സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ





Wednesday, June 17, 2009

ആത്മപരിശോധനകളില്‍ തെളിയേണ്ടത്‌



കാഴ്‌ചയ്‌ക്കപ്പുറം
ടി.വി.ആര്‍. ഷേണായ്‌

ബി.ജെ.പി.യും സി.പി.എമ്മും അവരുടെ അച്ചടക്കത്തിനും അഴിമതിരാഹിത്യത്തിനും പേരെടുത്ത ഒരു കാലം എനിക്ക്‌ ഓര്‍മയുണ്ട്‌. എന്നാല്‍, ഇന്നിത്‌ പേരിനെങ്കിലും ആവര്‍ത്തിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?

പൊതുജനങ്ങളില്‍നിന്നു വോട്ട്‌ സമാഹരിക്കുന്നതില്‍ നേരിട്ട പരാജയത്തെ കേഡര്‍ പാര്‍ട്ടികള്‍ എങ്ങനെയാവും കൈകാര്യം ചെയ്യുക? തങ്ങള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന്‌ വ്യക്തമാക്കിക്കൊണ്ടാവണം ബി.ജെ.പി.യും സി.പി.എമ്മും ഈയൊരു വിലയിരുത്തല്‍ നടത്താന്‍.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയാവാം ആദ്യ പടി. കോണ്‍ഗ്രസ്സിനെ നോക്കൂ. ലാറ്റിന്‍ വഴി ഫ്രഞ്ചില്‍നിന്നു ലഭിച്ച വാക്കാണ്‌ 'ഒത്തുചേരല്‍' എന്ന്‌ അര്‍ഥംവരുന്ന കോണ്‍ഗ്രസ്‌ എന്ന പേര്‌. ഈയൊരു വാക്യാര്‍ഥത്തില്‍ ത്തന്നെയാണ്‌ അമേരിക്കയില്‍ അത്‌ ഉപയോഗിച്ചുവരുന്നത്‌. സെനറ്റും ജനപ്രതിനിധിസഭയും ചേരുന്ന ഒരു പൊതുവേദിയാണ്‌ അവിടെ കോണ്‍ഗ്രസ്‌.

പാരമ്പര്യവാദികളും പുരോഗമനവാദികളും ഒരുപോലെ ഒത്തുചേരുന്ന ഈ വേദിക്ക്‌, പക്ഷേ, അതിന്‍േറതായ ഒരു തത്ത്വശാസ്‌ത്രമോ രാഷ്ട്രീയ കാഴ്‌ചപ്പാടോ ഇല്ല. ഒട്ടും വ്യത്യസ്‌തമല്ല, ഇതേ പേരു വഹിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥിതിയും.

1930-
ല്‍ കോണ്‍ഗ്രസ്സില്‍ സജീവമായിരുന്നത്‌ സോഷ്യലിസ്റ്റുകളോട്‌ സര്‍ദാര്‍ പട്ടേലിന്റെ എതിര്‍പ്പായിരുന്നു. 1955-ലെ ആവഡി സമ്മേളനത്തില്‍ പാര്‍ട്ടിയുടെ അടിസ്ഥാനപ്രമാണമായി സോഷ്യലിസത്തെ അംഗീകരിപ്പിച്ചെടുക്കാന്‍ പണ്ഡിറ്റ്‌ നെ'ുവിനു കഴിഞ്ഞു. എന്നാല്‍, 1991-ല്‍ ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയുമെല്ലാം സമ്മര്‍ദഫലമായി നരസിംഹറാവു സ്വതന്ത്രവിപണിയെ പുല്‍കുകയാണുണ്ടായത്‌. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഒരിക്കലും ഇത്തരം നയവ്യതിയാനങ്ങളെ തത്ത്വാധിഷ്‌ഠിത കസര്‍ത്തുകള്‍കൊണ്ട്‌ ന്യായീകരിക്കേണ്ടിവരാറില്ല. മറിച്ച്‌, പാര്‍ട്ടിയിലെ ഒരോ അംഗത്തിനും അതിന്റെ വീതം ലഭിച്ചെന്ന്‌ ഉറപ്പാക്കണമെന്നു മാത്രം.

('
ആം ആദ്‌മി'യെക്കുറിച്ചുള്ള സംസാരങ്ങളൊന്നും ഒരാദര്‍ശത്തെ രൂപപ്പെടുത്തുന്നില്ല. സാധാരണക്കാരന്‍ എന്ന സങ്കല്‌പത്തിനു നിലകൊള്ളുന്നവരാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടി, ഏകകക്ഷി ഭരണം നിലനി'ുന്ന ചൈനയിലോ ഉത്തര കൊറിയയിലോ പോലും ഉണ്ടാകുമോ?)

എന്നാല്‍, കേന്ദ്രീകൃതമായ ഒരു ആദര്‍ശത്താല്‍ നയിക്കപ്പെടുന്നുവെന്ന മിഥ്യാബോധം വെച്ചുപുലര്‍ത്തി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടികളെ ഈയൊരു കാഴ്‌ചപ്പാടിലൂടെ വിലയിരുത്താനാകില്ല. സി.പി.എമ്മിലാണെങ്കില്‍ മാര്‍ക്‌സിസത്തെയും ലെനിനിസത്തെയും വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. ഈ തത്ത്വങ്ങള്‍, അവയോട്‌ പലപ്പോഴും അനുഭാവം പ്രകടിപ്പിക്കാത്തവരും ചിലപ്പോഴെങ്കിലും വിയോജിക്കുന്നവരുമായ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്‌ സി.പി.എമ്മിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ഇതുതന്നെയാണോ ബി.ജെ.പി. നേരിടുന്ന പ്രശ്‌നവും? ഇന്ത്യയിലെയും വിദേശത്തെയും ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ ഒരുപോലെ ബി.ജെ.പി.യെ വലതുപക്ഷ, ഹിന്ദു ദേശീയ പാര്‍ട്ടിയായാണ്‌ വിശേഷിപ്പിച്ചുവരുന്നത്‌. എന്നാല്‍, യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ നമുക്കുണ്ടാകുന്ന സന്ദേഹമിതാണ്‌: യഥാര്‍ഥത്തില്‍ ബി.ജെ.പി.യില്‍ എന്തെങ്കിലും തരത്തിലുള്ള വലതുപക്ഷ തത്ത്വശാസ്‌ത്രമോ ഹിന്ദുദേശീയതയോ നിലനി'ുന്നുണ്ടോ?

കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും സാമ്പത്തിക നയങ്ങളെ ചേര്‍ത്തുവെച്ചു നോക്കുക. ആയിരം പേരില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത്‌ പേരും ഇവയെ വേര്‍തിരിച്ചറിയാന്‍ വിഷമിക്കും. യാഥാസ്ഥിതിക സാമ്പത്തികനയങ്ങള്‍ പിന്തുടരുന്ന ഒരു കറകളഞ്ഞ വലതുപക്ഷ പാര്‍ട്ടി, വായ്‌പ എഴുതിത്തള്ളുന്നതിനെയും തൊഴിലുറപ്പു പദ്ധതിയെയുമെല്ലാം എതിര്‍ക്കുമെന്നാണ്‌ നമ്മള്‍ കരുതുക. എന്നാല്‍ ഇത്തരം ജനപ്രിയപദ്ധതികള്‍ക്കെതിരെ ബി.ജെ.പി. ശബ്ദമുയര്‍ത്തുന്നത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ?

സോവിയറ്റ്‌ സ്വാധീനത്തില്‍ വശംവദനായ ജവാഹര്‍ലാല്‍ നെ'ു ഇന്ത്യയ്‌ക്കുമേല്‍ അടിച്ചേല്‌പിച്ച പ്ലാനിങ്‌ കമ്മീഷന്‍ എന്ന സ്റ്റാലിനിസ്റ്റ്‌ ഭീകരതയെ അനുകൂലിക്കാന്‍ ഒരു വലതുപക്ഷ പാര്‍ട്ടിക്ക്‌ ഒരിക്കലും കഴിയില്ല. എന്നാല്‍, ബി.ജെ.പി. എപ്പോഴെങ്കിലും ഈ സംവിധാനത്തെ കുഴിച്ചുമൂടുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തിട്ടുണ്ടോ?

അധികാരത്തിലിരുന്നപ്പോള്‍ ലൈസന്‍സ്‌-പെര്‍മിറ്റ്‌-ക്വാട്ടാ രാജിന്‌ അറുതിവരുത്താന്‍ ബി.ജെ.പി. എന്തെങ്കിലും ചെയേ്‌താ? സാധാരണ പൗരന്മാരെ കുഴക്കുന്ന ഫോമുകളുടെയും നിയമങ്ങളുടെയും നൂലാമാലകളെക്കുറിച്ചാണ്‌, അല്ലാതെ വന്‍കിട വ്യവസായങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്‌. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ എന്തു ചെയേ്‌താ അതോ അല്ലെങ്കില്‍ അതിലും കുറച്ചോ മാത്രമേ ബി.ജെ.പി.യും ചെയ്‌തിട്ടുള്ളൂ. അല്ലെങ്കില്‍ ഇതാണ്‌ ജനങ്ങള്‍ക്കിടയില്‍ നിലനി'ുന്ന പൊതുധാരണ.

ഇനി ഒരുപക്ഷേ, വലതുപക്ഷമല്ലെങ്കില്‍ ഇപ്പോള്‍ എന്തു ഹിന്ദുദേശീയതയാണ്‌ ബി.ജെ.പി.യിലുള്ളത്‌. അയോധ്യാപ്രശ്‌നമായിരുന്നു എന്നും ബി.ജെ.പി.യുടെ മുഖമുദ്ര. എന്നാല്‍, അവിടെ ക്ഷേത്രനിര്‍മാണത്തിനുവേണ്ടി ബി.ജെ.പി. എന്താണ്‌ ചെയ്‌തിട്ടുള്ളത്‌? ഈയൊരു വിഷയത്തെ മാറ്റിനിര്‍ത്തിയാല്‍ ബി.ജെ.പി.യുടെ നയപരിപാടികളില്‍ ഹിന്ദുഅംശം എന്താണ്‌ ബാക്കിയുള്ളത്‌?

നമുക്ക്‌ ക്ഷേത്രനിര്‍മാണവുമായി യാതൊരു ബന്ധവുമില്ലാത്ത, പുരാതന ഭാരതീയ സംസ്‌കൃതിയില്‍ അധിഷ്‌ഠിതമായ എത്ര പദ്ധതികള്‍ വേണമെങ്കിലും കണ്ടെത്താന്‍ കഴിയും. കാളിദാസനും കൗടില്യനുമെല്ലാം നിര്‍ദേശിച്ച നികുതിസമ്പ്രദായം ഒരുദാഹരണമായെടുക്കാം. കൗടില്യന്‍ നിര്‍ദേശിച്ച ഭൂനികുതി വര്‍ത്തമാനകാലത്തെ 16.67 ശതമാനം മുതല്‍ 25 ശതമാനം വരെയുള്ള നിരക്കിന്‌ തുല്യമായി വരും. സ്റ്റാലിനിസ്റ്റ്‌ നയങ്ങളെ തള്ളിപ്പറഞ്ഞ നെ'ുവിയന്‍ സാമ്പത്തികവിദഗ്‌ധര്‍ ഇത്തരമൊരു 'ഹിന്ദു വളര്‍ച്ചനിരക്കി'നെക്കുറിച്ച്‌ വാചാലരാകാറുണ്ട്‌. എന്നാല്‍, എന്തുകൊണ്ട്‌ ബി.ജെ.പി. നികുതിയുടെ കാര്യത്തില്‍ ഇത്തരമൊരു ഹിന്ദു നിരക്കിനുവേണ്ടി വാദിക്കുന്നില്ല.

''
ദൈവമേ, അങ്ങ്‌ സസ്യങ്ങളിലും ജലത്തിലും ആനന്ദം കണ്ടെത്തിക്കൊള്ളുക'' എന്ന്‌ അര്‍ഥം വരുന്ന ഒരു വരിയുണ്ട്‌ ഋഗ്വേദത്തില്‍. ഇത്തരം വരികളുടെ അടിസ്ഥാനത്തില്‍ ഒരു പരിസ്ഥിതിസൗഹാര്‍ദ വികസനനയം തയ്യാറാക്കാന്‍ ഒരു വിഷമവുമില്ല. എന്നാല്‍, ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനെപ്പോലെ കൂറ്റന്‍ അണക്കെട്ടുകള്‍ പോലുള്ള വന്‍കിട പദ്ധതികളോടാണ്‌ താത്‌പര്യം. മതത്തിന്റെ മാത്രം പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്ന രാമസേതുപദ്ധതിയുടെ പാരിസ്ഥിതിക വശം ഇതുവരെ ആരെങ്കിലും ബി.ജെ.പി.യില്‍ ഉയര്‍ത്തിയിട്ടുണ്ടോ? (അല്ലെങ്കില്‍ ഈ പദ്ധതി ഒരു സാമ്പത്തിക ദുര്‍വ്യയമാണെന്ന കാര്യമെങ്കിലും ആരെങ്കിലും ചൂണ്ടിക്കാട്ടിയോ?)

പുരാതന പാരമ്പര്യത്തെ എങ്ങനെ ആധുനികകാലത്ത്‌ ഉപയുക്തമാക്കാമെന്നതിനെ സംബന്ധിച്ച രണ്ട്‌ ഉദാഹരണങ്ങള്‍ മാത്രമാണിത്‌. ഇതുപോലുള്ള മറ്റു നിരവധി ഉദാഹരണങ്ങള്‍ ഇനിയും കണ്ടേക്കാം. ഈ ഹിന്ദു പാരമ്പര്യത്തെ അടിസ്ഥാനമാക്കി നയരൂപവത്‌കരണം നടത്തുന്നില്ലെങ്കില്‍, അല്ലെങ്കില്‍ യഥാര്‍ഥ വലതുപക്ഷമാകുന്നില്ലെങ്കില്‍ എന്തിന്‌ കോണ്‍ഗ്രസ്സിനു പകരം ജനങ്ങള്‍ ബി.ജെ.പി.ക്ക്‌ വോട്ട്‌ ചെയ്യണം? ഇതുമാത്രമല്ല, രണ്ടു പൊതുതിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ അണികളെ സജീവമായി നിലനിര്‍ത്താനുള്ള എന്ത്‌ കര്‍മപരിപാടികളാണ്‌ ബി.ജെ.പി.ക്കുള്ളത്‌?

പിഴവുകളുടെ അവലോകനത്തെക്കുറിച്ചാണ്‌ ഇപ്പോള്‍ ബി.ജെ.പി.യും സി.പി.എമ്മും സംസാരിക്കുന്നത്‌. എന്നാല്‍, ആത്മപരിശോധന പാര്‍ട്ടി ആസ്ഥാനങ്ങളിലെ കേവലം കസേരകളിയില്‍ ഒതുങ്ങരുത്‌. പാര്‍ട്ടിയുടെ പ്രസിഡന്റ്‌സ്ഥാനവും ജനറല്‍ സെക്രട്ടറിസ്ഥാനവും ആര്‍ക്കൊക്കെ ലഭിക്കുന്നുവെന്നത്‌ പാര്‍ട്ടിക്കു പുറത്ത്‌ ആര്‍ക്കെങ്കിലും താത്‌പര്യമുള്ള വിഷയമാണോ?

ബി.ജെ.പി.യും സി.പി.എമ്മും അവരുടെ അച്ചടക്കത്തിനും അഴിമതിരാഹിത്യത്തിനും പേരെടുത്ത ഒരു കാലം എനിക്ക്‌ ഓര്‍മയുണ്ട്‌. (ലാവലിന്‍കാലത്ത്‌ ഇതൊരു തമാശയാണെന്ന കാര്യം എനിക്കറിയാത്തതല്ല.) പാര്‍ട്ടിയിലുള്ളവരെക്കാള്‍ ദേശീയ താത്‌പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‌കിയിരുന്ന പാര്‍ട്ടിയായിരുന്നു ബി.ജെ.പി.യും അതിന്റെ മുന്‍ഗാമിയായ ജനസംഘവും. അതുപോലെ എന്നും ആദര്‍ശത്തെ വ്യക്തികള്‍ക്കു മുകളില്‍ പ്രതിഷ്‌ഠിച്ചിരുന്ന പാര്‍ട്ടിയാണ്‌ സി.പി.എം. എന്നാല്‍, ഇന്നിത്‌ പേരിനെങ്കിലും ആവര്‍ത്തിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ?

തുറന്നുപറഞ്ഞാല്‍, ഇന്നുള്ളത്‌ കോണ്‍ഗ്രസ്സിന്റെ വളരെ ദുര്‍ബലമായ അനുകരണങ്ങള്‍ മാത്രമാണ്‌. അങ്ങനെവരുമ്പോള്‍ ഒറിജിനലിനെത്തന്നെ സ്വീകരിക്കുന്നതു തന്നെയാകും അഭികാമ്യം എന്ന്‌ ജനങ്ങള്‍ ചിന്തിച്ചെന്നുവരും.

Saturday, May 23, 2009

ശത്രു വേറെ വേണ്ട

വോട്ടെണ്ണിയശേഷം സി.പി.എം. ആസ്ഥാനത്തുനിന്നുണ്ടായത്‌ ചെകിടടപ്പിക്കുന്ന മൗനമാണ്‌. നേതാക്കളെയാരെയും മഷിയിട്ടുനോക്കിയിട്ടും കാണാനായില്ല. പ.ബംഗാള്‍ പാര്‍ട്ടിയാണ്‌ ഇങ്ങനെ മൗനം പാലിച്ചിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു, കാരണം പരാജയം അവര്‍ക്ക്‌ പുത്തരിയാണ്‌. മുപ്പത്തിരണ്ടുവര്‍ഷം അങ്ങനെയൊരു സംഭവം അവരുടെ ഡിക്ഷണറിയിലില്ലായിരുന്നു. ഇവിടെ അതാണോ സ്ഥിതി? അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ ജയപരാജയങ്ങള്‍ മുറതെറ്റാതെ വരുന്ന നാടാണിത്‌. വേനല്‍കഴിഞ്ഞ്‌ മഴയെന്നപോലെ ജയം കഴിഞ്ഞാല്‍ തോല്‍വി. തോറ്റാല്‍ പറയേണ്ട ഞൊണ്ടിന്യായങ്ങള്‍ മുന്നണിവക്താക്കള്‍ വോട്ടെണ്ണുംമുമ്പുതന്നെ തയ്യാറാക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയാണ്‌ പതിവ്‌. ഏതു പരാജയവും വോട്ടുകണക്കോ അതിന്റെ ശതമാനമോ നോക്കി വിജയമാണെന്നു വ്യാഖ്യാനിക്കാന്‍ കഴിയുന്ന വിദഗ്‌ധര്‍ക്ക്‌ ഒരു ക്ഷാമവുമില്ല. ഇത്തവണയെന്തെന്നറിയില്ല, ആയിരം നാവുള്ള അനന്തന്മാര്‍ക്കൊന്നും മിണ്ടാട്ടമുണ്ടായില്ല. ഇറങ്ങിപ്പോയ നാവുകള്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും പൂര്‍ണമായി പൂര്‍വസ്ഥിതി പ്രാപിച്ചിട്ടില്ല.

ഏറ്റവുമൊടുവില്‍ 2001 മെയിലാണ്‌ പാര്‍ട്ടി ഇന്നത്തെ നിലയോട്‌ തുലനപ്പെടുത്താവുന്നവിധം എട്ടുനിലയില്‍ പൊട്ടിയത്‌. നൂറ്‌ അസംബ്ലി സീറ്റില്‍ തോറ്റു. അന്നു പാര്‍ട്ടി ഇതുപോലെ മൗനവ്രതം അനുഷ്‌ഠിച്ചില്ല. മുഴുവന്‍ പിന്തിരിപ്പന്മാരും വര്‍ഗീയവാദികളും കൂട്ടായ്‌മയായി ഒന്നിച്ചുനി'ുകയും പുറത്തുനിന്നിരുന്ന ബി.ജെ.പി. കാട്ടാളന്മാര്‍ അവരുടെ വോട്ട്‌ മറിച്ചുകൊടുക്കുകയും ചെയ്‌തതിന്റെ ഫലമായാണ്‌ മുന്നണി പരാജയപ്പെട്ടതെന്ന്‌ സംസ്ഥാന നേതൃത്വം ധൈര്യമായി പറഞ്ഞു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ പിന്തിരിപ്പന്മാരും വര്‍ഗീയവാദികളുമായാല്‍ പാര്‍ട്ടിക്ക്‌ എന്തുചെയ്യാനാവും? ഒന്നേ ചെയ്യാനാവൂ; കൊള്ളാവുന്ന കുറെ വര്‍ഗീയവാദികളെയും പിന്തിരിപ്പന്മാരെയും പാര്‍ട്ടിക്കൊപ്പം ചേര്‍ക്കുക. താമസമുണ്ടായില്ല, അതിനുള്ള പണി തുടങ്ങി. പിന്നെ നടന്ന ഒരു പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും മറ്റേ പിന്തിരിപ്പന്മാരാണ്‌ എട്ടുനിലയില്‍ പൊട്ടിയത്‌. എല്‍.ഡി.എഫിന്‌ നൂറുനൂറ്റിപ്പത്ത്‌ സീറ്റില്‍ തകര്‍പ്പന്‍ ജയം.
പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ. ഇത്തവണയും പിന്തിരിപ്പന്മാരുടെ പട നമുക്കൊപ്പമുണ്ടായിരുന്നു. നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന മുന്തിയ ഒരിനം വര്‍ഗീയപിന്തിരിപ്പന്മാരാണ്‌ പി.ഡി.പി. അതിനെ വെള്ളപൂശി ഇടതുപക്ഷ പിന്തിരിപ്പന്മാരാക്കാന്‍ പാര്‍ട്ടി പെട്ട പാടെത്രയാണെന്ന്‌ പാര്‍ട്ടിക്കേ അറിയൂ. ഹിന്ദുത്വഫാസിസ്റ്റായിരുന്ന ഒരു പാവം പിള്ളയെ ഇടതുസാത്വികനാക്കി ഒപ്പം കൂട്ടാനും കുറേ കഷ്‌ടപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മത-ജാതി പിന്തിരിപ്പന്മാര്‍ക്ക്‌ മുഷിച്ചിലുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുത്തു. കാര്യം കാണാന്‍ കഴുതക്കൈയും മുത്താമെന്നത്‌ സാര്‍വത്രികാംഗീകാരമുള്ള ശാശ്വതസത്യമാണല്ലോ. അതിനൊത്താണ്‌ സ്ഥാനാര്‍ഥികള്‍ ചില നികൃഷ്‌ടജീവികളുടെ കൈമുത്തിയത്‌. പ്രയോജനമുണ്ടായില്ല.

ഇക്കാലംവരെയില്ലാത്ത ചില പ്രശ്‌നങ്ങള്‍ ഇത്തവണയുണ്ടായി. സാധാരണ തിരഞ്ഞെടുപ്പില്‍ മുന്നണി തോറ്റുകഴിഞ്ഞ ശേഷമേ സി.പി.ഐ. നാവനക്കാറുള്ളൂ. 2001-ല്‍ തോറ്റപ്പോള്‍ അവര്‍ വല്യേട്ടനെ ചെറുതായി കുറ്റപ്പെടുത്തുകയുണ്ടായി. മൈന്‍ഡ്‌ചെയ്യേണ്ട കാര്യമല്ല. തോറ്റാല്‍ ആരെയെങ്കിലുമൊന്നു കുറ്റം പറയാതിരിക്കാന്‍ പറ്റില്ല. സി.പി.ഐ.യുടെ കുറ്റം കൊണ്ടാവില്ലല്ലോ മുന്നണി തോ'ുക. അതിനുള്ള ശക്തി ദൈവം സഹായിച്ച്‌ പാര്‍ട്ടിക്കില്ല. ഇത്തവണ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ തുടങ്ങിയതാണ്‌ സി.പി.ഐ.യുടെ ചവിട്ടും കുത്തും. പ്രസക്തരും പ്രശസ്‌തരുമായ ചിലയിനം പിന്തിരിപ്പന്മാരെ പൊന്നാനിയില്‍ അക്കമഡേറ്റ്‌ ചെയ്യാന്‍ വല്യേട്ടന്‍ ശ്രമിച്ചപ്പോള്‍ എന്തൊക്കെ ബഹളമാണ്‌ ഉണ്ടാക്കിയത്‌. കോഴിക്കോട്‌ സീറ്റ്‌ പാര്‍ട്ടി വളരെ സ്‌നേഹപൂര്‍വം ജനതാദളില്‍നിന്ന്‌ ഏറ്റുവാങ്ങിയത്‌ വേറൊരു വിശിഷ്‌ടവ്യക്തിയെ മത്സരിപ്പിക്കാനാണ്‌. അഖിലേന്ത്യാ പ്രസിഡന്റിനേക്കാള്‍ യോഗ്യരായ ജില്ലാ പ്രസിഡന്റുമാരുള്ള സംഘടന മുസ്‌ലിംലീഗേ ഉള്ളൂ എന്നാണ്‌ ജനതാദളുകാര്‍ ധരിച്ചിരുന്നത്‌. അല്ല, ഡി.വൈ.എഫ്‌.ഐ.യിലും അത്തരം പ്രതിഭാശാലികളുണ്ട്‌. കോഴിക്കോട്ടുകാര്‍ക്കും അതു മനസ്സിലായിട്ടില്ലെന്നാണ്‌ വോട്ടെണ്ണിയപ്പോള്‍ മനസ്സിലായത്‌. കൊല്ലം സീറ്റ്‌ തിരിച്ചുകിട്ടണമെന്ന്‌ പറഞ്ഞ്‌ വിപ്ലവസോഷ്യലിസ്റ്റുകള്‍ അവിടെയും ഉണ്ടാക്കി കുറേ അലമ്പ്‌.

ആര്‍.എസ്‌.പി.ക്കാരും സി.പി.ഐ.ക്കാരും ജനതാദളുകാരെപ്പോലെ മറുകണ്ടം ചാടിയില്ലല്ലോ എന്ന്‌ ചിലര്‍ ആശ്വസിക്കുന്നുണ്ട്‌. ശരിയാണ്‌. ജനതാദളുകാര്‍ മുന്നില്‍നിന്നുതന്നെ കുത്തിയപ്പോള്‍ മറ്റേ രണ്ടു ഇടതുപിന്തിരിപ്പന്മാര്‍ ചുമലിലിരുന്നാണ്‌ പള്ളയ്‌ക്കു കുത്തിയത്‌. മൂന്നുപേരുടെയും കുത്ത്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി മാര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷേ, കുത്ത്‌ മൂന്നോ നാലോ ഒന്നുമല്ല, നിരവധിയാണ്‌. കണ്ണൂരിലെ ആര്‍ഷഭാരത-തൊഴിലാളിവര്‍ഗ ക്വട്ടേഷന്‍ സംഘങ്ങള്‍ എതിര്‍കക്ഷിക്കാരനെ കൊല്ലുമ്പോഴെന്ന പോലെ ചുരുങ്ങിയത്‌ ഇരുപത്തഞ്ചു കുത്തെങ്കിലും എണ്ണാം.

ഇതൊന്നുമല്ല, പാര്‍ട്ടിക്കകത്തുനിന്നുണ്ടായ കുത്താണ്‌ കക്ഷിയുടെ കഥ കഴിച്ചതെന്ന അഭിപ്രായമാണ്‌ വിദഗ്‌ധന്മാര്‍ക്കുള്ളത്‌. നിര്‍ണായകമായ കുത്ത്‌ എന്നു പറയാം. കോണ്‍ഗ്രസ്സുകാര്‍ പതിവായി ചെയ്യുന്നതാണെങ്കിലും സി.പി.എമ്മില്‍ അതു പതിവുള്ളതല്ല. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ വോട്ട്‌ മറുചേരിയിലേക്ക്‌ കുത്തിയൊഴുകി. സ്വയമൊഴുകിയതുമുണ്ട്‌, ഒഴുക്കിക്കൊടുത്തതുമുണ്ട്‌.

ഇതിനുമുമ്പത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്നശേഷം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ആന്റണി മാധ്യമസമ്മേളനം വിളിച്ചുചേര്‍ത്തത്‌ രാജി പ്രഖ്യാപിക്കാനാണ്‌. ഏതാണ്ട്‌ അതേ മട്ടില്‍ തോറ്റ വേറൊരു മുഖ്യമന്ത്രി മാധ്യമസമ്മേളനം വിളിച്ചത്‌ പൊട്ടിച്ചിരിക്കാനാണ്‌. ആഘോഷച്ചിരിയാണെന്നാണ്‌ പാര്‍ട്ടിപത്രം പറഞ്ഞത്‌. അവര്‍ക്കല്ലേ കാര്യമറിയൂ.

യു.ഡി.എഫ്‌. വിജയത്തിനു പിതാക്കന്മാരായി നൂറ്‌ എട്ടുകാലി മമ്മൂഞ്ഞുമാരെ കിട്ടും. ജനതാദളിനോടും സി.പി.എം. വിമതരോടുമെല്ലാം കോണ്‍ഗ്രസ്‌ നേതാക്കള്‍ നന്ദി പറയുന്നുമുണ്ട്‌. പക്ഷേ, ആയിരം ശത്രുക്കള്‍ക്ക്‌ പുറത്തുനിന്നു ചെയ്യാന്‍ കഴിയുന്നതിലേറെ സേവനം സി.പി.എമ്മിന്റെ തലപ്പത്തിരുന്നു ചെയ്‌തുതന്ന ആളോട്‌ അവര്‍ ഒരു നന്ദിവാക്കുപോലും പറയാത്തത്‌ മഹാപാപംതന്നെയാണ്‌. ഇടതുമുന്നണിക്ക്‌ ഒരു അപൂര്‍വതയുണ്ട്‌. മുന്നണിയിലെ ഘടകകക്ഷികളുടെയെല്ലാം മുഖ്യശത്രു മുന്നണിയെ നയിക്കുന്ന സി.പി.എം. ആണ്‌. സി.പി.ഐ.ക്കാര്‍ക്കും ആര്‍.എസ്‌.പി.ക്കാര്‍ക്കും ജനതാദളുകാര്‍ക്കും കോണ്‍ഗ്രസ്സിനോടോ ബി.ജെ.പി.യോടുപോലുമോ ഉള്ളതിലേറെ വിരോധം സി.പി.എമ്മിനോടാണ്‌. ലോകത്ത്‌ ഇങ്ങനെയൊരു മുന്നണി വേറെയില്ല. തിരഞ്ഞെടുപ്പുകാലത്തെങ്കിലും അവരെല്ലാം ശത്രുത മാറ്റിവെച്ച്‌ മുന്നണിക്ക്‌ വോട്ടുപിടിക്കാറാണ്‌ പതിവ്‌. ഇത്തവണ തിരഞ്ഞെടുപ്പുകാലത്തും അവരെ ശത്രുപക്ഷത്ത്‌ നിര്‍ത്താന്‍ സി.പി.എം. നേതൃത്വം ഏറെ പരിശ്രമിക്കേണ്ടിവന്നു. ഇതിനെല്ലാം പുറമേയാണ്‌ അസാധാരണമായ ദീര്‍ഘവീക്ഷണത്തോടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെയും ശത്രുക്കളാക്കിയത്‌.

സംസ്ഥാന സെക്രട്ടറി വിചാരിച്ചാല്‍ ചെയ്യാവുന്നതിന്‌ ഒരു പരിധിയുണ്ട്‌. പത്രസമ്മേളനങ്ങളിലേ അദ്ദേഹം സ്വതഃസിദ്ധമായ ശൈലി പുറത്തെടുക്കാറുള്ളൂ. ചാനല്‍ ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കാറില്ല, കിങ്കരന്മാരെ നിയോഗിക്കാറാണ്‌ പതിവ്‌. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന കിങ്കരര്‍. വമ്പിച്ച സേവനമാണ്‌ ജയരാജ, ഗോവിന്ദ കിങ്കരസംഘം ദൃശ്യമാധ്യമങ്ങളിലൂടെ നിര്‍വഹിച്ചത്‌. എന്തൊരു വിനയം, എന്തൊരു എളിമ. ധാര്‍ഷ്‌ട്യം ഏഴയലത്തുകൂടി പോകാത്ത വിനീതര്‍. യു.ഡി.എഫ്‌. ഒരു പ്രചാരണവും നടത്തിയില്ലെങ്കില്‍പ്പോലും ടി.വി. ചര്‍ച്ചകള്‍ കണ്ടവര്‍ ആര്‍ക്കു വോട്ട്‌ ചെയ്യരുത്‌ എന്ന്‌ മാസങ്ങള്‍ക്കു മുമ്പുതന്നെ തീരുമാനിച്ചിരുന്നു.

ഇത്രയും നല്ല നേതൃത്വം ഒരു പാര്‍ട്ടിക്കുണ്ടെങ്കില്‍ പിന്നെ ശത്രുക്കള്‍ വേറെ വേണമെന്നില്ല.

പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ അനുമതി കൂടാതെ മാധ്യമസമ്മേളനത്തില്‍ പൊട്ടിച്ചിരിച്ച മുഖ്യമന്ത്രിയുടെ നടപടി തികഞ്ഞ അച്ചടക്കലംഘനമാണ്‌. ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പരക്കെ തോറ്റതില്‍ അനുശോചനസൂചകമായി കറുത്ത ബാഡ്‌ജ ്‌ ധരിക്കുകയും മുഖം വീര്‍പ്പിച്ചിരിക്കുകയും ഇടയ്‌ക്കിടെ കണ്ണീര്‍ പൊഴിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്‌. തമിഴ്‌നാട്ടിലെ പാര്‍ട്ടിയാണ്‌ ഇങ്ങനെ തോറ്റിരുന്നുവെങ്കില്‍ അംഗങ്ങള്‍ കൂട്ടത്തോടെ മണ്ണെണ്ണ തലയിലൊഴിച്ച്‌ തീ കൊളുത്തുമായിരുന്നു. അതിനു പകരമാണ്‌ ഇവിടെ പൊട്ടിച്ചിരിക്കുന്നത്‌.

തീര്‍ച്ചയായും മുഖ്യമന്ത്രിയുടെ പക്ഷത്തുനിന്നുകൂടി ഇതിനെ നോക്കിക്കാണേണ്ടതുണ്ട്‌. വോട്ടെണ്ണലിനു മുമ്പു നടന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടിയായിരുന്നല്ലോ മുറവിളി. ഇരുപതില്‍ പത്തെങ്കിലും സീറ്റ്‌ ഇടതുമുന്നണിക്കായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വി.എസ്സിന്റെ അവസ്ഥ? ആ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ പത്രക്കാരോട്‌ പറയുക പുതിയ മുഖ്യമന്ത്രിയായിരുന്നേനെ. അതോര്‍മ വന്നാല്‍ ആരാണ്‌ ചിരിക്കാതിരിക്കുക? മുന്നണി തോറ്റു തുന്നംപാടിയിട്ടും ഒരാള്‍പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ലെന്നോര്‍ത്താല്‍ ഏതു മുഖ്യമന്ത്രിയാണ്‌ ചിരിക്കാതിരിക്കുക? മുന്നണി തോറ്റതുകൊണ്ടുമാത്രം സ്വന്തം തല രക്ഷപ്പെടുത്തിയ വേറെ ഏതു മുഖ്യമന്ത്രിയുണ്ട്‌ രാജ്യത്ത്‌? തീര്‍ന്നില്ല. തലയ്‌ക്ക്‌ മേടാനും ഹെഡ്‌മാഷ്‌ ചമയാനും ആഴ്‌ചതോറും വിമാനമിറങ്ങിവരാറുള്ള കാരാട്ടിന്റെ ഇപ്പോഴത്തെ നിലയോര്‍ത്താല്‍ ആരാണ്‌ ചിരിക്കാതിരിക്കുക? മുപ്പതുകൊല്ലമായി തോറ്റിട്ടില്ലെന്നതിന്റെ ബലത്തില്‍ കേരളപാര്‍ട്ടിയെ പുച്ഛിക്കുന്ന വംഗനാട്ടിലെ വങ്കന്മാരെക്കുറിച്ചോര്‍ത്താല്‍ എങ്ങനെ ചിരിക്കാതിരിക്കും? മൂലയില്‍ക്കിടന്ന മഴുവെടുത്ത്‌ കാലിലിട്ടെന്ന്‌ പറഞ്ഞതുപോലെ എവിടെയോ ഇരുന്ന പി.ഡി.പി.യെ മുന്നണിവേദിയിലേക്കാനയിച്ച്‌ ഉള്ള വോട്ടും നഷ്‌ടപ്പെടുത്തിയ അതിബുദ്ധിയെക്കുറിച്ചോര്‍ത്താല്‍ എങ്ങനെ ചിരിക്കാതിരിക്കും? മായാവതിയെയോ ജയലളിതയെയോ ചന്ദ്രബാബു നായിഡുവിനെയോ ലാലു-മുലായം-പവാര്‍-ഗൗഡ ആശാന്മാരെയാരെയെങ്കിലുമോ പ്രധാനമന്ത്രിയാക്കാന്‍ തലയ്‌ക്ക്‌ വെളിവുള്ള ആരെങ്കിലും വോട്ടുചെയ്യുമെന്ന്‌ ധരിച്ച ബുദ്ധിജീവികളെക്കുറിച്ചോര്‍ത്താല്‍ എങ്ങനെ പൊട്ടിച്ചിരിക്കാതിരിക്കും?

ചാനലുകാര്‍ കാണുമല്ലോ എന്നോര്‍ത്താവും നിലത്ത്‌ വീണുകിടന്ന്‌ ആര്‍ത്തുചിരിക്കാതിരുന്നത്‌. വി.എസ്സിനോട്‌ ക്ഷമിക്കുക.

Followers