സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Tuesday, August 2, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സമ്പത്ത്‌ എന്തുചെയ്യും?


കെ.എം. റോയ്‌

തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ പതിനായിരക്കണക്കിനു കോടി രൂപ വിലവരുന്ന സമ്പദ്‌ശേഖരം എന്തുചെയ്യണമെന്നതാണ്‌ ഇന്നു രാജ്യത്താകെയുള്ള പ്രധാന ചര്‍ച്ചാവിഷയം. പണ്ഡിതന്മാരും സാമ്പത്തികവിദഗ്‌ധരും ഹൈന്ദവ നേതാക്കളും രാഷ്‌ട്രീയ നേതാക്കളും ദേശീയ മാധ്യമങ്ങളുമെല്ലാം ആ സമ്പത്തിന്റെ സംരക്ഷണത്തേപ്പറ്റിയും വിനിയോഗത്തേപ്പറ്റിയും വ്യത്യസ്‌തമായ അഭിപ്രായപ്രകടനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഈ സമ്പദ്‌ശേഖരത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ അതു സംരക്ഷിച്ചുനിര്‍ത്തുന്നതിന്റെ വമ്പിച്ച സാമ്പത്തികബാധ്യതയും സുരക്ഷാ ബാധ്യതയും ഏറ്റെടുക്കാന്‍ ഇപ്പോള്‍ത്തന്നെ 78,000 ല്‍പരം കോടി രൂപയുടെ കടബാധ്യതയുള്ള കേരള സംസ്‌ഥാന സര്‍ക്കാരിനു കഴിയുമോ എന്നതാണ്‌ ആദ്യത്തെ പ്രശ്‌നം. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തെ ഈ സമ്പത്തിന്റെ ഉടമാവകാശം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ ചെലവുവരുന്ന അതിന്റെ സംരക്ഷണച്ചുമതല നിര്‍വഹിക്കാന്‍ രാജകുടുംബത്തിനു സാധിക്കുമോ എന്നതു മറ്റൊരു ഗുരുതര പ്രശ്‌നം.

കടല്‍ത്തീരത്തിന്റെ സമീപത്തു സ്‌ഥിതിചെയ്യുന്നതാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അതുകൊണ്ടുതന്നെ കരവഴിയും കടല്‍വഴിയുമുള്ള ഭീഷണി സദാ ഉയര്‍ന്നുനില്‍ക്കും. ഇപ്പോഴത്തെ ഏകദേശ കണക്കനുസരിച്ചുതന്നെ ഏതാണ്ട്‌ ഒരുലക്ഷം കോടി രൂപ വില വരുന്നതാണ്‌ ഈ സുവര്‍ണ-വജ്രശേഖരം. എത്രവലിയ രക്ഷാസംവിധാനം ഏര്‍പ്പെടുത്തിയാലും തിരുവിതാംകൂര്‍ രാജാവിനെയോ എന്തിന്‌, സംസ്‌ഥാന മുഖ്യമന്ത്രിയെയോ ബന്ദികളാക്കിക്കൊണ്ട്‌ ഈ ക്ഷേത്രസമ്പത്തിന്റെ കാര്യത്തില്‍ വിലപേശാന്‍ കഴിവുള്ള ഭീകരസംഘങ്ങളും പ്രസ്‌ഥാനങ്ങളുമാണ്‌ ഇന്നു ലോകത്തിലുള്ളത്‌. എല്ലാ ആധുനിക സംരക്ഷണ സംവിധാനമേര്‍പ്പെടുത്തിയിട്ടും കപ്പലുകള്‍ വരെ റാഞ്ചിക്കൊണ്ടുപോയി വിലപേശല്‍ നടത്തുന്ന കടല്‍ക്കൊള്ള സംഘങ്ങളും പാര്‍ലമെന്റ്‌ മന്ദിരം വരെ ആക്രമിക്കുന്ന ഭീകരസംഘങ്ങളും പ്രവര്‍ത്തിക്കുന്നത്‌ നാം ഇന്നു കാണുന്നുണ്ട്‌. ചാവേര്‍ ഭടന്മാരാകാന്‍ മടിയില്ലാത്ത നൂറുകണക്കിനു മനുഷ്യരുള്ള ഇന്നത്തെ ലോകത്തില്‍ അതൊക്കെ സംഭവിക്കുകയെന്നതു വലിയ കാര്യമൊന്നുമല്ല. ആ നിലയില്‍ ഏതു പട്ടാളത്തിനും പോലീസിനും സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയാത്ത സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൂടായ്‌കയില്ല. ഈ പശ്‌ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിനു വളരെ ബൃഹത്തായ പരിപാടികള്‍തന്നെ ആവിഷ്‌കരിക്കാന്‍ ഒടുവില്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാകും. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ സമ്പദ്‌ശേഖരത്തില്‍ ഗണ്യമായ ഭാഗം സ്വര്‍ണക്കട്ടികളും മറ്റുമാണ്‌. സ്വര്‍ണക്കട്ടികള്‍ക്കു ചരിത്രപരമായ പ്രാധാന്യമില്ല. അതുപോലെ, ചരിത്രപ്രാധാന്യമുള്ള മറ്റു സാമഗ്രികളും ഉണ്ട്‌. അത്തരം വസ്‌തുക്കള്‍ അവിടെനിന്നു കൂടുതല്‍ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്കു മാറ്റി സംരക്ഷിച്ചു നിര്‍ത്തേണ്ടതായിവരും. അല്ലെങ്കില്‍ ആ സമ്പത്ത്‌ ജനക്ഷേമപരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ കഴിയുമോ എന്നും സുചിന്തിതമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ടതായിവരും.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇത്രയും വലിയ നിധിശേഖരം എങ്ങനെയാണ്‌ എത്തിച്ചേര്‍ന്നത്‌? അതിനു ചരിത്രകാരന്മാര്‍ ഏറെ കാരണങ്ങള്‍ പറയുന്നുണ്ട്‌. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വേണാട്‌ എന്ന ചെറിയ നാട്ടുരാജ്യത്തിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. വേണാടില്‍നിന്നു കയറ്റി അയച്ചിരുന്ന ചുക്ക്‌, കുരുമുളക്‌ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ക്കു വിലയായി കിട്ടിയ സ്വര്‍ണവും സ്വര്‍ണനാണയങ്ങളും സൂക്ഷിക്കാന്‍ കണ്ടെത്തിയ സുരക്ഷിതമായ ഇടം ഈ നിലവറകളായിരുന്നു. അത്‌ ഈ വലിയ ശേഖരത്തിന്റെ നിസാരഭാഗമേ ആകുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഒരുലക്ഷത്തോളം കോടി രൂപ വിലമതിക്കുന്ന സമ്പത്തിന്റെ ഗണ്യമായ ഭാഗവും വേണാടിലേയും പിന്നീടു രൂപമെടുത്ത തിരുവിതാംകൂര്‍ രാജ്യത്തേയും രാജാക്കന്മാര്‍ അതിന്റെ പ്രാന്തപ്രദേശങ്ങളിലെ കൊച്ചുകൊച്ചു രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വത്തുക്കളായിരുന്നു. മാര്‍ത്താണ്ഡവര്‍മ രാജാവിന്റെയും രാമയ്യര്‍ ദളവയുടെയും നേതൃത്വത്തില്‍ ആറ്റിങ്ങല്‍, ദേശിംഗനാട്‌, കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശേരി എന്നീ കൊച്ചു നാട്ടുരാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കൊണ്ടുവന്നതാണ്‌ ഈ സമ്പത്തിന്റെ ഗണ്യമായ ഭാഗവുമെന്നു ചരിത്രരേഖകള്‍ പറയുന്നു. അയല്‍ രാജ്യങ്ങളില്‍ നടത്തിയ ഈ ആക്രമണങ്ങള്‍ക്കിടയില്‍ അവിടത്തെ പട്ടാളക്കാരേയും ഒട്ടനവധി പ്രജകളേയും കൊലപ്പെടുത്തിയതിനുശേഷമാണ്‌ അന്നത്തെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ സ്വത്തു മുഴുവന്‍ കവര്‍ന്നെടുത്തത്‌. അതിന്റെ പാപഭാരത്തില്‍നിന്നു വിമുക്‌തി നേടുന്നതിനുവേണ്ടി രാജാക്കന്മാര്‍ ആ സ്വത്തു സമ്പത്തുക്കളുടെ ഗണ്യമായ ഭാഗവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

ഈ നാട്ടുരാജ്യങ്ങളില്‍ ചെമ്പകശേരി രാജ്യത്തിന്റെ ഭരണം ബ്രാഹ്‌മണരായ രാജാക്കന്മാരാണു നടത്തിയത്‌. തിരുവിതാംകൂറിന്റെ നെല്ലറയായ കുട്ടനാട്‌, തീരദേശപ്രദേശമായ പുറക്കാട്‌ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ചെമ്പകശേരി രാജ്യം. രാജാവിനേയും ഭടന്മാരേയും കൊലപ്പെടുത്തിയായിരുന്നു ആ രാജ്യം കീഴടക്കിയത്‌. ബ്രാഹ്‌മണഹത്യയെന്നതു കൊടുംപാതകമായിരുന്നതുകൊണ്ട്‌ അതിന്റെ പാപപരിഹാരമെന്ന നിലയില്‍, അവിടെനിന്നു കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വര്‍ണവും രത്നവുമടങ്ങിയ വമ്പിച്ച സമ്പത്തു മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണുണ്ടായത്‌.

അതുപോലെതന്നെ, മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്റെ ആക്രമണകാലത്ത്‌ വമ്പിച്ച സ്വത്തുക്കള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ലഭിക്കുകയുണ്ടായി. ടിപ്പുവിന്റെ പടയോട്ടവേളയില്‍ വടക്കന്‍ കേരളത്തില്‍നിന്നു സമ്പന്നമായ ഒട്ടനവധി നമ്പൂതിരി കുടുംബങ്ങളിലെ അംഗങ്ങള്‍ തെക്കോട്ടു പലായനം ചെയ്യുകയാണുണ്ടായത്‌. കൈയില്‍ എടുക്കാവുന്നത്ര സ്വര്‍ണവും രത്നങ്ങളുമായി ഓടി രക്ഷപ്പെട്ട ഈ നമ്പൂതിരിമാര്‍ക്കു തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മരാജാവാണ്‌ അഭയം നല്‍കിയത്‌. അവര്‍ കൊണ്ടുവന്ന സ്വര്‍ണസമ്പത്തത്രയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനാണു സമര്‍പ്പിച്ചത്‌. അതോടൊപ്പംതന്നെ ടിപ്പുവിന്റെ ആക്രമണം തിരുവിതാംകൂര്‍ രാജ്യത്തുമുണ്ടാകുമെന്ന ഭയത്താല്‍ രാജവംശത്തിന്റെ നല്ലൊരുഭാഗം സ്വര്‍ണസമ്പത്തും ക്ഷേത്രത്തിന്റെ നിലവറകളിലേക്കു മഹാരാജാവ്‌ മാറ്റുകയുണ്ടായിയത്രേ. പക്ഷേ, ടിപ്പു തന്റെ പടയോട്ടം നിര്‍ത്തിയതുകൊണ്ട്‌ തിരുവിതാംകൂറും മറ്റും അതിനു വിധേയമായില്ല.

അതുകൊണ്ടാണ്‌ കൊടുംപാപത്തിന്റേയും തീരാദുഃഖത്തിന്റേയും കറപുരണ്ടതാണ്‌ ഈ നിധിയുടെ അധികഭാഗവുമെന്ന വിമര്‍ശനമുണ്ടായിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ നിധിശേഖരത്തിന്റെ ഒരു ഭാഗം ജനക്ഷേമകരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കേണ്ടതു കാലോചിതമായിരിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഒന്നുകില്‍ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്ന, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ആകാശത്തിലൂടെ പോകുന്ന ഒരു സൂപ്പര്‍ ഹൈവേ നിര്‍മിക്കാം, അല്ലെങ്കില്‍ ഗുജറാത്തില്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതുപോലെ സൂര്യപ്രകാശം ഉപയോഗിച്ചുള്ള ഒരു വന്‍കിട വിദ്യുച്‌ഛക്‌തിനിലയം സ്‌ഥാപിക്കാം. എന്നുവച്ചാല്‍ ജനങ്ങള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ വിദ്യുച്‌ഛക്‌തി ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനം. അങ്ങനെ പലേ പലേ ജനക്ഷേമകരമായ പദ്ധതികള്‍ ഉണ്ടല്ലോ?

ഇതിനുവേണ്ടി വിനിയോഗിക്കേണ്ടിവന്നിരിക്കുന്നത്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വമ്പിച്ച സമ്പത്തിന്റെ ചെറിയൊരു ഭാഗം മാത്രമായിരിക്കും. ചരിത്രപ്രാധാന്യമുള്ളത്‌ ഒഴിച്ചുള്ള സ്വര്‍ണക്കട്ടികളുടെ ഒരു ഭാഗം വാസ്‌തവത്തില്‍ ഇതിനു ചെലവഴിച്ചുകളയേണ്ടിവരികയുമില്ല. കാരണം, അവ സര്‍ക്കാര്‍ ഉടമയിലുള്ള ധനകാര്യ സ്‌ഥാപനങ്ങളില്‍ പണയപ്പെടുത്തിത്തന്നെ ഇതിനുള്ള തുകയുണ്ടാക്കാവുന്നതേയുള്ളൂ. അത്തരം പദ്ധതികളില്‍നിന്നുള്ള വരുമാനംകൊണ്ട്‌ കാലക്രമത്തില്‍ ആ പണയബാധ്യത നിറവേറ്റുവാനും കഴിയും. അതോടൊപ്പംതന്നെ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ഹിന്ദുരാജാക്കന്മാരാണു തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്നതെന്ന ചരിത്ര യാഥാര്‍ഥ്യം കണക്കിലെടുത്ത്‌ സനാതനധര്‍മപഠനത്തിനു പ്രാധാന്യം നല്‍കുന്ന വിശ്വവിദ്യാപീഠം എന്ന ബൃഹത്തായ ഒരു അന്തര്‍ദേശീയ സര്‍വകലാശാല, മറ്റു ധര്‍മപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌ഥാപനങ്ങള്‍ തുടങ്ങുന്നതിനും ഈ സമ്പത്ത്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. അതിനെല്ലാം ഈ സമ്പത്തിന്റെ ഒരംശം മാത്രമേ വേണ്ടിവരൂ എന്നതു മറ്റൊരുകാര്യം.

ഈ കാര്യങ്ങളിലെല്ലാം അനാവശ്യ തര്‍ക്കങ്ങളും മറ്റുമുണ്ടാക്കി കാലവിളംബം വരുത്തുന്നത്‌ ഒടുവില്‍ പുരാവസ്‌തു സംരക്ഷണത്തിന്റേയും പൈതൃക സംരക്ഷണത്തിന്റേയുമെല്ലാം പേരില്‍ ഈ അമൂല്യ സമ്പത്ത്‌ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേ അവസാനം ചെന്നെത്തുകയുള്ളൂ. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ അധികാരങ്ങള്‍ നല്‍കുന്ന ഒട്ടേറെ നിയമങ്ങള്‍ രാജ്യത്തു നിലവിലുണ്ട്‌ എന്ന വസ്‌തുത തര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ വിസ്‌മരിക്കുകയും അരുത്‌.

No comments:

Followers