സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Tuesday, October 21, 2008

സിമിയുടെ ബജ്‌രംഗ്‌ദള്‍ സേ്‌ഫാടനങ്ങള്‍


വിഭജനത്തിനു ശേഷമുള്ള (സ്വാതന്ത്ര്യാനന്തര) ഇന്ത്യയില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ താത്‌പര്യങ്ങള്‍ തീവ്രവാദത്തിലേക്കും ഹിംസയിലേക്കും നീങ്ങുന്നത്‌ ഇതാദ്യമല്ല. ജമാ-അത്തെ ഇസ്‌ലാമിയും ആര്‍.എസ്‌.എസ്സും സിമിയും ബജ്‌രംഗ്‌ദളുമെല്ലാം ജനാധിപത്യരാഷ്ട്രസങ്കല്‌പത്തിന്‍െറ എതിര്‍ചേരിയില്‍ ഹിംസാത്മകതയോടെ സഞ്ചരിക്കുന്നവരാണ്‌. ഇന്ത്യയില്‍ അടുത്തിടെ നടന്ന സേ്‌ഫാടനങ്ങളുടെ പിന്നില്‍ സിമിപോലുള്ള സംഘടനകളുണ്ട്‌ എന്നത്‌ നിഷേധിക്കാനാവില്ലെന്ന്‌ ലേഖകന്‍. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്‌ ശേഷം ശക്തിപ്പെട്ട മതരാഷ്‌ട്ര സങ്കല്‌പങ്ങളുടെ ഹിംസാത്മകമായ പ്രയോഗശ്രമങ്ങളാണിത്‌. തീവ്രവാദത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നതിന്‍െറ ആശയ, സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്യുന്നു.
ഹമീദ്‌ ചേന്നമംഗലൂര്


‍സ്വാതന്ത്ര്യംനേടി കഷ്‌ടിച്ച്‌ രണ്ടുമാസം പിന്നിടവെ, 1947 ഒക്ടോബറില്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാഷ്ട്രത്തോട്‌ പറഞ്ഞു: ``രാജ്യത്ത്‌ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌. അവര്‍ വിചാരിച്ചാല്‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്ക്‌ കഴിയില്ല. തര്‍ക്കങ്ങള്‍ക്കു പഴുതില്ലാത്ത ഒരടിസ്ഥാന യാഥാര്‍ഥ്യമാണത്‌. പാകിസ്‌താനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ ദ്രോഹിക്കപ്പെട്ടാലും ഈ ന്യൂനപക്ഷത്തോട്‌ നാം പരിഷ്‌കൃതരീതിയില്‍ ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും നാം അവര്‍ക്ക്‌ നല്‌കണം.''??മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ട്‌ മുസ്‌ലിം പാകിസ്‌താന്‍ നിലവില്‍ വന്നപ്പോള്‍ ഇന്ത്യന്‍ യൂനിയന്‍ ഒരു `ഹിന്ദു പാകിസ്‌താന്‍' ആയിക്കൂടാ എന്നതായിരുന്നു മഹാത്മജിയുടെ എന്നപോലെ നെഹ്‌റുവിന്‍െറയും നിര്‍ബന്ധം. അതിന്‍െറ മൂര്‍ത്ത പ്രകാശനമാണ്‌ മേലുദ്ധരിച്ച വരികള്‍. തുടര്‍ന്ന്‌ രൂപം നല്‌കപ്പെട്ട നമ്മുടെ ഭരണഘടന രാഷ്ട്രത്തിന്‍െറ ജീവവായുവായി മതനിരപേക്ഷ ജനാധിപത്യം അംഗീകരിച്ചു. മത-ജാതി-ഭാഷാ ഭേദമന്യെ സമസ്‌ത ജനവിഭാഗങ്ങള്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്തുക മാത്രമല്ല ആ ഭരണഘടന ചെയ്‌തത്‌. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ പ്രത്യേക സംരക്ഷണങ്ങള്‍ ഉറപ്പാക്കുകകൂടി ചെയ്‌തു അത്‌. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ സംബന്ധിച്ച്‌ ഭരണഘടനയില്‍ ചേര്‍ത്ത 29, 30 വകുപ്പുകള്‍ അതിന്‍െറ തെളിവാണ്‌.??പാകിസ്‌താന്‍ ഉള്‍പ്പെടെ പല മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്ന്‌ ഭിന്നമായി കൂടുതല്‍ പൗരാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും നിലനില്‌ക്കുന്ന രാഷ്ട്രമാണ്‌ ഇന്ത്യ എന്നത്‌ നിഷ്‌പക്ഷമതികള്‍ക്ക്‌ നിഷേധിക്കാനാവില്ല. ഇതിനര്‍ഥം ഇന്ത്യന്‍ ഭരണഘടന അന്യൂനമാണെന്നോ ആറുപതിറ്റാണ്ടായി ഇന്ത്യയില്‍ കാര്യങ്ങളെല്ലാം തീര്‍ത്തും മംഗളകരമാണ്‌ എന്നോ അല്ല. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കെന്നപോലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങളും ദുരിതങ്ങളും ഇവിടെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. ഭൂരിപക്ഷ സമുദായത്തിന്‍െറ ഭാഗമായ ദലിതരോളം അനുഭവങ്ങള്‍ ഒരുപക്ഷേ, ഇവിടെ മറ്റാര്‍ക്കുമുണ്ടായിക്കാണില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ പൊതുവിലും മുസ്‌ലിം ന്യൂനപക്ഷത്തിന്‌ വിശേഷിച്ചും ചില സവിശേഷ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌ എന്നതും സത്യമാണ്‌. വിഭജനത്തിന്‌ ഉത്തരവാദികളായ സമുദായം എന്ന മുദ്രചാര്‍ത്തപ്പെട്ടത്‌ കാരണം ഉത്തരേന്ത്യന്‍ മുസ്‌ലിങ്ങള്‍ ഭൂരിപക്ഷ സമുദായത്താല്‍ പലപ്പോഴും സംശയദൃഷ്‌ടിയോടെ വീക്ഷിക്കപ്പെട്ടു. ഹൈന്ദവ വലതുപക്ഷം അവരെ ശത്രുപക്ഷത്ത്‌ സ്ഥാപിക്കുന്ന രീതി പിന്തുടര്‍ന്നു. വര്‍ഗീയ കലാപങ്ങള്‍ പലതിലും മുസ്‌ലിങ്ങള്‍ക്ക്‌ ജീവഹാനി ഉള്‍പ്പെടെ കനത്ത നാശനഷ്‌ടങ്ങളുണ്ടാക്കി. 2002-ല്‍ ഗുജറാത്തില്‍നടന്ന കലാപം ഹിംസയുടെയും ബീഭത്സതയുടെയും കാര്യത്തില്‍ എല്ലാ അനുപാതങ്ങളും തകിടംമറിച്ചു. ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി വാജ്‌പേയിക്കുപോലും അന്ന്‌, `ഞാന്‍ ഇനി എങ്ങനെ ലോകത്തിന്‍െറ മുഖത്ത്‌ നോക്കും' എന്ന്‌ വിലപിക്കേണ്ടി വന്നു.??2002-ലെ ഗുജറാത്ത്‌ കലാപവുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു കലാപം മാത്രമേ സ്വതന്ത്രഭാരതത്തില്‍ ഉണ്ടായിട്ടുള്ളൂ. 1984-ലെ സിഖ്‌ വിരുദ്ധ കലാപമായിരുന്നു അത്‌. രണ്ടായിരത്തി അഞ്ഞൂറിലേറെ സിഖുകാര്‍ കൊലചെയ്യപ്പെട്ട ആ കലാപത്തെ തീവ്രവാദത്തിന്‌ ഇന്ധനമാക്കുന്നതിനു പകരം രാജ്യത്തെ ജനാധിപത്യസ്ഥലി പരമാവധി പ്രയോജനപ്പെടുത്താനാണ്‌ സിഖ്‌സമുദായം പില്‍ക്കാലത്ത്‌ ശ്രമിച്ചത്‌. കുറ്റങ്ങളും കുറവുകളുമുണ്ടെന്നിരിക്കിലും, ആറുദശകങ്ങളായി രാജ്യത്ത്‌ നിലനില്‌ക്കുന്ന ജനാധിപത്യസ്ഥലി ശക്തമാണ്‌. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട എണ്‍പതുശതമാനത്തോളം വരുന്ന വിഭാഗം ആ സ്ഥലിയുടെ ശക്തരായ വക്താക്കളുമാണ്‌. ഏത്‌ ന്യൂനപക്ഷവും തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഈ ജനാധിപത്യ ഇടത്തെ പ്രയോജനപ്പെടുത്തി വേണം നേരിടാന്‍.??നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം ന്യൂനപക്ഷത്തില്‍ ഒരുവിഭാഗം ജനാധിപത്യത്തിന്‍െറയും മതനിരപേക്ഷതയുടെയും എതിര്‍ദിശയിലാണ്‌ സഞ്ചരിച്ചത്‌. ഹൈന്ദവര്‍ക്കിടയില്‍ നവയാഥാസ്ഥിതികത്വത്തെ പ്രതിനിധാനം ചെയ്യുന്ന ഗോള്‍വല്‍ക്കറിസംപോലെ മുസ്‌ലിംകള്‍ക്കിടയിലും നവയാഥാസ്ഥിതികവാദം ഇരുപതാംനൂറ്റാണ്ടിന്‍െറ പ്രഥമാര്‍ധത്തില്‍ മുളപൊട്ടിയിരുന്നു. ഇന്ത്യാ ഉപവന്‍കരയില്‍ സയ്യിദ്‌ മൗദൂദിയും ഈജിപ്‌തില്‍ സയ്യിദ്‌ ഖുതുബും ആയിരുന്നു അതിന്‍െറ സൈദ്ധാന്തികര്‍. ഇരുവരും ഇസ്‌ലാമിനെ വീക്ഷിച്ചത്‌ ഒരു രാഷ്ട്രീയ വ്യവസ്ഥയായിട്ടാണ്‌. ഇസ്‌ലാമിനെ ആസ്‌പദമാക്കിയ രാഷ്ട്രീയക്രമത്തിലൂടെയും ഭരണവ്യവസ്ഥയിലൂടെയും മാത്രമേ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍തന്നെ പരിഹരിക്കാനാവൂ എന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. മൗദൂദിയുടെയും ഖുതുബിന്‍െറയും നവയാഥാസ്ഥിതിക ചിന്തകള്‍ സ്വാംശീകരിച്ച മുസ്‌ലിം വിഭാഗം ഇന്ത്യയില്‍ മതനിരപേക്ഷ ജനാധിപത്യത്തിന്‍െറ എതിര്‍പക്ഷത്ത്‌ നിന്നു. ഇന്ത്യയിലെ മതേതര ജനാധിപത്യ വ്യവസ്ഥയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്‌ നീതി ലഭിക്കില്ലെന്ന പ്രചാരണമാണ്‌ അവര്‍ അഴിച്ചുവിട്ടത്‌. എഴുപതുകളുടെ അവസാനംവരെ ആ പ്രചാരണത്തിന്‍െറ മുന്‍പന്തിയിലുണ്ടായിരുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌.??1977 ഏപ്രിലില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന എന്നനിലയില്‍ സിമി രൂപവത്‌കൃതമായി. മൗദൂദിയുടെയും ഖുതുബിന്‍െറയും ഇസ്‌ലാമിക ഭരണം സംബന്ധിച്ച ആശയങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ ആക്രാമകമായി അവതരിപ്പിച്ചുകൊണ്ടാണ്‌ സിമി ശ്രദ്ധ പിടിച്ചുപറ്റിയത്‌. മതനിരപേക്ഷ സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിക രാഷ്‌ട്രീയവ്യവസ്ഥയെക്കുറിച്ച്‌ ബോധവാന്മാരാകണമെന്നും 1920-കളില്‍ തകര്‍ന്ന ഖലീഫാ ഭരണം വീണ്ടെടുക്കുക എന്നതാവണം അവരുടെ ലക്ഷ്യമെന്നും സംഘടന പ്രചരിപ്പിച്ചു. `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ', `ഖിലാഫത്ത്‌ പുനഃസ്ഥാപിക്കുക', `ഇസ്‌ലാമിക മതമൗലികവാദിയാവുക' തുടങ്ങിയ പോസ്റ്ററുകളും ചുമരെഴുത്തുകളും സിമിയുടെ ഭാഗത്തുനിന്നുണ്ടായത്‌ ഈ പശ്ചാത്തലത്തിലായിരുന്നു. ??എണ്‍പതുകളുടെ മധ്യത്തോടെ സിമി കൂടുതല്‍ കരുത്താര്‍ജിച്ചു. പശ്ചിമേഷ്യയിലെ മുസ്‌ലിം സംഘടനകളില്‍നിന്നു ലഭിച്ച കനത്ത സാമ്പത്തിക പിന്തുണയാണ്‌ സിമിക്ക്‌ ബലം പകര്‍ന്നത്‌. കുവൈത്ത്‌ ആസ്ഥാനമായി പ്രവര്‍ത്തിച്ചുപോന്ന `വേള്‍ഡ്‌ അസോസിയേഷന്‍ ഓഫ്‌ മുസ്‌ലിം യൂത്ത്‌ (ണഎങഥ), സൗദി അറേബ്യയുടെ ധനപിന്തുണയുള്ള `ഇന്‍റര്‍നാഷണല്‍ ഇസ്‌ലാമിക്‌ ഫെഡറേഷന്‍ ഓഫ്‌ സ്റ്റുഡന്‍റ്‌ ഓര്‍ഗനൈസേഷന്‍' തുടങ്ങിയ വൈദേശിക സ്രോതസ്സുകളില്‍നിന്നു പ്രവഹിച്ച ഫണ്ട്‌ `ഇസ്‌ലാമിക വിപ്ലവ'ത്തിന്‍െറ ആവശ്യകത പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ നടത്താന്‍ സംഘടനയെ സഹായിച്ചു. ഉറുദുവിലും ഹിന്ദിയിലും ഇംഗ്ലീഷിലും `ഇസ്‌ലാമിക്‌ മൂവ്‌മെന്‍റ്‌' എന്നപേരിലും ഗുജറാത്തിയില്‍ `ഇഖ്‌റ' എന്നപേരിലും ബംഗാളിയില്‍ `രൂപാന്തര്‍' എന്നപേരിലും തമിഴില്‍ `സേദിമലര്‍' എന്നപേരിലും മലയാളത്തില്‍ `വിവേകം' എന്നപേരിലും സിമിയുടെ ആനുകാലികങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കൂടാതെ, മദ്രസ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശൃംഖലകള്‍ സ്ഥാപിക്കുന്നതിന്‌ `തെഹ്‌രിക്‌ തുലബ അറബിയ' എന്ന ഒരു പ്രത്യേക വിങ്ങും അവരുണ്ടാക്കി. വര്‍ഗീയ കലാപങ്ങള്‍ക്ക്‌ ഇരകളായ മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിലും ദരിദ്ര മുസ്‌ലിങ്ങള്‍ക്ക്‌ വിദ്യാഭ്യാസത്തിനും മറ്റും സഹായ സൗകര്യങ്ങള്‍ നല്‍കുന്നതിലും അവര്‍ വ്യാപൃതരായി. ഇസ്‌ലാമികാടിസ്ഥാനത്തിലുള്ള ഭരണവ്യവസ്ഥയില്‍ മാത്രമേ മുസ്‌ലിങ്ങള്‍ക്ക്‌ നീതി ലഭിക്കൂ എന്നോര്‍മിപ്പിക്കാന്‍ അവര്‍ മറന്നതുമില്ല.??ഇസ്‌ലാമിക വിപ്ലവത്തിനും ഇസ്‌ലാമിക രാഷ്‌ട്രീയവ്യവസ്ഥയ്‌ക്കും വേണ്ടിയുള്ള കേവലമായ ആഹ്വാനങ്ങളില്‍നിന്നും പ്രചാരണങ്ങളില്‍നിന്നും കൂടുതല്‍ തീവ്രമായ പ്രവര്‍ത്തനശൈലിയിലേക്ക്‌ സിമി മാറിയത്‌ 1992 ഡിസംബര്‍ 6-ന്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു ശേഷമാണ്‌. മസ്‌ജിദ്‌ ധ്വംസനത്തെതുടര്‍ന്ന്‌ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന നരനായാട്ടിന്‍െറ പശ്ചാത്തലത്തില്‍ സിമിയുടെ അന്നത്തെ അധ്യക്ഷന്‍ ഷാഹിദ്‌ ബദര്‍ ഫലാഹി ആഹ്വാനം ചെയ്‌തു: ``സമുദായത്തെ സംരക്ഷിക്കാന്‍ മുസ്‌ലിങ്ങള്‍ സ്വയം സംഘടിക്കണം.'' സിമിയുടെ മറ്റൊരു നേതാവ്‌ അബ്ദുള്‍ അസീസ്‌ സലഫിയുടെ ആഹ്വാനം ഇപ്രകാരമായിരുന്നു: ``മുസ്‌ലിങ്ങള്‍ കൈയും കെട്ടിയിരിക്കില്ലെന്ന്‌ കാണിക്കാനുള്ള പ്രവര്‍ത്തനം വേണം.'' ഈ ആഹ്വാനങ്ങളുടെ പ്രയോഗവത്‌കരണം എവ്വിധമായിരിക്കുമെന്ന്‌ ബാബറിധ്വംസനത്തിന്‍െറ ഒന്നാം വാര്‍ഷികത്തിലാണ്‌ രാജ്യം കണ്ടത്‌. സിമിയുമായി ബന്ധമുള്ള ലഷ്‌കറെ ത്വയ്‌ബ പ്രവര്‍ത്തകരായ ജലീസ്‌ അന്‍സാരി, മുഹമ്മദ്‌ അസം ഘൗറി, അബ്ദുള്‍ കരീം ടുന്‍ഡെ, മുഹമ്മദ്‌ തുഫൈല്‍ ഹുസൈനി എന്നിവര്‍ ചേര്‍ന്ന്‌ രാജ്യത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ചു (‘SIMI and the cult of the Kalashnikov’, The Hindu, നവംബര്‍ 2007). `മുജാഹിദീന്‍ ഇസ്‌ലാമെ ഹിന്ദ്‌' എന്ന പേരിലറിയപ്പെട്ട അവരുടെ സംഘടനയാണ്‌ സപ്‌തംബര്‍ 13-ന്‌ ഡല്‍ഹിയിലുണ്ടായ സ്‌ഫോടനങ്ങളടക്കം സമീപകാലത്തുണ്ടായ പല സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത `ഇന്ത്യന്‍ മുജാഹിദീന്‍' എന്ന സംഘടനയുടെ മുന്‍ഗാമിയായി ഗണിക്കപ്പെടുന്നത്‌.??സിമിയുടെ നിരപരാധിത്വം സമര്‍ഥിക്കുക എന്ന ഉദ്ദേശ്യത്തോടെ `തെഹല്‍ക'യില്‍ `ദ സിമി ഫിക്‌ഷന്‍സ്‌' എന്ന ശീര്‍ഷകത്തില്‍ ഈയിടെ അജിത്‌ സാഹി ദീര്‍ഘമായി ഉപന്യസിക്കുകയുണ്ടായി. വിവിധ കേസുകളില്‍ പിടികൂടപ്പെട്ട സിമിക്കാര്‍ പൊലീസിനു മുന്‍പാകെ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ നടത്തിയ കുറ്റസമ്മതങ്ങളുടെ ബലത്തിലാണ്‌ അവര്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്നതെന്ന്‌ ലേഖകന്‍ വാദിക്കുന്നു. ആരോപിക്കപ്പെടുന്നതുപോലെ സിമി `പ്രകോപനപര'മോ `സാമുദായികസ്‌പര്‍ധ സൃഷ്‌ടിക്കുന്നതോ' ആയ പോസ്റ്ററുകളോ ലഘുലേഖകളോ പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ വാദം സിമിക്കാര്‍പോലും അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല. എണ്‍പതുകളില്‍ പ്രത്യക്ഷപ്പെട്ട `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന പോസ്റ്റര്‍ പ്രകോപനവും സമുദായദ്വേഷവും സൃഷ്‌ടിച്ചു എന്നതിന്‌ തെളിവ്‌ കേരളം തന്നെയാണ്‌. `ഇസ്‌ലാമിന്‍െറ അന്ത്യം ഇന്ത്യയില്‍ത്തന്നെ' എന്ന പോസ്റ്ററിലൂടെയാണ്‌ മറുപക്ഷം അക്കാലത്ത്‌ അതിനെ നേരിട്ടത്‌. 1999-ല്‍ സിമിയുടെ ഔറംഗാബാദ്‌ സമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ്‌ അമീര്‍ ഷക്കീല്‍ അഹമദ്‌ പ്രസംഗിച്ചത്‌ `നമ്മുടെ രാഷ്‌ട്രം ഇന്ത്യയല്ല, ഇസ്‌ലാമാണ്‌' എന്നായിരുന്നു. 2001-ലെ മുംബൈ കണ്‍വെന്‍ഷനിലാവട്ടെ, സിമി, ജിഹാദിന്‌ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതൊന്നും പ്രകോപനപരമോ സമുദായസ്‌പര്‍ധയ്‌ക്ക്‌ വഴിവെക്കാവുന്നതോ അല്ലെന്ന്‌ അജിത്‌സാഹിക്ക്‌ മാത്രമേ പറയാനാവൂ.??സിമി നേതാക്കളെ ഉദ്ധരിച്ചുകൊണ്ട്‌ തെഹല്‍ക ലേഖകന്‍ സിമി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആരോപണങ്ങളോ കേസുകളോ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നെഴുതുന്നുണ്ട്‌. കേരളത്തില്‍ സിമിയെ ന്യായീകരിച്ച്‌ സംസാരിക്കുന്ന പലരും ഉന്നയിക്കാറുള്ള വാദമാണിത്‌. ഒരു സംഘടനയുടെ ആശയലോകത്തിലടങ്ങിയ മനുഷ്യത്വവിരുദ്ധതയും വര്‍ഗീയോന്മുഖതയും മറച്ചുവെച്ചുകൊണ്ട്‌, കേസുകള്‍ തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താല്‍ ആ സംഘടനയെ വെള്ളപൂശാന്‍ മിനക്കെടുന്നവര്‍ വിസ്‌മരിക്കുന്ന ഒരു വസ്‌തുതയുണ്ട്‌. മൂന്നുപ്രാവശ്യം നിരോധിക്കപ്പെട്ട ആര്‍.എസ്‌.എസ്സിനെതിരെ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങളൊന്നും ട്രിബ്യൂണല്‍ മുന്‍പാകെ നിലനിന്നില്ല എന്നതാണത്‌. അതിനര്‍ഥം ആര്‍.എസ്‌.എസ്‌. കളങ്കരഹിതമാണെന്നാണോ? ഗുജറാത്ത്‌ കലാപമടക്കം നിരവധി വര്‍ഗീയ ലഹളകളില്‍ ആളുകളെ കശാപ്പ്‌ ചെയ്‌ത പലരും ഇവിടെ ശിക്ഷിക്കപ്പെടാതെ പോയിട്ടുണ്ട്‌. പല പ്രതികളെയും കോടതികള്‍ വെറുതെവിട്ടിട്ടുണ്ട്‌. അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടില്ല എന്ന്‌ അതിനര്‍ഥമുണ്ടോ? അവരുടെ കുറ്റം കോടതി മുന്‍പാകെ തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ കഴിഞ്ഞിട്ടില്ല എന്നു മാത്രമേയുള്ളൂ. ഇവിടെ മനസ്സിലാക്കേണ്ട കാര്യം നമ്മുടെ കോടതികള്‍ സ്വഭാവപരമായി നീതിക്കോടതികള്‍ (Courts of Justice) എന്നതിലേറെ തെളിവു കോടതികള്‍ (Courts of Evidence) ആണെന്നതാണ്‌.

No comments:

Followers