സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
Wednesday, January 27, 2010

മാറേണ്ടത് മനോഭാവം

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുന്നാക്ക സമുദായ വിദ്യാര്‍ഥികള്‍ക്ക് ഗവ. കോളേജുകളിലും സര്‍വകലാശാലാ വകുപ്പുകളിലും പ്രവേശനത്തിന് സംവരണം നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്, നിലവില്‍സംവരണാനുകൂല്യമനുഭവിക്കുന്ന ഒരു വിഭാഗത്തെയും പ്രതികൂലമായി ബാധിക്കുന്നതല്ല. കാരണം പുതുതായി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ അതിന് ആനുപാതികമായി സീറ്റ് വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണം മൂലം സാമുദായിക സംവരണക്കാരുടെ സീറ്റ് കുറയുന്ന പ്രശ്‌നമില്ല എന്നര്‍ഥം.
എന്നിട്ടും കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ ബന്ധപ്പെട്ട ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. പക്ഷേ, ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠും ജസ്റ്റിസ് എ.കെ.ബഷീറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കൗണ്‍സിലിന്റെ ഹര്‍ജി തള്ളുകയാണ് ചെയ്തത്. ജനവരി 13-ന് പുറപ്പെടുവിച്ച വിധിയില്‍ മുന്നാക്ക ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി സംവരണത്തെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസവും തൊഴിലും ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ സംവരണം ക്രമേണ കുറച്ചുകൊണ്ടുവരാനും മത്സരിച്ചു മുന്നേറുക എന്ന തത്ത്വം നടപ്പാക്കാനും സമയമായി എന്നതാണ് അവയിലൊന്ന്. ആറ് പതിറ്റാണ്ടോളമായി നിലനിന്നുവരുന്ന സംവരണംമൂലം സംസ്ഥാനത്ത് പിന്നാക്ക സമുദായക്കാരുടെ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു നീരീക്ഷണം.
സംവരണം സംബന്ധിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളോടുള്ള പ്രതികരണമാണോ എന്നറിയില്ല , 'പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ' സംസ്ഥാനസമിതി വക ഒരു പോസ്റ്റര്‍ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'സംവരണം വേണ്ട, ആളെണ്ണത്തിനൊത്ത പങ്ക് മതി' എന്നത്രെ പോസ്റ്ററിലെ തലവാചകം. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 2006-ല്‍ പുറത്തിറക്കിയ 'കേരള പഠനം' എന്ന പുസ്തകത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചു ചേര്‍ത്ത കണക്ക് പോസ്റ്ററില്‍ ഉദ്ധരിച്ചിരുന്നു.
സംസ്ഥാന ജനസംഖ്യയില്‍ 26.9 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ള പ്രാതിനിധ്യം 11.4 ശതമാനമാണെന്ന് പോസ്റ്റര്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാര്‍ ജോലിയില്‍ ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടത് മുസ്‌ലിംകള്‍ക്ക് ലഭിച്ചിട്ടില്ല എന്നും ആളെണ്ണത്തിനൊത്ത പങ്ക് കിട്ടേണ്ടതുണ്ട് എന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെടുന്നത്.
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സമുദായഭേദമെന്യേ എല്ലാ ജനവിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് ലഭിച്ചേ മതിയാവൂ എന്നത് ന്യായമാണ്. പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഹിന്ദുക്കള്‍ക്കിടയിലെ മറ്റു പിന്നാക്ക ജാതിക്കാര്‍ക്കും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം കിട്ടണം. അതുപോലെത്തന്നെ മുസ്‌ലിങ്ങള്‍ക്കും കിട്ടണം. പക്ഷേ, ആദ്യം പറഞ്ഞ വിഭാഗങ്ങളും മുസ്‌ലിങ്ങളും തമ്മിലുള്ള ഒരു വ്യത്യാസം ഇവിടെ കാണാതിരുന്നുകൂടാ. ജാതിവ്യവസ്ഥയുടെയും തജ്ജന്യമായ ക്രൂര വിവേചനങ്ങളുടെയും ഇരകളായിരുന്നു സമീപകാലംവരെ കേരളത്തില്‍ ആദ്യം പറഞ്ഞ വിഭാഗങ്ങള്‍. മുസ്‌ലിങ്ങള്‍ അങ്ങനെയായിരുന്നില്ല. ജാതിപ്പിശാചിന്റെ ദ്രോഹമേല്‍ക്കാതെ ക്രൈസ്തവരെപ്പോലെ വളരാന്‍ ഇവിടെ മുസ്‌ലിങ്ങള്‍ക്കും അവസരമുണ്ടായിരുന്നു.
ന്യൂനപക്ഷമായ ക്രൈസ്തവര്‍ വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട മുന്നാക്കക്കാരെപ്പോലും വെല്ലുംവിധം വളര്‍ന്നപ്പോള്‍ മറ്റൊരു ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ പിറകോട്ടുപോയി. അതിനുകാരണം അപര മതക്കാരോ അപര സമുദായക്കാരോ അതതു കാലത്ത് നാട് ഭരിച്ചവരോ ഒന്നുമല്ല. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം തേടേണ്ടത് ആ സമുദായത്തിനകത്തു തന്നെയാണ്. ആ സമുദായത്തെ നിയന്ത്രിച്ച യാഥാസ്ഥിതിക മനോഭാവങ്ങളിലാണ്.
പക്ഷേ, മറ്റു പല മുസ്‌ലിം സംഘടനകളെയുംപോലെ പോപ്പുലര്‍ ഫ്രണ്ടും അതുമാത്രം ചെയ്യുന്നില്ല. വിദ്യാഭ്യാസ,
ഉദ്യോഗ തലങ്ങളില്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പിന്‍സ്ഥിതിയുടെ ഉത്തരവാദിത്വം അപര സമുദായങ്ങളിലോ സര്‍ക്കാറിലോ കെട്ടിവെക്കാനാണ് അവരും ഉത്സാഹിക്കുന്നത്. ആ രീതി സമുദായവികാരം ഇളക്കാനും കത്തിക്കാനും ഉതകും. പക്ഷേ, പിന്നാക്കാവസ്ഥയുടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താനോ പരിഹാര നടപടികള്‍ സ്വീകരിക്കാനോ സഹായിക്കില്ല.
ജനസംഖ്യയുടെ 26.9 ശതമാനം വരുന്ന മുസ്‌ലിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 11.4 ശതമാനംമാത്രം പ്രാതിനിധ്യം ലഭിക്കുന്ന ദുരവസ്ഥ എങ്ങനെ വന്നുപെട്ടു? ഉദ്യോഗത്തിന് നിശ്ചിത വിദ്യാഭ്യാസം വേണം. അതുവേണ്ടെന്നുവെച്ചത് മുസ്‌ലിങ്ങള്‍തന്നെയാണ്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിതൊട്ട് സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തുവെച്ച കേരളത്തില്‍ ഹൈന്ദവമേല്‍ജാതിക്കാരുംക്രൈസ്തവരും പുതിയവിദ്യാഭ്യാസം സ്വീകരിച്ചപ്പോള്‍മുസ്‌ലിങ്ങള്‍ അത് ബഹിഷ്‌കരിച്ചു.
തങ്ങള്‍ക്ക് മതവിദ്യാഭ്യാസം മതിയെന്ന് അവര്‍ തീരുമാനിച്ചു. മലബാര്‍ കളക്ടറായിരുന്ന വില്യംലോഗന്‍ 1887ല്‍ എഴുതിയത് ശ്രദ്ധിക്കാം: '' ഒരു സമുദായം എന്ന നിലയില്‍ അവര്‍ (മുസ്‌ലിങ്ങള്‍).... മിക്കവാറും എല്ലാവരുംതന്നെ നിരക്ഷരരാണ്. അവര്‍ക്ക് കിട്ടുന്ന ഒരേയൊരു വിദ്യാഭ്യാസം അറബിഭാഷയിലുള്ള ഖുറാന്‍ ഗ്രന്ഥത്തിലെ ചില വചനങ്ങള്‍ മാത്രമാണ്... ഹിന്ദുക്കളുടെ പള്ളിക്കൂടങ്ങളില്‍ച്ചെന്ന് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതിനെ മുസ്‌ലിം രക്ഷിതാക്കള്‍ അനുവദിക്കുകയില്ല'' (വില്യംലോഗന്‍, മലബാര്‍ മാന്വല്‍, പരി. വി.ടി.കൃഷ്ണന്‍, പു. 212).
ആധുനിക വിദ്യാഭ്യാസത്തോടുള്ള ഈ അനാഭിമുഖ്യം വലിയ മാറ്റമൊന്നുമില്ലാതെ 1970-കള്‍വരെ തുടര്‍ന്നു. സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കാനും വിദ്യാഭ്യാസകാര്യത്തില്‍ ശ്രദ്ധിക്കാനും ഇടയ്ക്ക് ചില മുസ്‌ലിം കൂട്ടായ്മകള്‍ മുന്നോട്ടുവന്നുവെന്നത് ശരിയാണ്. പക്ഷേ, അപ്പോഴും സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ നിഷേധാത്മകമായ നിലപാടാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടത്. സമുദായത്തിന്റെ പാതിവരുന്ന സ്ത്രീകള്‍ പ്രൈമറി തലത്തിനപ്പുറം പോകുന്നത് നിരുത്സാഹപ്പെടുത്തപ്പെട്ടു. ഉദ്യോഗങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പരിശോധിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട ഒരു ഘടകമാണിത്.
വിദ്യാഭ്യാസത്തില്‍ പെണ്‍പങ്കാളിത്തം കുറവാകുമ്പോള്‍, സ്വാഭാവികമായി ഉദ്യോഗത്തിലും പെണ്‍പങ്കാളിത്തം കുറവായിരിക്കും. വിദ്യാഭ്യാസത്തില്‍ ആണ്‍-പെണ്‍ പങ്കാളിത്തം ഉറപ്പുവരുത്തിയ സുദായങ്ങളോടൊപ്പം ഉദ്യോഗതലത്തില്‍ മുസ്‌ലിങ്ങള്‍ എത്തിയിട്ടില്ലെങ്കില്‍ അതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം സമുദായത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തവര്‍ സ്ത്രീ വിദ്യാഭ്യാസത്തില്‍ കാണിച്ച അക്ഷന്തവ്യമായ അലംഭാവമാണ്.
ഈ അലംഭാവം പല രംഗങ്ങളിലും ഇപ്പോഴും തുടരുന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പല സമുദായങ്ങളിലെയും സ്ത്രീകള്‍ തൊഴില്‍ സമ്പാദനത്തിന് ധാരാളമായി ആശ്രയിക്കുന്ന മേഖലയാണ് നഴ്‌സിങ്. സ്വദേശത്തും വിദേശത്തും ഏറെ ജോലിസാധ്യതയുള്ള മേഖലകൂടിയാണിത്. പക്ഷേ, മുസ്‌ലിം സമുദായത്തിലെ സ്ത്രീകള്‍ ഈ തൊഴില്‍തുറയില്‍നിന്ന് സമീപകാലംവരെ മാറ്റി നിര്‍ത്തപ്പെട്ടു. ഇപ്പോഴും അവര്‍ക്കിടയില്‍ നഴ്‌സിങ്ങിനോടുള്ള 'അലര്‍ജി' തുടരുന്നു.
കായിക, കലാരംഗങ്ങളിലേക്ക് കടക്കുമ്പോള്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. സംസ്ഥാനത്തെ മുസ്‌ലിം സമുദായത്തില്‍നിന്ന് ഒരു പി.ടി.ഉഷയോ ഷൈനി വില്‍സണോ അഞ്ജുബോബി ജോര്‍ജോ ചിത്രസോമനോ ടിന്റുലൂക്കയോ കെ.എസ്.ചിത്രയോ റിമിടോമിയോ ഒന്നും ഇന്നേവരെ ഉയര്‍ന്നുവന്നിട്ടില്ല. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഓടാനും ചാടാനും പാടാനും കഴിയാഞ്ഞിട്ടല്ല. അന്യസമുദായക്കാരോ സര്‍ക്കാറോ തടഞ്ഞിട്ടുമില്ല. മുസ്‌ലിം മനോഭാവ രൂപവത്കരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് ഇപ്പോഴും പഴഞ്ചന്‍ മതനേതൃത്വമാണ് എന്നതാണ് കാരണം. അങ്ങ് ഹൈദരാബാദില്‍ ഒരു സാനിയ മിര്‍സ ടെന്നീസ് കോര്‍ട്ടില്‍ അത്ഭുതം കാട്ടിയപ്പോള്‍ ആ കായികതാരമണിഞ്ഞ ഉടുപ്പിലെ 'മതവിരുദ്ധത' ചൂണ്ടിക്കാട്ടുന്നതിലായിരുന്നു അത്തരക്കാര്‍ക്ക് താത്പര്യം.
സര്‍ക്കാര്‍ ജോലികളില്‍ മുസ്‌ലിം സമുദായത്തിന് 'ആളെണ്ണത്തിനൊത്ത പങ്ക്' ആവശ്യപ്പെടുന്നവര്‍ ആളെണ്ണത്തേക്കാള്‍ കവിഞ്ഞ പങ്ക് നേടിയെടുത്ത ക്രൈസ്തവ സമുദായത്തിന്റെ മാതൃകയാണ് സ്വീകരിക്കേണ്ടത്. വിദ്യാഭ്യാസ, തൊഴില്‍ സംബന്ധ മേഖലകളിലൊന്നും അവര്‍ മതാന്ധതയേ്ക്കാ യാഥാസ്ഥിതികത്വത്തിനോ കീഴ്‌പ്പെട്ടില്ല. കാലത്തിനൊത്ത് ഉയരാനും കാലത്തോടൊപ്പം മാറാനുമുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവുമാണ് ക്രൈസ്തവരെ മുന്‍നിരയിലെത്തിച്ചത്. സമുദായവികാരോദ്ദീപനമാര്‍ഗം വെടിഞ്ഞ് മനോഭാവ പരിവര്‍ത്തനത്തിന് സ്വയം വിധേയരായാല്‍ മുസ്‌ലിങ്ങള്‍ക്കും നേടാവുന്നതേയുള്ളൂ ആ പദവിയും ഉയരവും.

Followers