക സൈദ്ധാന്തികനും കേരളത്തിലെ ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷനുമായ പ്രഭാത്‌ പട്‌നായിക്കും ഉള്‍പ്പെടുന്നു. പക്ഷേ, എത്ര വിദഗ്‌ധരായാലും ശരി ഒരു നാലംഗ പണ്ഡിതസമിതി കിണഞ്ഞ്‌ പരിശ്രമിച്ചതുകൊണ്ട്‌ പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധി. കാരണം ഇത്‌ കേവലം ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല. സാമ്പത്തികം ഒരു വശം മാത്രമാണ്‌. സമഗ്രവീക്ഷണം പ്രശ്‌നപരിഹാരത്തിന്‌ അത്യാവശ്യമാണ്‌. സമ്പദ്‌വ്യവസ്ഥയുടെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍, സാമ്പത്തിക വിദഗ്‌ധര്‍ക്ക്‌ മാത്രമായി വിട്ടുകൊടുക്കാന്‍ തക്കവണ്ണം ലളിതമല്ല.

ഒരുകാര്യം എടുത്തുപറയേണ്ടതാവശ്യമാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ച, റഷ്യയുടെ തകര്‍ച്ചയായിരുന്നില്ല. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച അമേരിക്കയുടെ തകര്‍ച്ചയായി കാണുന്നതും ശരിയല്ല. സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചത്‌ കമ്യൂണിസ്റ്റ്‌ തത്ത്വസംഹിതയുടെയും പ്രയോഗത്തിന്റെയും തകര്‍ച്ചയായിരുന്നു. അത്‌ സംഭവിച്ചപ്പോള്‍ മുതലാളിത്ത-സാമ്രാജ്യത്വവാദികള്‍ ആഘോഷിച്ചു. 'ചരിത്രം അവസാനിച്ചു' എന്നും 'ഇനിയങ്ങോട്ട്‌ അമേരിക്കന്‍ ലോകക്രമത്തിന്റെ വാഴ്‌ചയാണ്‌' എന്നും പ്രഖ്യാപിച്ചു. അതിലളിതവും അടിസ്ഥാനരഹിതവുമായ ആ വിശ്വാസം ഇപ്പോള്‍ അടിതകര്‍ന്നിരിക്കുകയാണ്‌. മുതലാളിത്തവ്യവസ്ഥയുടെ ഒടുക്കത്തിന്റെ തുടക്കം മാത്രമാണ്‌ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌. രോഗാതുരമായി അത്‌ കുറച്ചുനാള്‍ കൂടി തുടരും. വിദഗ്‌ധ സാമ്പത്തിക ചികിത്സകൊണ്ട്‌ രോഗിയുടെ ജീവന്‍ ഏറെനാള്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. അമേരിക്ക മാത്രമല്ല ലോക രാഷ്ട്രങ്ങളെല്ലാം തന്നെ വികസനത്തിന്‌ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. മാനവരാശിക്ക്‌ മുഴുവന്‍ ഉപയുക്തവും പ്രയോജനപ്രദവുമായ ഒരൊറ്റ സമ്പദ്‌വ്യവസ്ഥ എന്ന കാഴ്‌ചപ്പാട്‌ നിലനി'ാന്‍ പോകുന്നില്ല എന്നര്‍ഥം.

ഓരോ ജനതയ്‌ക്കും അതിന്‍േറതായ സാംസ്‌കാരികത്തനിമയും ചരിത്രാനുഭവവും ജീവിത സമ്പ്രദായവും മൂല്യസങ്കല്‌പങ്ങളും ഉണ്ട്‌. അവയുടെ പൂര്‍ത്തീകരണത്തിലാണ്‌ അവരുടെ സംതൃപ്‌തിയും സാഫല്യവും. ഏത്‌ സാമ്പത്തിക ക്രമവും ഇവയെയെല്ലാം കണക്കിലെടുക്കുന്നതാവണം. സ്വാഭാവികമായും വൈവിധ്യപൂര്‍ണമായ ലോകരാഷ്ട്രങ്ങള്‍ വൈവിധ്യപൂര്‍ണമായ സാമ്പത്തിക ക്രമങ്ങള്‍ കണ്ടെത്തും. കണ്ടെത്തുകതന്നെ വേണം.

മുതലാളിത്തത്തിന്റെയും കമ്യൂണിസത്തിന്റെയും ആത്യന്തികമായ തകര്‍ച്ച മഹാത്മജിയും മഹായോഗി അരവിന്ദനും ഭാരതത്തിനകത്തും പുറത്തുമുള്ള മറ്റനേകം ചിന്തകന്മാരും മുന്‍കൂട്ടി കണ്ടിരുന്നു. ഇവയ്‌ക്ക്‌ രണ്ടിനും ചരിത്രപരമായ ചില ദൗത്യങ്ങള്‍ ഉണ്ടെന്നും അതു നിര്‍വഹിച്ചു കഴിഞ്ഞാല്‍ അവ രണ്ടും അരങ്ങൊഴിയുമെന്നുംഅവ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന കാലത്തുതന്നെ മഹായോഗി അരവിന്ദന്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയും ഉപഭോഗവാദത്തിന്‌ ഊന്നല്‍ നല്‌കിയും രൂപംകൊണ്ട പാശ്ചാത്യദര്‍ശനങ്ങളാണ്‌ മുതലാളിത്തവും കമ്യൂണിസവും. രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണെന്നും ആധ്യാത്മികതയുടെ ആന്തരിക ബലമില്ലാത്തതുകൊണ്ട്‌ ഇവയ്‌ക്ക്‌ സ്ഥായീഭാവം ഉണ്ടാവുകയില്ലെന്നും സ്വാമി വിവേകാനന്ദന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മനുഷ്യന്‍ കേവലം സാമ്പത്തിക ജീവിയോ രാഷ്ട്രീയ ജീവിയോ മാത്രമല്ലല്ലോ. അനന്തസാധ്യതകള്‍ അന്തര്‍ഭവിച്ചിട്ടുള്ള മാനവരാശിയുടെ സമഗ്ര വികസനത്തിനു വേണ്ട ഉപാധികളില്‍ ചിലത്‌ മാത്രമാണ്‌ സാമ്പത്തികവും രാഷ്ട്രീയവും. മാനവരാശിയുടെ മംഗളകരമായ ഭാവിക്ക്‌ സമഗ്രമായ ജീവിതദര്‍ശനവും അതിന്റെ വെളിച്ചത്തില്‍ സമസ്‌ത മേഖലകളുടെയും പുനഃക്രമീകരണവും അനിവാര്യമാണ്‌. ഈ ആവശ്യത്തിലേക്കാണ്‌ പരസ്‌പരവിരുദ്ധമെന്ന്‌ തോന്നുന്ന രണ്ടു സമീപനങ്ങളുടെയും സമ്പദ്‌ വ്യവസ്ഥകളുടെയും തകര്‍ച്ച വ്യക്തമായി വിരല്‍ ചൂണ്ടുന്നത്‌. കമ്യൂണിസത്തിന്‌ പുതുജീവന്‍ നല്‍കാന്‍ 'ന്യൂലെഫ്‌റ്റ്‌' ബുദ്ധിജീവികള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതുപോലെത്തന്നെ മുതലാളിത്തത്തെ നിലനിര്‍ത്താന്‍ 'നിയോലിബറല്‍' ബുദ്ധിജീവികള്‍ നടത്തുന്ന പരിശ്രമങ്ങളും പരാജയപ്പെടും എന്നുറപ്പാണ്‌.

ഇന്നത്തെ പ്രതിസന്ധിയില്‍ യൂറോപ്പിനോ അമേരിക്കയേ്‌ക്കാ അല്ല, ഏഷ്യാഭൂഖണ്ഡത്തിനായിരിക്കും ഫലപ്രദമായ സംഭാവന കാഴ്‌ചവെക്കാന്‍ കഴിയുക. ഭൗതിക സൈദ്ധാന്തികതയില്‍ നിന്ന്‌ ഭാഗികമായെങ്കിലും പിന്‍വാങ്ങി കണ്‍ഫ്യൂഷ്യന്‍ പാരമ്പര്യത്തിലേക്ക്‌ മടങ്ങുകയും സ്വതന്ത്ര പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ചൈനയ്‌ക്ക്‌ കുറേയൊക്കെ വ്യത്യസ്‌തമായ പന്ഥാവുകള്‍ വെട്ടിത്തെളിക്കാനായേക്കും. പക്ഷേ, ചൈനയുടെ ഇന്നത്തെ മാനസികാവസ്ഥയില്‍ അത്‌ എത്രകണ്ട്‌ പ്രയോഗികമാണെന്നും കണ്ടറിയണം. ചൈനീസ്‌ തനിമ നിലനിര്‍ത്തുന്ന, തനത്‌ സവിശേഷതകളോടുകൂടിയ ഒരു വ്യവസ്ഥിതി സൃഷ്‌ടിക്കാനാണവരുടെ ശ്രമം. സാമ്രാജ്യത്വ വികസനമോഹം ചൈന ഉപക്ഷേിച്ചു എന്നതിന്‌ തെളിവൊന്നുമില്ല. ഇത്തരുണത്തില്‍ നിര്‍ണായകമായ പങ്ക്‌ വഹിക്കാന്‍ ശക്തവും നിയുക്തവുമായത്‌ ഭാരതമാണെന്ന്‌ ലോക ചിന്തകന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. വിശ്വവിഖ്യാത ചരിത്രകാരനായ അര്‍ണോള്‍ഡ്‌ ടോയന്‍ബിയുടെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ സ്‌മരണീയമാണ്‌. ''പാശ്ചാത്യദേശത്തുനിന്ന്‌ ആരംഭിച്ച ചരിത്രാധ്യായത്തിന്‌ ഭാരതീയമായ പരിസമാപ്‌തി ഉണ്ടായെങ്കില്‍ മാത്രമേ ആത്മനാശത്തില്‍ നിന്ന്‌ മാനവരാശിക്ക്‌ മോചനമുണ്ടാകൂ...''(വേള്‍ഡ്‌ തിങ്കേഴ്‌സ്‌ ഓണ്‍ രാമകൃഷ്‌ണ ആന്‍ഡ്‌ വിവേകാനന്ദ, പേജ്‌10,11)

പ്രശ്‌നം കേവലം ഒരു ബദല്‍ സമ്പദ്‌വ്യവസ്ഥയുടേതല്ല. മാനവികതയുടെ മുഖമുള്ളതും വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും സഹിഷ്‌ണുതയും സഹവര്‍ത്തിത്വവും സംരക്ഷിക്കുന്നതും സാമൂഹിക-സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതും ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുന്നതും ആയ ഒരു നവലോകക്രമം പടുത്തുയര്‍ത്തുന്നതിന്‍േറതാണ്‌. ഈ കാര്യത്തില്‍ മറ്റാരേയും അപേക്ഷിച്ച്‌ ഭാരതത്തിനാണ്‌ മഹത്തായ സംഭാവന നല്‍കാന്‍ കഴിയുക.

ഭാരതത്തിന്‌ നിര്‍ണായകവും നേതൃത്വപരവുമായ വലിയ പങ്ക്‌ നിര്‍വഹിക്കാനുള്ള അവസരമാണിത്‌. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നേതൃത്വം അത്‌ വേണ്ടത്ര മനസ്സിലാക്കുകയോ ആ വഴിക്കു ചിന്തിക്കുകയോ ചെയ്യുന്നില്ല എന്നതാണ്‌ സത്യം. അമേരിക്ക നിര്‍ദേശിക്കുന്നതിനപ്പുറം ദേശീയതാത്‌പര്യങ്ങള്‍ ഗൗരവപൂര്‍വം സംരക്ഷിക്കുന്നതില്‍ അവര്‍ തത്‌പരരല്ല. ഭരണതന്ത്രജ്ഞരും സാമ്പത്തിക ഉപദേഷ്‌ടാക്കളും വിദ്യാഭ്യാസ വിചക്ഷണരും എല്ലാം പാശ്ചാത്യമാതൃകയെ സര്‍വശ്രേഷ്‌ഠമായി ആദരിക്കുന്നവരാണ്‌. 'ലോകനിലവാരമുള്ള', എന്നുവച്ചാല്‍ 'അമേരിക്കന്‍ നിലവാരമുള്ള' സ്ഥാപനങ്ങളും സംവിധാനങ്ങളും പടുത്തുയര്‍ത്താനുള്ള വ്യഗ്രതയിലാണവര്‍. ഗ്രാമീണ ഭാരതത്തെ നഗരവത്‌കരിക്കുകയാണ്‌ വികസനത്തിനുള്ള മാര്‍ഗമായി അവര്‍ കാണുന്നത്‌. അടുത്ത കാലത്ത്‌ സിംഗപ്പൂരിന്റെ മുന്‍മന്ത്രിയും സാമ്പത്തിക ഉപദേഷ്‌ടാവുമായ ലീ ക്യുവാന്‍ യൂ നമുക്ക്‌ നല്‍കിയ ഉപദേശം ഭാരതത്തിന്റെ മനഃശാസ്‌ത്രം പാടേ മാറ്റണമെന്നായിരുന്നു. മനഃശാസ്‌ത്രം മാറ്റുക എന്ന്‌ പറഞ്ഞാല്‍ നമ്മെത്തന്നെ മാറ്റുക എന്നര്‍ഥം. ഭാരതം ഭാരതമല്ലാതായിത്തീരുക എന്നര്‍ഥം 'അതിവേഗം നഗരവത്‌കരിക്കുക, നഗരവത്‌കൃത ഭാരതം മെച്ചപ്പെട്ട ഭാരതം. നിങ്ങളുടെ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം നിര്‍ദ്ദേശിച്ചതുപോലെ ഗ്രാമങ്ങളില്‍ നാഗരിക സൗകര്യങ്ങള്‍ എത്തിക്കുക (ജഡഞഎ)എന്ന സിദ്ധാന്തം പ്രായോഗികമല്ല. ചൈന ചെയ്യുന്നതുപോലെ നിങ്ങളും ഗ്രാമങ്ങളില്‍ നിന്ന്‌ ജനങ്ങളെ കൂട്ടത്തോടെ നഗരങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിക്കുക. അതാണ്‌ യഥാര്‍ഥ വികസനത്തിന്‌ ഏകമാര്‍ഗം.'' സിംഗപ്പൂരില്‍ വെച്ചു നടന്ന പ്രവാസിഭാരതീയദിനത്തില്‍ ലീ ക്യുവാന്‍ യൂ നല്‍കിയ ഉപദേശം ഹര്‍ഷാരവത്തോടെയാണത്രെ ഔദ്യോഗിക ഭാരതം സ്വീകരിച്ചത്‌.

വാസ്‌തവത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതും അതാണ്‌. കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഇതിന്‌ തെളിവാണ്‌. അതിന്‌ ഇന്നും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമങ്ങളിലാണ്‌ ഭാരതം ജീവിക്കുന്നത്‌ എന്ന ഗാന്ധിജിയുടെ കാഴ്‌ചപ്പാട്‌ സ്വതന്ത്രഭാരതം പാടെ കൈയൊഴിച്ചിരിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിയും പ്രകൃതിയെ സംരക്ഷിച്ചും കഴിഞ്ഞുപോന്ന കാര്‍ഷികസംസ്‌കാരം, മൂല്യ സങ്കല്‌പങ്ങള്‍, മാനവികത എന്നിവ തീവ്രവേഗത്തോടുകൂടി നഗരവത്‌കരണത്തിന്‌ വഴിമാറുന്നു. ഗ്രാമകേന്ദ്രിതമായ, 'ചെറുതും ചന്തമുള്ള'തുമായ, 'മാനവികതയുടെ മുഖമുള്ള', വികേന്ദ്രീകൃത വ്യവസായ സങ്കല്‌പം നാം കൈയൊഴിഞ്ഞിരിക്കുന്നു. ഭാരതീയയുവത പണിയെടുക്കുന്നതുപോലും വിദേശ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമാണ്‌. സ്വാതന്ത്ര്യത്തിന്റെ സങ്കല്‌പം തന്നെ കൈമോശം വന്നിരിക്കുന്നു. ആഗോളസാമ്പത്തികക്രമവുമായി ഇഴുകിച്ചേരുന്ന നമ്മുടെ സാമ്പത്തിക നയം, രൂക്ഷമായി വരുന്ന ആഗോള പ്രതിസന്ധിയില്‍ നമ്മെ കുരുക്കിയിരിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ ഭാരതത്തിന്റെ മനഃശാസ്‌ത്രം പാടെ മാറ്റണം എന്ന നിര്‍ദേശം സ്വീകരിക്കുകകൂടി ചെയ്‌താല്‍ ഈ നാട്ടിന്റെ അസ്‌തിത്വം തന്നെ അര്‍ഥശൂന്യമായിത്തീരും.

ഈ ഗതികേടില്‍ നിന്ന്‌ സ്വയം മുക്തരാകുകയും നമ്മുടെ സ്വത്വത്തിനും സംസ്‌കാരത്തിനും മാനുഷിക-പ്രകൃതിവിഭവങ്ങള്‍ക്കും അനുസൃതമായ ഒരു വികസന സമ്പ്രദായം നടപ്പിലാക്കാന്‍ കഴിഞ്ഞാലേ മൂര്‍ച്ഛിച്ചു വരുന്ന ആഗോള പ്രതിസന്ധികളില്‍ നിന്ന്‌ പരിക്കേല്‍ക്കാതെ നമുക്ക്‌ ഒട്ടൊക്കെ വിട്ടുനി'ാനാകൂ. ആ വഴിക്കു ചിന്തിക്കാന്‍ സഹായിക്കുമെങ്കില്‍ ഈ സാമ്പത്തിക പ്രതിസന്ധി നമുക്ക്‌ അനുഗ്രഹമാണ്‌, സ്വാഗതാര്‍ഹമാണ്‌. തന്‍േറടത്തോടെ, തനതായ ഒരു വികസന മാതൃക സൃഷ്‌ടിക്കാനുള്ള ഈ അപൂര്‍വാവസരം നാം എങ്ങനെ വിനിയോഗിക്കുന്നു എന്നത്‌ ഭാരതത്തിന്റെ മാത്രം പ്രശ്‌നമല്ല; മുഴുവന്‍ ലോകത്തിന്റെ ഭാവിയുടേയും പ്രശ്‌നമാണ്‌. ഇത്‌ ഒരു ചരിത്ര നിയോഗമാണ്‌

No comments:

Followers